ആഘോഷങ്ങളിലൂടെ സ്രഷ്ടാവിലേക്ക്
മനുഷ്യന്റെ ആത്മീയോന്നതിക്ക് അല്ലാഹു പ്രത്യകം മാസം, ദിവസം, സമയം എന്നിവ നിശ്ചയിച്ചിട്ടുണ്ട്. ഇവ പവിത്രമായി പരിഗണിച്ചു ആദരവോടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുകയെന്നത് ഏറ്റവും പ്രധാനമാണ്. അല്ലാഹു ആദരിച്ചതിനെ ആദരിക്കലും അനാദരിച്ചതിനെ അനാദരിക്കലുമാണ് വിശ്വാസിയുടെ സ്വഭാവം. ആദരിച്ചതിനെ അനാദരിക്കലും അനാദരിച്ചതിനെ ആദരിക്കലും സത്യനിഷേധത്തിന്റെ അടയാളമാണ്. ദുല്‍ഹിജ്ജമാസം അതില്‍ പെട്ടതാണ്. സൂറ: ഫജ്‌റിലെ പ്രതിപാദ്യം ഈ മാസത്തിലെ ആദ്യ പത്തു ദിനങ്ങളാണന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.
അല്ലാഹുവിന്റെ ദൂതര്‍(സ) പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും രൂപങ്ങളിലേക്കും നോക്കുന്നില്ല. അവന്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത് '(മുസ്‌ലിം). ബലിപെരുന്നാളിന്റെ ഏറ്റവും പ്രധാനമായ ബലിയെ പരാമര്‍ശിച്ച് പറഞ്ഞ സമയത്തും ഇങ്ങനെ പരാമര്‍ശിച്ചതു കാണാം. അല്ലാഹു പറയുന്നു: (നിങ്ങള്‍ ബലി അറുക്കുന്ന) മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിന്റെ അടുക്കല്‍ എത്തിച്ചേരുന്നില്ല, മറിച്ച് നിങ്ങളുടെ തഖ്‌വയാണ് അവനിലേക്ക് എത്തിച്ചേരുന്നത് (ഖുര്‍ആന്‍).
ഇസ്‌ലാമിക പ്രബോധനത്തിനും വ്യാപനത്തിനും ഏറെ ത്യാഗോജ്വലയായ പ്രവര്‍ത്തനങ്ങളായിരുന്നു ഇബ്‌റാഹീം (അ)ന്റേത്. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അതുപോലെ അനുസരിക്കുക എന്ന സന്ദേശമാണ് ഇബ്‌റാഹീം (അ), ഇസ്മാഈല്‍ ( അ ), ഹാജര്‍ ബീവി (റ) എന്നിവരുടെ ജീവിതം പഠിപ്പിച്ചു തരുന്നത്. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹുവില്‍ സര്‍വവും സമര്‍പ്പിക്കാനുള്ള മനസ്. അതാണ് അവരെ ഉല്‍കൃഷ്ടരാക്കിയത്. ഇസ്‌ലാമിക ചരിത്രത്തില്‍ ഉല്ലേഖനം ചെയ്ത ഈ ത്യാഗോജ്വല ചരിത്ര സംഭവങ്ങളാണ് വിശുദ്ധ ഹജ്ജിലൂടെയും ബലി പെരുന്നാളിലൂടെയും സ്മരിക്കുന്നത്.
പെരുന്നാള്‍ ദിനം അതിന്റെ വിശുദ്ധി ഉള്‍ക്കൊണ്ട് ആഘോഷിക്കണം. രണ്ടു പെരുന്നാളുകളിലൂടെ പവിത്രമായ ഒരുപാട് ആരാധനാ കര്‍മങ്ങളാണ് വിശ്വാസികള്‍ സ്രഷ്ടാവിനു സമര്‍പ്പിക്കുന്നത്. നിസ്‌കാരം, ബലി കര്‍മ്മം, കുടുംബ സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുക, പാവപെട്ടവരെ സഹായിക്കുക, ദാന ധര്‍മ്മങ്ങള്‍, പരസ്പരമുള്ള സന്തോഷം പങ്കുവയ്ക്കല്‍ തുടങ്ങി ഒട്ടേറെ നന്മകളുടെ കരുതിവയ്പ്പാണ് പെരുന്നാള്‍ ദിനത്തില്‍ ചെയ്യാനുള്ളത്. ആരാധനകളാല്‍ ധന്യമാക്കുക എന്നതാണ് ആഘോഷങ്ങളുടെ പൊരുള്‍. തന്റെ സ്രഷ്ടാവായ കരുണ്യവാനായ നാഥനോടുണ്ടാകുന്ന അതിരില്ലാത്ത സ്‌നേഹപ്രകടനമാണ് യഥാര്‍ഥത്തില്‍ വിശ്വാസിയുടെ പെരുന്നാള്‍. അല്ലാഹുവിന്റെ മഹത്വം പ്രഖ്യാപിക്കുന്ന തക്ബീര്‍ ധ്വനികളുയര്‍ത്തി വിശ്വാസി അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നു. പെരുന്നാള്‍ രാവ് സൂര്യന്‍ അസ്തമിച്ചത് മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതുവരെ എല്ലാ സമയത്തും അറഫാദിനം സുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാനം വരെയും എല്ലാ നിസ്‌കാരങ്ങളുടെ ഉടനെയും തക്ബീര്‍ സുന്നത്തുണ്ട്. നിസ്‌കാരാനന്തരമുള്ള ദിക്ര്‍, ദുആയുടെ മുന്‍പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്. ബലിമൃഗത്തെ കാണുമ്പോഴും തക്ബീര്‍ സുന്നത്തുണ്ട്. അങ്ങനെ ലഭ്യമാകുന്ന സമയങ്ങള്‍ അല്ലാഹുവിലേക്ക് മഹത്വത്തോടെ ഉയര്‍ന്നു വരാന്‍ സഹായകമാകുന്നു. എല്ലാം നിസ്സാരമാണെന്നും അല്ലാഹു മാത്രമാണ് വലിയവനെന്നുമുള്ള പ്രഖ്യാപനമാണത്.
