തീര്‍ഥാടകര്‍ക്ക് പുതിയ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു
കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുളള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മുതല്‍ പുതിയ അപകട ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വട്ടേഷന്‍ ക്ഷണിച്ചു. ഇന്ത്യയില്‍ നിന്നുള്ള 1,40,000 തീര്‍ഥാടകര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ദുരന്തങ്ങളില്‍പെട്ടുണ്ടാവുന്ന അപകടങ്ങള്‍, ഒറ്റപ്പെട്ട അപകടങ്ങള്‍ എന്നിങ്ങിനെ രണ്ടു രീതിയില്‍ തരം തിരിച്ചാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. തീര്‍ഥാടകര്‍ മക്കയിലെത്തുന്നത് മുതല്‍ മടങ്ങുന്നത് വരെയുള്ള ശരാശരി 45 ദിവസത്തിനുള്ളിലുണ്ടാവുന്ന അപകടങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.
വലിയ ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന മരണം, തീപിടിത്തം മൂലമുള്ള കൂട്ടമരണങ്ങള്‍, ഹജ്ജ് വേളയിലെ തിക്കിലും തിരക്കലുമുണ്ടാവുന്ന മരണങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഒറ്റപ്പെട്ട അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക താരതമ്യേന കുറയും. അപകടങ്ങളില്‍പെടുന്നവരുടെ പ്രായം കണക്കാക്കിയും പരുക്കേറ്റവരുടെ അവയവങ്ങള്‍ക്കുള്ള കേടുപാടുകള്‍ അനുസരിച്ചുമാണ് ഇന്‍ഷൂറന്‍സ് സ്ഥിരീകരിക്കുന്നത്. 15 വയസ്സിനും 60 നും ഇടയില്‍ പ്രായമുളളവര്‍ വലിയ ദുരന്തങ്ങളില്‍പെട്ട് മരണപ്പെടുകയാണെങ്കില്‍ 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 60 നും 65 നുമിടയില്‍ പ്രായമുള്ളവര്‍ മരണപ്പെട്ടാല്‍ ആറ് ലക്ഷവും 65 ന് മുകളില്‍ പ്രായമുള്ളവരും 15 വയസിന് താഴെയുള്ള കുട്ടികളും മരിച്ചാല്‍ മൂന്ന്‌ലക്ഷവും ഇന്‍ഷുറന്‍സ് തുക ലഭിക്കും.
അപകടങ്ങളില്‍ 15നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവയവങ്ങളോ കണ്ണുകളോ നഷ്ടപ്പെട്ടാല്‍ 10 ലക്ഷം രൂപയും ഒരു അവയവമോ കണ്ണോ നഷ്ടപ്പെട്ടാല്‍ 5 ലക്ഷവും ലഭിക്കും. ഇന്ത്യന്‍ തീര്‍ഥാടകരില്‍ 68 ശതമാനവും 15നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 60നും 65നും ഇടയില്‍ പ്രായമുളള 16 ശതമാനം തീര്‍ഥാടകരുണ്ട്. ഇവര്‍ക്ക് അവയവങ്ങളോ കണ്ണുകളോ നഷ്ടപ്പെട്ടാല്‍ ആറ് ലക്ഷവും ലഭിക്കും.65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 15വയസ്സിന് താഴെയുളള കുട്ടികള്‍ക്കും മൂന്ന് ലക്ഷം, ഒന്നരലക്ഷം രൂപ വീതവും ലഭിക്കും. 65ന് മുകളിലുള്ളവര്‍ 15 ശതമാനം 15 വയസിന് താഴെയുള്ള കുട്ടികള്‍ ഒരുശതമാനവുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."