HOME
DETAILS

വശ്വമാനവികതയുടെ പുനര്‍ജനി

  
backup
July 14 2018 | 21:07 PM

reberth-of-world-humanity

ഒടുവില്‍ മരണത്തിന്റെ ഗുഹാമുഖത്ത് പുനര്‍ജനിയുടെ വാതില്‍ തുറന്നു. കൂരിരുട്ടിന്റെ പതിനെട്ടു ദിനങ്ങള്‍ നീന്തിക്കടന്ന് അവര്‍ ജീവിതത്തിന്റെ തീരമണഞ്ഞു. അണമുറിയാത്ത പ്രാര്‍ഥനകള്‍, പ്രതീക്ഷ മായാത്ത മനസുകള്‍, കാത്തിരിപ്പിന്റെ ആയിരമായിരം കണ്ണുകള്‍... ലോകത്തിന് ഒരേ മനസായിരുന്നു, ആ പതിമൂന്നു ജീവനുകളുടെ തുടിപ്പറിയാന്‍. തായ്‌ലന്‍ഡിന്റെ പര്‍വതതുരങ്കങ്ങള്‍ വഞ്ചിക്കില്ലെന്നവര്‍ വിശ്വസിച്ചു. ലോകത്തെ മനുഷ്യമാലാഖമാര്‍ അതു സാധിച്ചെടുക്കുമെന്നവര്‍ പ്രത്യാശിച്ചു. എല്ലാത്തിനുമപ്പുറം ദൈവത്തിന്റെ കരങ്ങള്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്നവര്‍ ഉറക്കെ പറഞ്ഞു.

കണ്‍മണികളെ കാണാമറയത്തു നഷ്ടപ്പെട്ടുപോയ 12 അമ്മമാരുടെ വേദനകളും കണ്ണീരും തങ്ങളുടേതുകൂടിയാണെന്ന് ഏറ്റുപറഞ്ഞായിരുന്നു തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹാമുഖത്തേക്ക് ലോകം കണ്ണും നട്ടിരുന്നത്. പ്രതീക്ഷയുടെ ഇത്തിരിവെട്ടങ്ങളെ മഴവെള്ളപ്പാച്ചിലുകള്‍ കെടുത്തിക്കളയുമ്പോഴും പ്രാര്‍ഥന കൈവിടാതെ കാത്തിരുന്നു. പതിനെട്ടാംനാള്‍ ചിരിതൂകിയെത്തിയ പതിമൂന്നു നക്ഷത്രങ്ങളെ കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ ലോകം ഒരുപോലെ നെടുവീര്‍പ്പിടുകയായിരുന്നു.

യുദ്ധങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കുമിടയില്‍ മനുഷ്യത്വം വറ്റിപ്പോകുന്നുവെന്ന ആശങ്കയുടെ നടുവിലാണ് ഒരുകൂട്ടം മനുഷ്യമാലാഖമാരുടെ ചിറകടിയൊച്ചകള്‍ തായ്‌ലന്‍ഡില്‍ മുഴങ്ങിക്കേട്ടത്. വെള്ളവും ചെളിയും ഇരുട്ടും ഭേദിച്ചു പ്രാണന്റെ നൂല്‍പാലത്തിലൂടെ തുഴഞ്ഞെത്തി മരണമുഖത്ത് ജീവന്‍ വാരിപ്പിടിച്ചിരുന്ന പതിമൂന്നു പേരെ പുറത്തെത്തിക്കാനുള്ള സാഹസികദൗത്യം ഏറ്റെടുത്ത 1,500ഓളം വരുന്ന രക്ഷാപ്രവര്‍ത്തകരോടു ലോകം എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു. ദേശഭാഷകളുടെ വരമ്പുകളറിയാതെ പറന്നെത്തിയ ഇവരുടെ അര്‍പ്പണബോധവും ആന്തരികധൈര്യവും നൂറ്റാണ്ടുകള്‍ പിന്നിടാനുള്ള മനുഷ്യസമൂഹത്തിനു മാതൃകയുടെ വലിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട്.

