കൂട്ടുപുഴ പാലം നിര്‍മാണ പ്രതിസന്ധി; പരിഹാര നടപടികള്‍ ഇഴയുന്നു
ഇരിട്ടി: കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പുതിയപാലം നിര്‍മാണ പ്രതിസന്ധി പരിഹാരം കാണാതെ നീളുന്നു. പാലം പ്രശ്‌നം പരിഹരിക്കാനായി കര്‍ണാടക ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുപുഴ പാലം നിര്‍മാണമേഖലയില്‍ പരിശോധന നടത്തി ഒരുമാസം പിന്നിടുമ്പോഴും പ്രശ്‌നപരിഹാര നടപടികള്‍ പരിഹാരമില്ലാതെ ഇഴയുകയാണ്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഒരുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന കൂട്ടുപുഴ പാലം നിര്‍മാണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടിയാണു കര്‍ണാടക വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും അനാസ്ഥമൂലം വൈകുന്നത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക വനംവകുപ്പിന്റെ ഉന്നതസംഘം പാലം നിര്‍മാണ മേഖലയില്‍ പരിശോധന നടത്തിയിട്ട് ഒരുമാസം കഴിഞ്ഞു. എന്നാല്‍ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നിര്‍മാണ അനുമതിക്കായി കേരളം എല്ലാരേഖകളും ഇതിനു മുന്‍പ് ഹാജരാക്കിയിരുന്നു. മടിക്കേരി അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ ഡി.എസ് ദയാനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമാസം മുന്‍പ് മാക്കൂട്ടം വനമേഖലയോടു ചേര്‍ന്ന ഭാഗത്ത് നിര്‍മിക്കേണ്ട പാലത്തിന്റെ അളവും മറ്റും രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് കര്‍ണാടക ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ക്കു കൈമാറിയിരുന്നു. കര്‍ണാടക റവന്യൂ വകുപ്പിന്റെ കൈവശമുള്ള അതിര്‍ത്തി നിര്‍ണയ രേഖയും പാലം നിര്‍മാണത്തിന് അനുമതി തേടിക്കൊണ്ടുള്ള കെ.എസ്.ടി.പിയുടെ കത്തും റവന്യൂ സംഘവും കൈമാറിയിരുന്നു. പാലത്തിന്റെ മാക്കൂട്ടം വനമേഖലയോടു ചേര്‍ന്ന ഭാഗം കേരളത്തിന്റെ റവന്യൂ ഭൂമിയാണെങ്കിലും അത് അംഗീകരിക്കാന്‍ കര്‍ണാടക വനംവകുപ്പ് തയാറാകുന്നില്ല.
പുഴയാണ് അതിര്‍ത്തിയെന്ന വാദം ഉയര്‍ത്തിയാണു മാക്കൂട്ടം വന്യജീവി സങ്കേതം അധികൃതര്‍ ഒരുവര്‍ഷമായി നിര്‍മാണം തടഞ്ഞത്. കേരളവും കര്‍ണാടകവും അതിര്‍ത്തിയില്‍ മാറിമാറി സര്‍വേ നടത്തിയെങ്കിലും പ്രതിസന്ധിക്കു പരിഹാരം ഉണ്ടായില്ല. കര്‍ണാടക വനംവകുപ്പ് അവരുടെ വാദത്തില്‍ ഉറച്ചുനിന്നതോടെയാണു കര്‍ണാടക റവന്യൂവകുപ്പിന്റെ കൈവശമുള്ള അതിര്‍ത്തി നിര്‍ണയരേഖ വീണ്ടും സമര്‍പ്പിക്കേണ്ടിവന്നത്. എന്നിട്ടും അനുമതി വൈകുകയാണ്. കര്‍ണാടക വനംവന്യജീവി വകുപ്പിനും റവന്യൂ വകുപ്പിനും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളുള്ളതാണു പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്.
പാലം വരുന്ന ഭാഗത്ത് മരങ്ങള്‍ മുറിച്ചുമാറ്റേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ കര്‍ണാടക വനംവന്യജീവി വകുപ്പില്‍നിന്ന് ഉടന്‍ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പാലം നിര്‍മാണത്തിന്റെ കരാര്‍ കാലാവധി തീരാനിരിക്കെ ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തി തര്‍ക്കത്തില്‍ തട്ടി കൂട്ടുപുഴ പാലം നിര്‍മാണം ചോദ്യചിഹ്നമായി പാതിവഴിയില്‍ അവശേഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."