കലിതുള്ളി കടല്‍;കലിയടങ്ങാതെ കാലവര്‍ഷം, കടലാക്രമണത്തില്‍ ഉറക്കം നഷ്ടപ്പെട്ട് തയ്യില്‍
കണ്ണൂര്‍: ശക്തമായ കടലാക്രമത്തില്‍ ഉറക്കം നഷ്ടപ്പെട്ട് കണ്ണൂര്‍ സിറ്റി തയ്യില്‍ തീരമേഖല.
കുറുംബ ക്ഷേത്രത്തിനടുള്ള തീരദേശത്തുള്ള മുന്നോറോളം വീട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. രൂക്ഷമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ഇന്നലെ രാവിലെ മുതലാണ് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. നിരവധി വീടുകളില്‍ വെള്ളം കയറി. തയ്യില്‍ കടപ്പുറം മുതല്‍ മൈതാനപ്പളി വരെയാണു കടലാക്രമണം രൂക്ഷമായത്. കടല്‍ഭിത്തി ഭേദിച്ചാണ് തിരമാലകള്‍ വീടുകളിലേക്ക് ആഞ്ഞടിക്കുന്നത്.
രേണുകയുടെ വീട്ടിലെ അടുക്കളിയിലടക്കം വെള്ളം കയറി ഭക്ഷണം പാചകം ചെയ്യാന്‍ കഴിയാത്ത നിലയിലാണ്. ഇടയ്ക്കിടെയുണ്ടാകുന്ന കടലാക്രമണത്തിനു പരിഹാരം കാണാന്‍ പലതവണ വില്ലേജ് ഓഫിസില്‍ പരാതി കൊടുത്തെങ്കില്‍ ഒരു നടപടിയും ഇതുവരെയില്ലെന്നാണ് രേണുക പറയുന്നത്.
അംഗന്‍വാടി ആയയായി ജോലി ചെയ്യുന്ന അവര്‍ക്ക് കിട്ടുന്ന ശമ്പളം മുഴുവന്‍ വീടിന്റെ അറ്റകുറ്റപ്പണിക്ക് തികയുന്നില്ല. ശ്രീജയുടെ വീടും സമാനമാണ്. കടലാക്രമണത്തില്‍ തിരമാല കുത്തനെ വീടിന്റെ അടുക്കളയിലേക്കാണ് പതിക്കുന്നത്. സുരേന്ദ്രന്റെ കൂരയുടെ ചുമരുകള്‍ ഇന്നലെയുണ്ടായ കടലാക്രമണത്തില്‍ പൊളിഞ്ഞു.
ഓഖി ദുരന്തത്തില്‍ പൂര്‍ണമായും മറിഞ്ഞു താല്‍ക്കാലികമായി കെട്ടിയതായിരുന്നു. ഇതോടെ സുരേന്ദ്രനും കുടുംബവും വീടു നഷ്ടപ്പെടുന്ന അവസ്ഥയിലായി.
കൂടാതെ പലരും കടലിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ കടലാക്രമണത്തില്‍ ഇവരുടെ പരിസരപ്രദേശങ്ങളിലേക്ക് അടിഞ്ഞു കൂടിയിരിക്കുകയാണ്. വീടിലേക്ക് കയറി വരുന്ന വഴികളില്‍ പോലും മാലിന്യക്കൂമ്പാരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."