ഏഷ്യാ വന്‍കരയുടെ ഒരറ്റത്ത് റഷ്യയില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആരവങ്ങള്‍ അലയടിക്കുമ്പോഴാണു മറ്റൊരറ്റത്തു ജീവന്റെ ഗോള്‍വല കാക്കാന്‍ കോച്ചും കുട്ടികളും ഫുട്‌ബോള്‍ ജഴ്‌സിയില്‍ മാനസികപോരാട്ടത്തിന്റെ പോര്‍ക്കളത്തിലിറങ്ങിയത്. നിരാശയും വിശപ്പും കൂരിരിട്ടും സര്‍വശക്തിയോടെ എതിരാളികളായി നിന്നപ്പോഴും മനസിന്റെ മൈതാനത്ത് ആത്മധൈര്യത്തിന്റെ ബൂട്ടണിഞ്ഞ് അവര്‍ ഒരുമിച്ചുകളിച്ചു. മിന്നാമിനുങ്ങിന്റെ വെട്ടം പോലും പ്രവേശിക്കാത്ത ഗുഹാഗര്‍ത്തത്തിനുള്ളില്‍ പ്രതീക്ഷയുടെ വിളക്കു കെടുത്താതെ ഒരുമിച്ചിരിക്കാന്‍ ധീരനായി കോച്ച് അവരെ പരിശീലിപ്പിക്കുകയായിരുന്നു. ഒടുക്കം, ജീവിതത്തിന്റെ വെളിച്ചത്തിലേക്കു ഗോളടിച്ചെത്തിയ അവര്‍ ഭൂമുഖത്തേക്കെത്തുന്നത് അതിജീവനത്തിന്റെ ലോകകപ്പുമായിട്ടാണ്.


ഉത്തര തായ്‌ലന്‍ഡിലെ മ്യാന്മര്‍ അതിര്‍ത്തിയില്‍ ചിയാങ് റായ് വനമേഖലയിലെ ദോയി നാങ് നോണ്‍ പര്‍വതത്തിനു താഴെയാണ് താം ലുവാങ് എന്ന ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സാഹസിക യാത്രയെക്കുറിച്ചു കുട്ടികളോടു നേരത്തെ സംസാരിച്ചിരുന്ന 'വൈല്‍ഡ് ബോര്‍സ്' ക്ലബിലെ സഹപരിശീലകന്‍ ഇകപോള്‍ ചാന്‍ടവോങ് അവരുമായി ഗുഹാമുഖത്തെത്തുന്നത് ജൂണ്‍ 23ന്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള 12 കുട്ടികള്‍ക്കു ഗുഹാഗര്‍ത്തങ്ങള്‍ താണ്ടുകയെന്നത് ആവേശമായിരുന്നു. അനുകൂലമായ കാലാവസ്ഥ കണക്കിലെടുത്ത് കോച്ചും കുട്ടികളും ഗുഹ കയറുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ കുട്ടിക്കൂട്ടങ്ങളുടെയും പരിശീലകന്റെയും പ്രതീക്ഷകളെ തുടച്ചെടുത്തു ഗുഹയിലേക്ക് ഇരച്ചുകയറി. ചേറും ചെളിയും വന്നടിഞ്ഞു ഗുഹാമുഖം അടഞ്ഞു. വെളിച്ചത്തിന്റെ വെള്ളിനാരുകള്‍ ഇരുട്ടില്‍ മുറിഞ്ഞുവീണു വെള്ളത്തില്‍ നനഞ്ഞുകിടന്നു. കൂരിരുട്ടിന്റെ നിഴലില്‍ പതിമൂന്നു ജീവനുകള്‍.

