പ്രളയജലം കാണാതാകുന്ന തന്ത്രവുമായി വീണ്ടും തമിഴ്‌നാട്; ഇത്തവണ പ്രളയജലം ഉള്‍പ്പെടെ ലഭിച്ചത് 6.7 ടി.എം.സി മാത്രം
പാലക്കാട്: ഈ വര്‍ഷത്തെ പേമാരിയില്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ലഭിച്ച ജലമുള്‍പ്പടെ കാണാതാകുന്ന സ്ഥിരം തന്ത്രവുമായി തമിഴ്‌നാട് മുന്നോട്ട്. കൃത്യമായ ഇടപെടല്‍ നടത്താതെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയാതെ കേരളവും. പ്രളയജലം ഉള്‍പ്പെടെ ദിനംപ്രതി പറമ്പിക്കുളം ഡാമില്‍ ഒഴുകിയെത്തുന്ന ജലമുള്‍പടെ അന്നുതന്നെ തിരുമൂര്‍ത്തി ഡാമിലേക്ക് കടത്തുന്നു. അതിനായി തൂണക്കടവ്,പെരുവാരിപ്പള്ളം ഡാമുകളില്‍ വെള്ളം പരമാവധി കയറ്റി കവിഞ്ഞൊഴുകുകയാണ്. ആനപ്പാടി ഷട്ടറിലൂടെ സര്‍ക്കാര്‍പതിയിലെത്തിച്ച് സെക്കന്‍ഡിന് 950 ഘനയടി എന്ന തോതില്‍ കൊണ്ടൂര്‍ കനാലിലൂടെ ഇപ്പോഴും കടത്തുന്നു.ആളിയാര്‍ ഡാമില്‍ മുന്‍കാലങ്ങളെക്കാള്‍ കുറവ് ജലനിരപ്പാണെങ്കിലും നിറയ്ക്കാന്‍ കൂട്ടാക്കാതെ തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞു കേരളത്തിലെ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇടപെടുന്നില്ല. വര്‍ഷംതോറും മാറി മാറി വരുന്ന അന്തര്‍സംസ്ഥാന നദിജല നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കേരളത്തിനാണ് . എന്നിട്ടും അധികജല വിതരണവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നാളിതുവരെയായി നടന്നിട്ടില്ല. ഇപ്പോള്‍ നല്‍കിതായി പറയുന്ന 6.731 ദശലക്ഷം ഘനയടി ജലത്തില്‍ അധികവും പ്രളയജലമാണ്. അതിനാല്‍ത്തന്നെ ഇനിയും കൂടുതല്‍ ടി.എം.സി.ജലം നമുക്ക് കിട്ടേണ്ടതായുണ്ട്. എന്നാല്‍ അന്തര്‍സംസ്ഥാന ജലവിതരണ വകുപ്പ് നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഇനി വെറും അര ടി.എം.സി.ജലം മാത്രമാണെന്നാണ്. പറമ്പിക്കുളംആളിയാര്‍ കരാറുപ്രകാരം പറമ്പിക്കുളം ഡാമിലെ ജലനിരപ്പില്‍ കുറവാണെങ്കില്‍ ഇല്ലെന്നുംപറഞ്ഞു തരാതിരിക്കാനാണ് താഴെയുള്ള മറ്റു ഡാമിലേക്ക് വെള്ളം മാറ്റുന്നത്. പറമ്പികുളം ആളിയാര്‍ പദ്ധതി പരിസരത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ പോലും കേരള തമിഴ്‌നാട് സംയുക്ത പ്രോജക്റ്റ് എന്നാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത് . അന്തര്‍സംസ്ഥാന ജലവിതരണ വകുപ്പ് നല്‍കിയ കണക്ക്. മണക്കടവ് വിയറില്‍ 2018 ജൂലൈ ഒന്ന് മുതല്‍ ഏപ്രില്‍ 10 വരെ 6731 ലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ലക്ഷം 519 ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളംആളിയാര്‍ പദ്ധതി ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍ 106.20 (63.59), തമിഴ്‌നാട് ഷോളയാര്‍ 388.64 (74.74) കേരള ഷോളയാര്‍ 1872.40 (81.71), പറമ്പിക്കുളം 10234.92 (196.61), തൂണക്കടവ് 523.53 (162.32), പെരുവാരിപ്പള്ളം 575.94 (174.59), തിരുമൂര്‍ത്തി 1064.37 (164.16), ആളിയാര്‍ 691.36(151.91).എന്നിങ്ങനെയാണ്. ഇതില്‍ മുന്‍വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ശതമാനം നോക്കിയാല്‍ തന്നെ കൂടുതല്‍ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാനായി ശേഖരിച്ചുവെച്ചത് വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."