രാസമാലിന്യം കലര്‍ന്ന പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് തീയിട്ടത് പരിഭ്രാന്തി പരത്തി
പറവൂര്‍: മാല്യങ്കര പാലത്തിന് സമീപം രാസമാലിന്യം കലര്‍ന്ന പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് തീ കൊളുത്തി. തീ നിയന്ത്രണാതീതമായി ആളിപ്പടര്‍ന്നു. ശക്തമായി ഉയര്‍ന്ന പുക പരിസരമാകെ വ്യാപിച്ചു. പുകയും ദുര്‍ഗന്ധവും ആളുകള്‍ക്ക് ശ്വാസം മുട്ടലും അസ്വസ്ഥതയും ഉണ്ടാക്കി.തീയും പുകയും ആളിപടര്‍ന്നത്പ്രദേശത്ത് ഏറെ നേരം പരിഭ്രാന്തി പരത്തി. പിന്നിട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പറവൂരില്‍ നിന്ന് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ അണച്ചത്.
വെളിയാഴ്ച രാവിലെ 11 മണിയോടെയാണ് തീ ആളിപടര്‍ന്നത്. മാല്യങ്കര മുനമ്പം പാലത്തിന് താഴെ മാല്യങ്കര ഭാഗത്ത്, കായലിനോട് ചേര്‍ന്നു കിടക്കുന്ന കരഭാഗത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. പഴയ ബോട്ടുകള്‍ വിലക്ക് വാങ്ങി പൊളിച്ചു വില്‍ക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപത്തുള്ള ബോട്ട് യാഡുകളില്‍ കയറ്റി പൊളിക്കുന്ന ബോട്ടുകളുടെ ഉപയോഗയോഗ്യമായ വസ്തുക്കള്‍ വിറ്റഴിക്കുകയും അവശേഷിക്കുന്ന ഉപയോഗശൂന്യമായ അവശിഷ്ടങ്ങള്‍ പാലത്തില്‍ താഴെയിട്ട് കത്തിക്കുന്നത് പതിവാണ്.
ബോട്ടിന്റെ സ്റ്റോറിനായി ഉപയോഗിക്കുന്ന കിലോ കണക്കിന് വരുന്ന തെര്‍മോകോള്‍, പെയിന്റിന്റെ അവശിഷ്ടങ്ങള്‍, ഫൈബറിന്റെ കഷ്ണങ്ങള്‍, പ്ലാസ്റ്റിക്ക് വസ്തുക്കള്‍ തുടങ്ങിയിട്ടുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയ പാഴ് വസ്തുക്കളാണ് പതിവായി പാലത്തിന് താഴെയിട്ട് കത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പതിവായി ഇങ്ങിനെ തീയിടുന്നുണ്ടെങ്കിലും പക്ഷേ ഇന്നലെ തീ കൊളുത്തിയപ്പോള്‍ അപ്രതീക്ഷിതമായി പെട്ടെന്നു തന്നെ തീ ആളിപടരുകയായിരുന്നു.തീയും പുകയും കണ്ട് ഓടി കൂടിയവര്‍ തീ അണക്കാന്‍ ശ്രമം നടത്തി. തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തമൊഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."