രാത്രിയായിട്ടും മകന്‍ തിരിച്ചെത്തിക്കാണാഞ്ഞപ്പോഴാണു കുട്ടികളില്‍ ഒരാളുടെ അമ്മ പൊലിസില്‍ പരാതിപ്പെടുന്നത്. അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാമറയത്തുള്ളവരെക്കുറിച്ചു സൂചനകളൊന്നും ലഭിച്ചില്ല. എന്നാല്‍ താം ലുവാങ് ഗുഹാമുഖത്ത് സൈക്കിളുകളും ബാഗുകളും കണ്ട വിവരം അന്വേഷണത്തിനിടെ വനത്തിലെ റേഞ്ചറില്‍നിന്നു വിവരം ലഭിക്കുന്നു. കാണാതായ പതിമൂന്നുപേരുടേതാണ് ഇവയെന്ന് മനസിലാക്കിയതോടെ തായ്‌ലന്‍ഡിന് ആ ദുഃഖസത്യം നെഞ്ചിടിപ്പോടെ ഉള്‍കൊള്ളേണ്ടിവന്നു. ആധി പടര്‍ന്ന മനസുമായി മാതാപിതാക്കളും ബന്ധുക്കളും ഗുഹാമുഖം ലക്ഷ്യമാക്കി പാഞ്ഞെത്തി.

ജൂണ്‍ 25 തിങ്കള്‍

പതിമൂന്നു പേരുടെ ജീവന്റെ തുടിപ്പുകള്‍ തേടി തായ് നാവികസേനയുടെ സീല്‍ നീന്തല്‍ വിദഗ്ധര്‍ ഗുഹക്കുള്ളിലേക്കു കടന്നു. അകത്ത് കുട്ടികളുടെ കൈപ്പാടുകള്‍ കാണുന്നു. അപ്പോഴും പുറത്ത് കനത്ത മഴ പെയ്യുന്നുണ്ട്. നിലക്കാത്ത മഴവെള്ള പ്രവാഹം മുന്നോട്ടുള്ള യാത്ര കൂടുതല്‍ സങ്കീര്‍ണമാക്കി. വെള്ളം പമ്പ് ചെയ്തു കളയാനുള്ള നടപടികളാരംഭിച്ചു. അകത്തുള്ളവര്‍ക്കു ജീവനുണ്ടെന്ന വാര്‍ത്ത കേള്‍ക്കണേയെന്നാണ് തായ്‌ലന്‍ഡിനൊപ്പം ലോകവും കൊതിച്ചത്, പ്രാര്‍ഥിച്ചത്. പക്ഷേ ആ ശുഭവാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പ് ആഴമേറിയ ഗര്‍ത്തങ്ങളുടെ ഇരുളുകളിലേക്കു നീണ്ടുകിടന്നു. ജലാഴങ്ങളില്‍ ഊളിയിട്ട നാവികസേനയുടെ മുന്നേറ്റങ്ങളെ ഭീമാകാരമായ പാറക്കെട്ടുകള്‍ തടുത്തുനിര്‍ത്തി. പട്ടായ ബീച്ചെന്നറിയപ്പെട്ട ഗുഹക്കകത്തെ ഏറ്റവും സങ്കീര്‍ണവും ഇടുങ്ങിയതുമായ വിടവ് മുറിച്ചുകടക്കാനാവാതെ സൈന്യം തിരികെ പോന്നു.

ചിയാങ് റായിയില്‍നിന്നു വാര്‍ത്ത രാജ്യാന്തരതലത്തിലേക്ക് ആളിപ്പടര്‍ന്നു. ലോകമാധ്യമങ്ങള്‍ തായ്‌ലന്‍ഡിനെ തേടിയെത്തുമ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നിറങ്ങാനാവാതെ ആ രാജ്യത്തിന്റെ ചുണ്ടില്‍ പ്രാര്‍ഥനകള്‍ സ്ഫുരിക്കുകയായിരുന്നു. തോരാതെ പെയ്യുന്ന മഴയില്‍ തായ്‌ലന്‍ഡിന്റെ കണ്ണീരും കലര്‍ന്നു. സൈനികനീക്കങ്ങള്‍ വിജയത്തിലെത്തേണമേ എന്ന പ്രാര്‍ഥനകള്‍ ലോകം ഏറ്റെടുത്തു. ഇരുളില്‍ കുരുങ്ങിയ ജീവന്റെ വെളിച്ചം തേടി തായ് സംഘത്തിനൊപ്പം ലോകരാഷ്ട്രങ്ങളും കൈകോര്‍ത്തു. യു.എസ് പസഫിക് കമാന്‍ഡില്‍നിന്ന് 30 അമേരിക്കന്‍ സൈനികരും മൂന്ന് ബ്രിട്ടീഷ് നീന്തല്‍ വിദഗ്ധരും സ്ഥലത്തെത്തി. ചൈനയിലെ വിദഗ്ധ സംഘവും ഗുഹാമുഖത്ത് നിലയുറപ്പിച്ചു. യു.എസ്, ആസ്‌ത്രേലിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലെ വിദഗ്ധരുമടക്കം 1,500ഓളം പേര്‍ സാഹസികദൗത്യത്തിന്റെ പാശാഗ്രങ്ങളില്‍ മുഷ്ടി പിടിപ്പിച്ചു. ഡ്രോണുകളും ഹെലികോപ്ടറുകളുമടക്കം ഉന്നത സാങ്കേതിക സൗകര്യങ്ങളും ദൗത്യത്തില്‍ കൈകോര്‍ത്തു. ഒരുമയുടെ ഈ വിശുദ്ധദൗത്യത്തിനു ലോകം പ്രാര്‍ഥനകളോടെ കാവലിരുന്നു.

