കടലാക്രമണ ഭീതിയില്‍ തീരദേശം: ശാന്തിനഗര്‍ കടപ്പുറം, കാസര്‍കോട് ലൈറ്റ് ഹൗസ് പരിസരം, ചേരങ്കൈ കടപ്പുറം എന്നിവിടങ്ങളില്‍ കടല്‍ കരകയറി
കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ കടലോര മേഖലകള്‍ക്ക് ഇന്നലെ ഭീതിയിലാഴ്ത്തിയ പകലായിരുന്നു. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കടലാക്രമണം കൂടിയും കുറഞ്ഞും പാതിരാവരെ തുടര്‍ന്നു. വീട് കടലെടുക്കുമെന്ന ഭീതിയില്‍ പലരും ഉറക്കമൊഴിഞ്ഞ് കടല്‍ത്തീരത്തിരുന്നു. രൂക്ഷമായ കടലാക്രമണം ഭയന്നു പലരും വീടു വിട്ട് ബന്ധുവീടുകളിലേക്കു പോയി.
മത്സ്യബന്ധന ഉപകരണങ്ങളും തോണികളും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയെങ്കിലും മത്സ്യത്തൊഴിലാളികളും ഭീതിയിലായിരുന്നു.
കാസര്‍കോട് കസബ കടപ്പുറം മുതല്‍ കുമ്പള മുസോടി അദീക്ക കടപ്പുറം വരെ ഇന്നലത്തെ പകലും രാത്രിയും കടലോര ജനതയ്ക്കു ഭീതിയുടേതായിരുന്നു.
കസബ കടപ്പുറത്ത് ഇന്നലെ രാവിലെ മുതലാണ് കടലാക്രമണമുണ്ടായത്. കടല്‍ഭിത്തി തകര്‍ത്ത് കടല്‍ കരകയറിയപ്പോള്‍ നിരവധി വീടുകള്‍ ഭീഷണിയിലായി.
വീട്ടിലുള്ള സാധനങ്ങളും മറ്റും മറ്റു സ്ഥലങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയെങ്കിലും രാത്രി ഏറെ വൈകിയും വീടുകള്‍ക്കുള്ള ഭീഷണി ഒഴിവായിട്ടില്ല.
രാവിലെ ഏഴോടെ തന്നെ ശാന്തിനഗര്‍ കടപ്പുറം, കാസര്‍കോട് ലൈറ്റ് ഹൗസ് പരിസരം, ചേരങ്കൈ കടപ്പുറം എന്നിവിടങ്ങളില്‍ കടല്‍ കരകയറി.
ലൈറ്റ് ഹൗസ് പരിസരത്ത് രൂക്ഷമായ കടലാക്രമണമാണുണ്ടായത്. ഇവിടെ ഗ്രൗണ്ടിനോടു ചേര്‍ന്നു നിര്‍മിച്ച കടല്‍ഭിത്തി പൂര്‍ണമായും കടലെടുത്തു. ഗ്രൗണ്ടിനു കടലാക്രമണ ഭീതി നിലനില്‍ക്കുന്നുണ്ട്.
കുറേ ദിവസങ്ങളായി കടലാക്രമണ ഭീതി നിലനില്‍ക്കുന്ന കുമ്പള മുസോടി അദീക്ക കടപ്പുറത്ത് ഇന്നലെയും രൂക്ഷമായ കടലാക്രമണമുണ്ടായി. നാലു കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ ഒന്‍പതോളം കുടുംബങ്ങള്‍ കടലാക്രമണ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."