മാവോയിസ്റ്റ് ഭീഷണി; ജില്ലയില്‍ കര്‍ശന സുരക്ഷാ നിര്‍ദേശം
മാനന്തവാടി: കേരളത്തില്‍ മാവോയിസ്റ്റ് പ്രത്യാക്രമണമുണ്ടാവുമെന്ന കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട ജില്ലയിലെ അഞ്ചു പൊലിസ് സ്‌റ്റേഷനുകള്‍ക്ക് പുറമെ പൊതുജനങ്ങള്‍ കൂടുതലായി ഇടപെടുന്ന കേന്ദ്രങ്ങളിലും നഗരങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും ഓഫിസുകളിലും പ്രത്യക നിരീക്ഷണം ഏര്‍പ്പെടുത്തും.
തിരുനെല്ലി, തലപ്പുഴ, വെള്ളമുണ്ട, മേപ്പാടി, പുല്‍പ്പള്ളി എന്നീ പൊലിസ് സ്‌റ്റേഷനുകള്‍ക്കാണ് പ്രത്യേക സുരക്ഷ ഏര്‍പ്പാട് ചെയ്യുന്നത്.
ജില്ലാ അതിര്‍ത്തികളിലും വനത്തോട് ചേര്‍ന്ന് പാതകളിലും പ്രത്യേക വാഹനപരിശോധന നടത്തും. ഇതിനായി കൂടുതല്‍ പൊലിസ് സേനാംഗങ്ങളെ നിയോഗിക്കും. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് ശേഷമാണ് ഐ.ബി സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗത്തിന് കേരളത്തില്‍ ആക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയത്. നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിന് പകരം വീട്ടാന്‍ രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കാറുള്ള വേനല്‍ക്കാലം തന്നെ തിരഞ്ഞടുത്തേക്കാമെന്നും ജാഗ്രത പാലിക്കണെമെന്നുമായിരുന്നു മുന്നറിയിപ്പ്. വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നായിരുന്നു മുന്നറിയിപ്പ്. നിലമ്പൂരിലെ വെടിവയ്പ്പിന് നേതൃത്വം നല്‍കിയ പൊലിസ് മേധാവികള്‍ക്കും സുരക്ഷയൊരുക്കാന്‍ നിര്‍ദേശമുള്ളതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."