സാമ്പത്തിക പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങി. കഴിഞ്ഞ എട്ടു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് പെന്‍ഷന്‍ മുടങ്ങുന്നത്. പെന്‍ഷന്‍ മുടങ്ങില്ലെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉറപ്പുനല്‍കി ഒരു മാസം പിന്നിടുന്നതിനു മുന്‍പാണ് പെന്‍ഷന്‍ തടസപ്പെട്ടത്.
പെന്‍ഷന്‍ നല്‍കാനായി പ്രതിമാസം 55 കോടി രൂപയാണ് കോര്‍പറേഷന് വേണ്ടത്. ഇതില്‍ 20 കോടി രൂപ കെ.എസ്.ആര്‍.ടി.സി ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതമായ 20 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാലും അധികമുള്ള 15 കോടി കൂടി കോര്‍പറേഷന്‍ കണ്ടെത്തേണ്ടിവരും.
ഇതിനായി കടമെടുക്കുകയല്ലാതെ മറ്റു വഴികളില്ല. സര്‍ക്കാര്‍വിഹിതം ഈയാഴ്ച ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 15 കോടിയുടെ കടമെടുക്കല്‍ നടപടി കൂടിയാകുമ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ ഒരാഴ്ചകൂടി സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടുവര്‍ഷം മുന്‍പ് കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ നല്‍കാനായി 40 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. തുടര്‍ന്ന് പെന്‍ഷന്റെ പകുതി തുകയായ 20 കോടി രൂപ വീതം സര്‍ക്കാരും കോര്‍പറേഷനും വഹിക്കാമെന്ന് ധാരണയായിരുന്നു. എന്നാല്‍ അന്നത്തെക്കാള്‍ പെന്‍ഷന്‍കാരുടെ എണ്ണം ഇപ്പോള്‍ ഏറെ വര്‍ധിച്ചു. രണ്ടുവര്‍ഷം മുന്‍പ് 40,000 പെന്‍ഷന്‍കാരുണ്ടായിരുന്നത് ഇന്ന് 49,000 ആയിട്ടുണ്ട്.
ഇതിനേത്തുടര്‍ന്ന് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ 55 കോടിയാണ് വേണ്ടത്. 20 കോടി രൂപയില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നും ബാക്കിയുള്ളത് കോര്‍പറേഷന്‍ സ്വന്തംനിലയ്ക്ക് കണ്ടെത്തണമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."