പ്രതിഷേധം രൂക്ഷം: കശ്മിരിലെ സ്ഥിതിഗതികള്‍ കേന്ദ്രം വിലയിരുത്തി
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
കശ്മിരില്‍ ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ മരിക്കാനിടയായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്.
യുവാക്കള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ കൂടി സമരരംഗത്തേക്കിറങ്ങിയതോടെ കശ്മിരിലെ സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്‌നാഥ് സിങ് ഉന്നത തല യോഗം വിളിച്ചുചേര്‍ത്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഷേധക്കാര്‍ പരസ്പരം വാര്‍ത്തകള്‍ കൈമാറുന്നതാണ് അക്രമം പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് കണ്ട് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു. ഇത് കശ്മിരില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ സഹായകമാകുമെന്ന് ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് പുതിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കശ്മിരിന്റെ സുരക്ഷ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും യോഗം വിലയിരുത്തി.
രണ്ട് സെഷനുകളിലായാണ് ഇന്നലെ യോഗം നടന്നത്. സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച 80,000 കോടിയുടെ വികസന പാക്കേജ് നടപ്പാക്കുന്നതുസംബന്ധിച്ചാണ് മന്ത്രി പ്രധാനമായും ചര്‍ച്ച നടത്തിയത്.വികസന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം ഭാഗങ്ങളില്‍ കൊണ്ടുവരണമെന്നും താഴ്‌വരയില്‍ തുടരുന്ന പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. കഴിഞ്ഞ നവംബറിലാണ് പ്രധാനമന്ത്രി കശ്മിരിനുവേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17,000 കോടിയുടെ വികസന പാക്കേജാണ് സംസ്ഥാനത്ത് നടപ്പാക്കിയത്.
പുതിയതും നിലവിലുള്ളതുമായ പാരമ്പര്യേതര ഊര്‍ജോല്‍പാദനം വര്‍ധിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, വെള്ളപ്പൊക്ക ദുരിതാശ്വാസം, പുനര്‍നിര്‍മാണം, ടൂറിസം പ്രോത്സാഹനം, ടൂറിസ്റ്റ് സര്‍ക്യൂട്ട് വികസനം,
50 ടൂറിസ്റ്റ് ഗ്രാമങ്ങളുടെ നിര്‍മാണം തുടങ്ങിയ കാര്യങ്ങളാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിച്ചത്.
എയിംസ് മാതൃകയില്‍ സംസ്ഥാനത്ത് ആശുപത്രി നിര്‍മാണം ഉള്‍പ്പെടെ ആരോഗ്യ രംഗത്തെ വികസനത്തിനായി 5,000 കോടിയുടെ പദ്ധതിപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."