മറ്റുള്ളവര്‍ക്ക് സഹായിയായി മാറേണ്ടവരാണല്ലോ നാം. അതിനാല്‍ നമ്മുടെ പ്രവൃത്തികള്‍ സഹജീവികളെ പ്രയാസപ്പെടുത്തുന്നതാവരുത്. പെരുന്നാള്‍ ദിനം സഹജീവികളിലേക്ക് കൂടുതല്‍ അടുക്കാനുള്ള സാഹചര്യം സൃഷിടിക്കുന്ന രൂപത്തിലാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. സുഭിക്ഷമായ ഭക്ഷണമൊരുക്കിയും കുടുംബാംഗങ്ങള്‍ പരസ്പരം സ്‌നേഹവും സന്തോഷം പങ്കിട്ടും, പരസഹായവും സേവനവും ചെയ്തു കൊടുത്തും മത സൗഹാര്‍ദം ഊട്ടിയുറപ്പിച്ചും ധന്യമാക്കണം ഈ ദിനങ്ങള്‍.ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിലകൊള്ളാനും വിശ്വാസികളായ നാം ശ്രദ്ധിക്കണം.
ലോകത്ത് മഹാമാരിയായി കൊവിഡ്- 19 പടരുന്ന സാഹചര്യത്തിലാണ് ഇത്തവണ പെരുന്നാള്‍ സമാഗതമാവുന്നത്. ഒന്നും മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ അനുസരിച്ചല്ല നടക്കുന്നതെന്നും സര്‍വശക്തനായ സ്രഷ്ടാവിന്റെ തീരുമനത്തിനപ്പുറം മനുഷ്യന് ഒന്നുമില്ലെന്നും ഈ മഹാമാരിക്കാലം നമ്മെ ഓര്‍മിപ്പിക്കുകയാണ്. പ്രാര്‍ഥനയും സല്‍ക്കര്‍മ്മവും ഒരിക്കലും നാം ഉപേക്ഷിച്ചു കൂടാ. രോഗ വ്യാപനം ഇല്ലാതാവുന്നതിന് ഭരണകൂടവും ആരോഗ്യ വിഭാഗവും നിര്‍ദേശിക്കുന്ന നിയമങ്ങളും പ്രോട്ടോകോളും പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. ബലിപെരുന്നാള്‍ ആഘോഷങ്ങളിലും, ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ നമുക്ക് ആഘോഷ ചടങ്ങുകള്‍ നടത്താനാവും. കണ്ടൈന്‍മെന്റ് സേണുകളില്‍ അതിജാഗ്രത പുലര്‍ത്തണം.
ആരാധനാലയങ്ങളില്‍ നിയന്ത്രണം കാരണം പെരുന്നാള്‍ നിസ്‌കാരമോ മറ്റോ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യം വിശ്വാസികള്‍ക്ക് ഇല്ല. അവര്‍ക്ക് കവീട്ടില്‍ വച്ച് നിര്‍വഹിച്ചാലും അതിന്റെ പുണ്യം ലഭിക്കും. ഇസ്‌ലാം കുടുസ്സായ ചിന്തകളല്ല സമര്‍പ്പിക്കുന്നത്. അതിനാല്‍ പള്ളിയില്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ വീടുകളില്‍ വെച്ച് കുടുംബസമേതം ജമാഅത്തായി പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുക.
