കേരളത്തില്‍ വിമര്‍ശനം; അപ്പുറം വോട്ടുപിടിക്കാന്‍ രാഹുല്‍ വേണം: വി.എം സുധീരന്‍
കാവുമന്ദം: കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോവച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കെ.സി ജോസഫ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടത്തുന്ന വാഹനപ്രചാരണജാഥ കാവുമന്ദത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം സി.പി.എമ്മിനെതിരേ പ്രതികരിക്കാത്തത് രാഷ്ട്രീയ ഔന്നിത്യം കൊണ്ടാണ്. ബി.ജെ.പിയുടെ വര്‍ഗീയ കൊലപാതകത്തിനും, സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനുമെതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. ഗോമാംസത്തിന്റെ പേരില്‍ സംഘ്പരിവാര്‍ നൂറുകണക്കിനുപേരെ ഉത്തരേന്ത്യയില്‍ കൊന്നൊടുക്കുകയാണെങ്കില്‍ കേരളത്തില്‍ സി.പി.എം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പേരിലാണ് നിരപരാധികളെ കൊന്നൊടുക്കുന്നത്.
കോണ്‍ഗ്രസ് എന്നും കര്‍ഷകപക്ഷത്താണ് നിന്നിട്ടുള്ളത്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 72,000 കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതുവരെ കടം എഴുതിത്തള്ളാന്‍ തയാറായില്ല. കോണ്‍ഗ്രസ് ഒരുകാലത്തും ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. സി.പി.എമ്മിനാണ് ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നത്. 1977ല്‍ കൂത്തുപറമ്പില്‍ പിണറായി വിജയനും, ഉദുമയില്‍ കെ.ജി മാരാറും മുന്നണിയായി മത്സരിച്ചത് ആര്‍ക്കും വിസ്മരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ നടപ്പിലാക്കിയതിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലാണ് മോദി തകര്‍ത്തത്. കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലും അതാണ് പറയുന്നതെന്നും സുധീരന്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."