എല്ലാ ആനുകൂല്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് കെ. മുരളീധരന്‍
വടകര: യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ എല്ലാ ആനുകൂല്യങ്ങളും ദേശീയപാത ഭൂമിയേറ്റെടുക്കലിലും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് യു.ഡി.എഫ് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പറഞ്ഞു.
ദേശീയപാതയില്‍ കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലവും, വീടും, കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ രൂപീകരിച്ച ജില്ലാതലം മുതല്‍ യൂനിറ്റ് തലംവരെയുള്ള കര്‍മ്മസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഒപ്പമുണ്ടാകണമെന്നും പരിസ്ഥിതി ആഘാത പഠനം ദേശീയപാത സ്ഥലമെടുപ്പിലും ബാധകമാക്കണമെന്നും കര്‍മ്മസമിതി നേതൃത്വം ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. സമിതി നേതാക്കളായ എ.ടി മഹേഷ് , പ്രദീപ് ചോമ്പാല,സി.വി ബാലഗോപാല്‍, പി.കെ കുഞ്ഞിരാമന്‍, കെ.പി.എ വഹാബ്, സലാം ഫര്‍ഹത്ത്, അഡ്വ. കെ. കുഞ്ഞമ്മദ്, കെ. കുഞ്ഞിരാമന്‍, പി. പ്രകാശ് കുമാര്‍, പി.കെ നാണു, പി. സുരേഷ്, വി.പി കുഞ്ഞമ്മദ്, അഹമ്മദ് വടകര, കെ.വി മോഹന്‍ദാസ് , സുഹൈല്‍ കൈനാട്ടി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."