ജൂലൈ 2 തിങ്കള്‍

അണമുറിയാത്ത പ്രാര്‍ഥനകള്‍ക്കും കണ്ണിമ വെട്ടാത്ത കാത്തിരിപ്പുകള്‍ക്കും വിരാമം. താം ലുവാങ് വിഴുങ്ങിയ ആ പതിമൂന്നുപേര്‍ ജീവനോടെ അകത്തുണ്ടെന്ന സന്ദേശം പുറത്തെത്തുന്നു. ഒന്‍പതുദിവസം ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്ന ആശ്വാസവാര്‍ത്ത ലോകമറിയുന്നത് രാത്രി ഒന്‍പതരയോടെ. ഇരുട്ടില്‍ വഴിതേടി നടന്നു കുട്ടികളും കോച്ചും സഞ്ചരിച്ചത് അഞ്ച് കിലോമീറ്റര്‍ ദൂരം. പട്ടായ ബീച്ചിലെ മഴവെള്ളം എത്തിപ്പെടാത്ത അറയില്‍ സുരക്ഷിതരായി നില്‍ക്കുകയായിരുന്നു അവര്‍. രക്ഷാപ്രവര്‍ത്തകരെ കണ്ടയുടനെ കുട്ടികള്‍ പൊട്ടിക്കരഞ്ഞു. ഇരുളിന്റെ ആഴങ്ങളില്‍ ജീവനോടു മല്ലിട്ട ഒന്‍പതു ദിനങ്ങള്‍ അവര്‍ക്കു വലിച്ചുനീട്ടിയ ഒറ്റ രാത്രിയായിരിക്കാം. നക്ഷത്രങ്ങളും നിലാവും കാണാത്ത ഇരുട്ടിന്റെ മേലാപ്പില്‍നിന്നു ചെകുത്താന്‍പാറകള്‍ തുറിച്ചുനോക്കുകയായിരുന്നു അവരെ. ആശയുടെ അവസാന പാനപാത്രവും ശൂന്യമാവുമ്പോഴാണു കണ്‍മുന്നില്‍ ദൈവമയച്ച മാലാഖകളെപ്പോലെ അവര്‍ പറന്നിറങ്ങിയത്. സന്തോഷവും സങ്കടവും കലര്‍ന്ന കണ്ണീരോടെ അവര്‍ വിളിച്ചുപറഞ്ഞു: ഞങ്ങള്‍ക്കു വിശക്കുന്നു.

കൂടെ കരുതിയിരുന്ന ഭക്ഷണവും വെള്ളവും പകുത്തും വീതിച്ചും ധൈര്യം പകര്‍ന്നും ജീവന്റെ വെളിച്ചം കെടാതെ 12 കുട്ടികളെയും ചിറകിലമര്‍ത്തിപ്പിടിക്കുകയായിരുന്നു ഇകപോള്‍ ചാന്‍ടവോങ് എന്ന ധീരനായ കോച്ച്. ജീവിതത്തിന്റെ കളിക്കളത്തിലെ അപകടകരമായ പെനാല്‍റ്റി ഷൂട്ടുകളെ ധീരതയോടെ തടുത്തുനിര്‍ത്താന്‍ ആ പരിശീലകന്‍ ഗുഹക്കകത്തിരുന്ന് അവരെ പരിശീലിപ്പിച്ചു. ഏകാന്തതയുടെ മാളത്തില്‍ ബന്ധിക്കപ്പെട്ടപ്പോഴും അവരെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് അയാള്‍ തന്നെയാവാം. ബുദ്ധസന്ന്യാസിമാര്‍ വളര്‍ത്തിയ അനാഥനായ അയാള്‍ ചെയ്തുപോയ സാഹസത്തിനു മാപ്പ് ചോദിച്ചപ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞത്, അങ്ങനെ പറയാതിരിക്കൂ, താങ്കള്‍ കാരണമാണ് ഞങ്ങളുടെ പൊന്നുമക്കള്‍ ഇപ്പോഴും ജീവിക്കുന്നതെന്നായിരുന്നു.

