മാലിന്യ പ്ലാന്റ് പ്രശ്‌നം; നാവിക അക്കാദമിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടിസ്
പയ്യന്നൂര്‍: മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പത്തു ദിവസത്തിനകം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാവിക അധികൃതര്‍ക്ക് നോട്ടിസയക്കാന്‍ ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. രാമന്തളിയില്‍ സമരം നടത്തിവരുന്ന ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ്, കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡന്റ്, രാമന്തളി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് നോട്ടിസ് അയക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഉത്തരരവിട്ടത്. ഇതു സംബന്ധിച്ച് അടുത്ത മാസം 12ന് അധികൃതര്‍ മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഫെബ്രവരി 22ന് നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റിന് അനുമതിയില്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നാവിക അധികൃതര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാതിരുന്ന മലീനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടിസയക്കാന്‍ ഉത്തരവില്‍ പറയുന്നുണ്ട്.
രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അക്കാദമി മാലിന്യ പ്ലാന്റ് തുടങ്ങാനോ പ്രവര്‍ത്തിക്കുന്നതിനോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ യാതൊരു അനുമതിയും ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."