പ്രസക്തി നഷ്ടപ്പെടുന്ന പഞ്ചായത്തീരാജ്
പഞ്ചായത്തീരാജ് മന്ത്രാലയത്തെ ഗ്രാമവികസന മന്ത്രാലയത്തിന്റെ ഭാഗമാക്കി അതിന്റെ അസ്തിത്വം നശിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പൂര്‍ണമായും തകര്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണല്ലോ. 72ാം ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് സംവിധാനം ഭരണഘടനയുടെ നിര്‍മിതിക്കു ശേഷം ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക സംഭവമായാണു കരുതപ്പെടുന്നത്. ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍പ്പെടുത്തിയ ഈ സംവിധാനം ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ഗ്രാമീണര്‍ക്ക് അവരുടെ സ്വന്തം വിധാതാക്കളാകാനുള്ള അവസരം നല്‍കി.
എന്നാല്‍ അധികാര വികേന്ദ്രീകരണമല്ല അധികാര കേന്ദ്രീകരണമാണ് തങ്ങളുടെ ലക്ഷ്യം എന്നു സംശയലേശമെന്യേ പ്രഖ്യാപിച്ച എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യയുടെ ഗതിതന്നെ മാറ്റിമറിച്ച ഈ സംവിധാനത്തെ മുകളില്‍നിന്നു തന്നെ വെട്ടിയൊതുക്കാന്‍ ശ്രമിക്കുകയാണ്.
1992 ഡിസംബറിലാണ് 73ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. എണ്‍പതുകളില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. ഞാന്‍ കൂടി അംഗമായിരുന്ന ലോക്‌സഭയിലാണ് ഈ ചരിത്രനിയമം പാസാക്കിയത് എന്നത് എനിക്ക് ഇപ്പോഴും വളരെയധികം സന്തോഷം നല്‍കുന്നുണ്ട്.
ഇതോടെ ത്രിതല പഞ്ചായത്ത് സംവിധാനവും നഗരങ്ങളില്‍ നഗരപാലികാ സംവിധാനവും നിലവില്‍ വന്നു. ഇവയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (ഹീരമഹ ലെഹള ഴീ്‌ലൃാലി)േ എന്നാണു വിളിച്ചുപോരുന്നത്. ഇതില്‍ നിന്നുതന്നെ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പ്രസക്തി ബോധ്യമാകും. ഓരോ ഗ്രാമവും ജില്ലയും നഗരവും ആ പ്രദേശത്തെ ജനങ്ങള്‍ രൂപീകരിക്കുന്ന സര്‍ക്കാരിനാല്‍ ഭരിക്കപ്പെടുക എന്ന വിപ്ലവകരമായ സങ്കല്‍പമാണ് ഇതിനു പിന്നിലുള്ളത്. പൊതുജനാരോഗ്യവും വിദ്യാഭ്യാസവുമടക്കം നിരവധി വിഷയങ്ങള്‍ ഈ സംവിധാനത്തിന്റെ കീഴില്‍ വരുന്നുവെന്നു മാത്രമല്ല വ്യവസായ-വാണിജ്യ മണ്ഡലങ്ങളിലും കാര്‍ഷിക വികസനത്തിന്റെ കാര്യത്തിലും ശക്തമായ ഇടപെടലുകള്‍ നടത്താനുള്ള ജനകീയ വേദികളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാറാന്‍ കഴിയും. ഇത്തരം ഇടപെടലുകള്‍ പലപ്പോഴും അസഹ്യമാകുന്നത് വന്‍കിട വ്യവസായ കുത്തകകള്‍ക്കാണ്. മലിനീകരണം, ഭൂമി- വനം കൈയേറ്റങ്ങള്‍ തുടങ്ങിയവയിലൊക്കെ ജനപക്ഷത്തു നിന്ന് വലിയ ഇടപെടലുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. ഇത് ഭയപ്പെടുന്ന കുത്തകകള്‍ പഞ്ചായത്തീരാജ് സംവിധാനത്തെ ഭീതിയോടെയാണ് എന്നും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുക എന്നത് വന്‍കിട വ്യവസായ കുത്തകകളുടെ ആവശ്യം കൂടിയാണ്.
2004ലെ ആദ്യ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്രത്തില്‍ പഞ്ചായത്തീരാജ് മന്ത്രാലയം സൃഷ്ടിക്കപ്പെട്ടത്. രാജ്യമെങ്ങുമുള്ള ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണവും സഹപ്രവര്‍ത്തനവും ശക്തിപ്പെടുത്തിക്കൊണ്ട് പഞ്ചായത്തീരാജ് സംവിധാനത്തെ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ സാക്ഷാത്ക്കരിക്കാനാണ് ഈ മന്ത്രാലയം രൂപീകരിച്ചത്. മണിശങ്കര്‍ അയ്യരായിരുന്നു ആദ്യത്തെ പഞ്ചായത്തീരാജ് മന്ത്രി. വിവിധ സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ വളര്‍ച്ചയ്ക്കും ലക്ഷ്യപൂര്‍ത്തീകരണത്തിനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം അത്യാവശ്യമാണ്. ഫണ്ടുകള്‍ അനുവദിക്കുക, അത് ചെലവഴിക്കുന്നതിലുള്ള നിരീക്ഷണവും കൃത്യതയും പുലര്‍ത്തുക എന്നീകാര്യങ്ങളിലെല്ലാം ഇത്തരം ഏകോപനത്തിന് വലിയ പ്രസക്തിയുണ്ട്.
അതേസമയം പലസംസ്ഥാനങ്ങളും പഞ്ചായത്തീരാജ് സംവിധാനത്തിന്റെ കരുത്ത് ചോര്‍ത്തുന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്നുണ്ട്. മോദിയുടെ ഗുജറാത്ത് തന്നെ ഏറ്റവും വലിയ ഉദാഹരണം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യങ്ങള്‍ വളരെ വലുതാണ്. കേന്ദ്ര തൊഴിലുറപ്പ് പദ്ധതി മുതല്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് ധനസഹായം ചെയ്യുന്നതുള്‍പ്പടെ നിരവധി ബൃഹദ് ചുമതലകളാണ് ആ മന്ത്രാലയത്തിന്റെ കീഴിലുള്ളത്. അതിനോടൊപ്പം പഞ്ചായത്തീരാജ് മന്ത്രാലയത്തെ ബന്ധിപ്പിക്കുക എന്നാല്‍ ഈ മന്ത്രാലയത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുക എന്നാണര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."