പ്രതിസന്ധികളുടെ തുരങ്കങ്ങള്‍ താണ്ടിയായിരുന്നു ധീരരായ സേനയുടെ സാഹസികപ്രയത്‌നങ്ങള്‍. ചെളിയും ചേറും വെള്ളക്കെട്ടും നിറഞ്ഞ ഗുഹാപാത ഇടുങ്ങിയതും കൊടുംവളവുകള്‍ നിറഞ്ഞതുമായിരുന്നു. പത്തു കിലോമീറ്റര്‍ അകത്തേക്കു നീണ്ടുപോകുന്ന ദുഷ്‌കരമായ പാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിക്കണം കുട്ടികളുടെയടുത്തെത്താന്‍. വിശപ്പും ദാഹവും കൊണ്ട് വാടിത്തളര്‍ത്തിയ കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള പോഷകാഹാരങ്ങളും മറ്റും ഗുഹയിലേക്കെത്തിച്ചു രക്ഷാപ്രവര്‍ത്തകര്‍. വിശപ്പിന്റെ നിലവിളികള്‍ തല്‍ക്കാലം ശമിച്ചപ്പോള്‍ കുട്ടികള്‍ പുഞ്ചിരിതൂകി. പ്രതീക്ഷകളില്‍ പെയ്ത പുതുമഴയായിരുന്നു ആ ചിരി. രക്ഷിതാക്കളും ബന്ധുക്കളും അവരോടൊപ്പം ലോകമനസാക്ഷിയും ആശ്വാസം കൊണ്ടു.