സൂര്യോദയം മുതല്‍ ഉച്ചവരെയുള്ള സമയത്തിനിടയിലാണ് പെരുന്നാള്‍ സമയം. എങ്കിലും സൂര്യനുദിച്ച് അല്‍പം ഉയര്‍ന്നതിന് ശേഷമാവലാണ് സുന്നത്ത്. ഈദുല്‍ ഫിത്വറിനെ അപേക്ഷിച്ച് കുറച്ചുകൂടി നേരത്തെയാണ് ബലി പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കേണ്ടത്. ബലിപെരുന്നാള്‍ നിസ്‌കാരത്തിന് ഭക്ഷണം കഴിക്കാതെ പോകുന്നതാണ് സുന്നത്ത്. ചെറിയ പെരുന്നാളിന് മറിച്ചും.
ബലിപെരുന്നാളിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം ഇമാമോടുകൂടി ഞാന്‍ അല്ലാഹുവിന് വേണ്ടി നിസ്‌കരിക്കുന്നുവെന്ന നിയ്യത്തോടെയാണ് നിസ്‌കാരം നിര്‍വഹിക്കേണ്ടത്. രണ്ട് റക്അത്തുള്ള നിസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ ഏഴ് തക്ബീറും രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറുകളുമാണുള്ളത്. ദുആഉല്‍ ഇഫ്തിതാഹിന് ശേഷവും ഫാതിഹക്ക് മുന്‍പുമാണ് ഇവയുടെ സമയം. തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബര്‍ എന്ന് പറയണം. ഇമാമും മഅ്മൂമും തക്ബീര്‍ ഉച്ചത്തില്‍ ചൊല്ലലും തത്സമയം കൈകള്‍ രണ്ടും ചെവിയുടെ നേരെയുയര്‍ത്തി കൈകെട്ടലും സുന്നത്താണ്.
നിസ്‌കാരത്തില്‍ പ്രവേശിച്ച് ഫാതിഹ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തക്ബീറുകള്‍ മടക്കിച്ചെല്ലേണ്ടതില്ല. ഒന്നാം റക്അത്തില്‍ തക്ബീറുകള്‍ നഷ്ടപ്പെട്ടാല്‍ രണ്ടാം റക്അത്തില്‍ അവ വീണ്ടെടുക്കേണ്ട ആവശ്യമില്ല. ശേഷം മറ്റു നിസ്‌കാരങ്ങളെ പോലെ തുടര്‍ന്ന് നിസ്‌കരിച്ചാല്‍ മതി. പുരുഷന്മാര്‍ പള്ളിയിലാണെങ്കിലും വീട്ടിലാണെങ്കിലും പെരുന്നാള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ ഖുത്വുബകള്‍ സുന്നത്താണ്. ഒറ്റയ്ക്ക് നിസ്‌കരിക്കുന്നവര്‍ക്ക് ഖുത്വുബ സുന്നത്തില്ല. സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍വച്ച് നിസ്‌കരിക്കല്‍ സുന്നത്താണ്. സ്ത്രീകള്‍ മാത്രം ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ ഖുത്വുബ സുന്നത്തില്ല. എന്നാല്‍ ഉപദേശിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ അവരിലുണ്ടെങ്കില്‍ ഉപദേശം നടത്തുന്നതിന് വിരോധമില്ല.
ഉള്ഹിയ്യത്ത് ( ബലികര്‍മം ) നിര്‍വഹിക്കുന്ന സ്ഥലത്ത് കൊവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് മാത്രം സുരക്ഷിതമായി പ്രസ്തുത ആരാധനാ കര്‍മം നിര്‍വഹിക്കുകയും അതിന്റെ മാംസം അര്‍ഹരായവര്‍ക്ക് അങ്ങോട്ട് എത്തിച്ചു നല്‍കുകയും ചെയ്യുക. പൊതുസ്ഥലത്ത് നിര്‍ദേശിക്കപ്പെട്ടത് പോലെ ആള്‍ തിരക്കില്ലാതെ ഇതു നിര്‍വഹിക്കണം. സോഷ്യല്‍ മീഡിയകളില്‍ കൂടി അനാവശ്യമായ പ്രചാരണങ്ങളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത് പലപ്പോഴും ദോഷകരമായി ഭവിക്കാറുള്ളതിനാല്‍ വിശ്വാസികള്‍ ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. പല സ്ഥലങ്ങളിലും കൊവിഡ് ജാഗ്രതാ നിയന്ത്രണം നിലവിലുള്ളതിനാല്‍, കുടുംബ സൗഹൃദ സന്ദര്‍ശനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവയല്ലാം നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം. രോഗ വ്യാപനത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ശ്രദ്ധയും കരുതലും വേണം. നമ്മുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് ഉപദ്രവം സൃഷ്ടിക്കാന്‍ ഇടയായികൂടാ എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. രോഗവ്യാപനം വര്‍ധിക്കുകയാണ്. അതിനനുസരിച്ച് ജാഗ്രത നാം പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."