പുതുമ നിറഞ്ഞ് കൊവിഡ്കാല മന്ത്രിസഭാ യോഗം
തിരുവനന്തപുരം: കൊവിഡ്കാലത്ത് മന്ത്രിസഭാ യോഗവും പുതുമ നിറഞ്ഞതായി. ചരിത്രത്തിലാധ്യമായിട്ടാണ് വിഡിയോ കോണ്‍ഫറന്‍സിലുടെ മന്ത്രിസഭായോഗം ചേര്‍ന്നത്. ഇന്നലെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ക്ളിഫ് ഹൗസില്‍ ഒരുക്കിയ വലിയ സ്ക്രീന്‍ ഓണ്‍ ചെയ്തു. മന്ത്രിമാര്‍ അവരവരുടെ വീടുകളിലിരുന്നും മന്ത്രി സുനില്‍ കുമാര്‍ തൃശൂര്‍ കലക്ടറേറ്റിലിരുന്നും തല്‍സമയം പങ്കെടുത്തു. മൈക്കിലും കാമറയിലുമായായിരുന്നു യോഗം.
കഴിഞ്ഞയാഴ്ചകളില്‍ കൊവിഡും ലോക്ക്ഡൗണും കടുത്തപ്പോഴും മന്ത്രിസഭാ യോഗം നോര്‍ത്ത് ബ്ളോക്കിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ പതിവ് കാബിനറ്റ് ഹാളില്‍ തന്നെയായിരുന്നു. ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരേണ്ടതിനാല്‍ പകുതി മന്ത്രിമാരെങ്കിലും പങ്കെടുത്തില്ലെങ്കില്‍ യോഗത്തിന് നിയമ സാധുതയുണ്ടാവില്ല.
തലസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പല മന്ത്രിമാര്‍ക്കും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല.
ക്വാറം തികയ്ക്കാന്‍ ഡിജിറ്റല്‍ ഹാജര്‍ കൂടി ഉള്‍പ്പെടുത്താമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം വച്ചത്.
മന്ത്രിമാര്‍ക്ക് ഓണ്‍ലൈനില്‍ പ്രത്യേക ലിങ്കും തയാറാക്കി നല്‍കിയിരുന്നു. കാബിനറ്റിന്റെ സെക്രട്ടറിയെന്ന നിലയില്‍ ചീഫ് സെക്രട്ടറിയാണു മന്ത്രിസഭയുടെ മിനിറ്റ്സ് തയാറാക്കിയത്.
വിഡിയോ കോണ്‍ഫറന്‍സിനുള്ള സംവിധാനമൊരുക്കിയത് ഐ.ടി വകുപ്പും. തലസ്ഥാനത്തിനുപുറത്ത്, മന്ത്രിസഭായോഗം മുമ്പ് ചേര്‍ന്നിട്ടുണ്ട്. പരവൂര്‍ പുറ്റിങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ യോഗം ചേര്‍ന്നത്.
എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആലുവ ഗസ്റ്റ്ഹൗസിലും മന്ത്രിസഭ യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."