ഭക്ഷണം കഴിച്ച് ആരോഗ്യം പ്രാപിച്ചാല്‍ മാത്രമേ ഗുഹയിലെ ആഴമേറിയ വെള്ളക്കെട്ടുകളും ഇടുങ്ങിയ ചളിക്കുണ്ടുകളും നീന്തിക്കയറാനാവൂ. മഴക്കു ശമനം കാണാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാവുമെന്നു ഭയപ്പെട്ടു. ഗുഹക്കുള്ളിലേക്കു മറ്റൊരു വഴി കണ്ടെത്താനുള്ള തിരച്ചില്‍ ഗുഹാപരിസരത്ത് ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. മഴ ശമിക്കും വരെ കാത്തുനിന്നാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാകുമെന്നു മനസിലാക്കി പതിമൂന്നുപേര്‍ക്കും നീന്തല്‍ പരിശീലനം നല്‍കിത്തുടങ്ങി. നീന്തല്‍ വസ്ത്രങ്ങളുമായി 30ഓളം നീന്തല്‍ വിദഗ്ധര്‍, സൈനികര്‍ ഗുഹക്കുള്ളിലേക്കു കടന്നു. വെള്ളക്കെട്ടുകളില്‍നിന്നു മുഴുസമയവും വെള്ളം പമ്പുചെയ്തുകൊണ്ടിരുന്നു. ഏകദേശം 12 കോടി ലിറ്റര്‍ വെള്ളം മോട്ടോര്‍ ഉപയോഗിച്ചു ഗുഹക്കകത്തുനിന്നും പമ്പുചെയ്‌തെന്നാണു നിഗമനം.
വെള്ളത്തട്ടില്‍ മുങ്ങിനീന്താന്‍ കുട്ടികള്‍ പ്രാപ്തരായിട്ടില്ലെന്നു തിരിച്ചറിഞ്ഞതോടെ ഗുഹയുടെ മുകള്‍ഭാഗം തുളച്ചെടുക്കാന്‍ ശ്രമം തുടങ്ങി. 400 മീറ്റര്‍ കുഴിച്ചെങ്കിലും ഗുഹ കണ്ടെത്താനായില്ല. ഗുഹയിലേക്കുള്ള വിടവുകള്‍ മൂടാനും അതുവഴിയുള്ള അരുവികള്‍ തിരിച്ചുവിടാനുമുള്ള നീക്കങ്ങള്‍ നടത്തി. ഗുഹക്കുള്ളിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു.
ഗുഹക്കകത്ത് പ്രകാശിച്ച പ്രതീക്ഷയുടെ വെട്ടത്തിരുന്ന് കുട്ടികള്‍ മാതാപിതാക്കള്‍ക്കു കത്തെഴുതി. ഫോണ്‍ കണക്ഷന്‍ സംവിധാനിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. 'വിഷമിക്കരുത്, ഞങ്ങള്‍ ശക്തരാണ് ', 'ഇവിടെ സുഖമാണ്, കുറച്ചു തണുപ്പുണ്ട്, പിറന്നാള്‍ പാര്‍ട്ടി ഒരുക്കാന്‍ മറക്കണ്ട കെട്ടോ...' ചിരിയും സന്തോഷവും കലര്‍ന്ന അവരുടെ അക്ഷരങ്ങള്‍ക്കു മാതാപിതാക്കള്‍ നിറമനസോടെ മറുപടിയുമെഴുതി. മൂന്നുമാസത്തേക്കുള്ള വെള്ളവും ഭക്ഷണവും ഗുഹക്കുള്ളില്‍ സംവിധാനിച്ച വാര്‍ത്ത സേന രക്ഷിതാക്കള്‍ക്കു കൈമാറി.

വേദനയായി സമന്‍

അതിസാഹസികമായ ആ ദൗത്യനിര്‍വഹണത്തെ ലോകം കണ്ണുകളടയാതെ നോക്കിനില്‍ക്കെയായിരുന്നു ആ ദുഃഖവാര്‍ത്ത പുറത്തെത്തിയത്. കുട്ടികള്‍ക്ക് ഓക്‌സിജന്‍ സ്ഥാപിച്ചു മടങ്ങവേ വെള്ളത്തിന്റെ ആഴങ്ങളില്‍ തന്റെ ശേഖരത്തിലെ ജീവവായു തീര്‍ന്നു നീന്തല്‍ വിദഗ്ധനായ സമന്‍ കുനോന്ത് (38) വീരമൃത്യു വരിച്ചിരിക്കുന്നു. പതിമൂന്നുപേര്‍ക്കു ജീവാമൃതം നല്‍കിയുള്ള അയാളുടെ മടക്കയാത്ര മരണത്തിലേക്കായിരിക്കുമെന്ന് ആരും നിനച്ചിരുന്നില്ല. അപരന്റെ ജീവിതം സ്ഥാപിക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കിയവരുടെ അവിസ്മരണീയ നാമങ്ങള്‍ക്കിടയില്‍ ഇനി സമനും ജ്വലിച്ചു നില്‍ക്കും, അനേകം നൂറ്റാണ്ടുകളിലേക്കു പ്രസരിച്ചൊഴുകുന്ന പ്രചോദനത്തിന്റെ സൂര്യകിരണങ്ങളായ്.

''ഞാനിപ്പോള്‍ സുവര്‍ണഭൂമി വിമാനത്താവളത്തിലാണുള്ളത്. ചിയാങ് റായിയിലെത്താനായി വിമാനം കയറാന്‍ കാത്തിരിക്കുന്നു. ഇനി വൈകുന്നേരം കാണാം. ആ പാവം കുട്ടികളെ ഞങ്ങള്‍ വീട്ടിലെത്തിച്ചിരിക്കും.''-രക്ഷാദൗത്യത്തിലേക്കു പറന്നെത്തും മുന്‍പ് വിഡിയോയിലൂടെ ലോകത്തെ നോക്കി സമന്‍ പറഞ്ഞ വാക്കുകളാണിത്. പക്ഷേ കുട്ടികള്‍ വീട്ടിലെത്തുന്നതു കാണാന്‍ ആ ധീരമനുഷ്യനെ വിധി അനുവദിച്ചില്ല. ജൂലൈ ആറ്, വെള്ളിയാഴ്ചയായിരുന്നു ആ വിയോഗം സംഭവിച്ചത്.

