കേരളത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: കേരളത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അഭിഭാഷക കമ്മിഷനുപോലും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ബഹുരാഷ്ട്ര കമ്പനി സാന്‍ ഡിസ്‌ക് നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി കേരളത്തെ വിമര്‍ശിച്ചത്.
മലപ്പുറം ജില്ലയിലെ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ സാന്‍ ഡിസ്‌കിന്റെ മെമ്മറി കാര്‍ഡുകളുടെയും ഫ്‌ളാഷ് കാര്‍ഡുകളുടെയും വ്യാജ പതിപ്പുകള്‍ തങ്ങളുടെ പേരും ട്രേഡ് മാര്‍ക്കും ഉപയോഗിച്ച് വില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി കമ്പനി നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് ജസ്റ്റിസ് മന്‍മോഹന്റെ ഏകാംഗ ബെഞ്ച് മുമ്പാകെയുള്ളത്.
തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ കമ്പനിയുടെ വ്യാജ പതിപ്പുകള്‍ നിര്‍മിക്കുന്നത് തടയാന്‍ അടിയന്തരമായി ഇടപെടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ആരോപണങ്ങള്‍ പരിശോധിക്കാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകയായ മിനി പുഷ്‌കരാനയുടെ നേതൃത്വത്തില്‍ അഭിഭാഷക കമ്മിഷനെ നിയമിച്ചിരുന്നു.
ഇതിനു പിന്നാലെ ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ സാന്‍ ഡിസ്‌കിന്റെ പേരും ട്രേഡ് മാര്‍ക്കും ഉപയോഗിച്ച് വ്യാജപതിപ്പുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയെന്ന് കമ്മിഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാന്‍ ഡിസ്‌കിന്റെ ലോഗോയുള്ള 4 ജി.ബിയുടെ 2,600ഉം 8 ജി.ബിയുടെ 2,976ഉം 16 ജി.ബിയുടെ 1,643 ഉം 32 ജി.ബിയുടെ 16 ഉം മെമ്മറി കാര്‍ഡുകളാണ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ വ്യാപാരികള്‍ പ്രതിഷേധിച്ചതു തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊലിസ് കമ്മിഷ നോട് സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.
ഈ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി കേരളത്തെ വിമര്‍ശിച്ചത്. അഭിഭാഷക കമ്മിഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപെടുത്തി.
റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള തിരൂര്‍ ഗള്‍ഫ് ബസാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, ഡാന്‍ കളക്ഷന്‍സ് ഉടമ ഹൈദരലി കല്ലാക്കാന്‍, ജീവനക്കാരന്‍ പള്ളിയാളി മുഹമ്മദ് റാഫി എന്നിവരോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടിസയച്ചു.
കേസ് ഇനി പരിഗണിക്കുമ്പോള്‍ ഇവരെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ പൊലിസിനും കോടതി നോട്ടിസയച്ചു.
അതേസമയം, അഭിഭാഷക കമ്മിഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
പക്ഷാഘാതം ഉള്ളതിനാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അഭിഭാഷക കമ്മിഷന്റെ സംസാരഭാഷ വ്യാപാരികള്‍ക്കു മനസ്സിലാവുന്നതില്‍ ബുദ്ധിമുട്ടുണ്ടായതാണ് പ്രശ്‌ന കാരണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."