ജൂലൈ 8 ഞായര്‍

ഇരുട്ടിന്റെ ആഴങ്ങളില്‍നിന്നു മരണത്തിനു പിടികൊടുക്കാതെ അവര്‍ ഒന്നൊന്നായി വെളിച്ചത്തിലേക്കണയുന്നു. ഇരുളും ഭയവും പട്ടിണിയും മാറിമാറി നോവിച്ച നീണ്ട പതിനഞ്ചുദിവസത്തിനുശേഷം ആദ്യം നീന്തിക്കടന്നെത്തിയതു നാലുപേര്‍. വളഞ്ഞുപുളഞ്ഞ ഗര്‍ത്തങ്ങളിലൂടെ നിവര്‍ന്നു വിടര്‍ന്ന മനസുമായി ആ കുട്ടികള്‍ ജീവിതത്തിന്റെ വെളിച്ചത്തിലേക്കു കയറിപ്പറ്റുമ്പോള്‍ ലോകം അത്ഭുതത്തോടെ നോക്കിനിന്നു. ഹോളിവുഡ് സ്‌ക്രീനുകളില്‍ മാത്രം സാധ്യമായിരുന്ന അതിസാഹസികരംഗങ്ങള്‍ ജീവിതത്തിന്റെ റീലുകളില്‍ യാഥാര്‍ഥ്യമാക്കിയ 1,500ഓളം വരുന്ന ധീരരക്ഷാപ്രവര്‍ത്തകര്‍ക്കു ലോകജനത സല്യൂട്ടുകളര്‍പ്പിച്ചു. ജൂലൈ ഒന്‍പതിനും പത്തിനുമായി രക്ഷാദൗത്യത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയായി. ഗുഹയ്ക്കകത്തെ 13 പേരെയും ജീവിതത്തിലേക്കു തിരികെ കയറ്റി. തായ്‌ലന്‍ഡിന്റെ പച്ചക്കാടുകളില്‍ മനുഷ്യത്വത്തിന്റെ മഹാവസന്തം പൂത്തുനിന്നു.


താം ലുവാങ്ങിന്റെ ഗുഹാമുഖവും 2010ല്‍ നിരവധി മനുഷ്യര്‍ കുടുങ്ങിയ ചിലിയിലെ ഖനിശേഖരവുമെല്ലാം പറഞ്ഞുവയ്ക്കുന്നതു മനുഷ്യന്റെ കളങ്കമില്ലാത്ത ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥകളാണ്. യുദ്ധവും ശത്രുതയും മനുഷ്യന്റെ രക്തമൂറ്റിക്കുടിക്കാന്‍ വെമ്പല്‍കൊള്ളുന്ന ദയനീയ കാഴ്ചകള്‍ പലപ്പോഴും പുതിയ കാലത്തിന്റെ ചുവരെഴുത്തുകളായി ഗണിക്കപ്പെടുമ്പോഴും കരുണവറ്റാത്ത ഹൃദയങ്ങളുടെ നിധിശേഖരങ്ങള്‍ ലോകത്തിന്റെ മറ്റിടങ്ങളിലുണ്ടെന്ന സത്യം ഏറെ സമാധാനം പകരുന്നു. അപരന്റെ പ്രാണനെ സ്വന്തം പ്രാണനില്‍ പൊതിഞ്ഞെടുത്തു സൂക്ഷിച്ച തായ്‌ലന്‍ഡിലെ സമന്‍ കുനോന്തും ഫലസ്തീനിലെ റസാന്‍ അല്‍ നജ്ജാറും കേരളത്തിലെ ലിനിയുമൊക്കെ പകരുന്ന ജീവിതസന്ദേശങ്ങളാകട്ടെ നമ്മെ മുന്നോട്ടുനടക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യായങ്ങള്‍.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago