അജ്മല്‍ ഇപ്പോഴും കാണാമറയത്ത്; പ്രാര്‍ഥനയോടെ നാട്
മാനന്തവാടി: വെള്ളിയാഴ്ച്ച പേര്യ 38 ല്‍ തോട്ടിലകപ്പെട്ട് കാണാതായ ഏഴ് വയസുകാരന്‍ അജ്മലിനു വേണ്ടിയുള്ള മൂന്നാം ദിവസത്തെ തിരച്ചിലും ഫലം കണ്ടില്ല.
ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ തിരച്ചിലില്‍ അജ്മലിന്റ കുട മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. രാവിലെയോടെ വാളാട് പ്രദേശത്തെ എട്ടംഗ സംഘവും കാസര്‍കോട് തൃക്കരിപ്പൂര്‍ പ്രദേശത്തെ കോസ്റ്റല്‍ പൊലിസില്‍ നിന്നുള്ള ആറംഗവും വിഖായ വളണ്ടിയര്‍മാര്‍, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ തുടങ്ങിയവരും കൊച്ചി നേവിയില്‍ നിന്നുള്ള ഓഫിസര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും തിരച്ചില്‍ നടത്തി. അജ്മല്‍ തോട്ടില്‍ അകപ്പെട്ട സ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറി തോട്ടില്‍ നിന്നും വെള്ളം കരകവിഞ്ഞൊഴുകിയ വാഴത്തോട്ടത്തില്‍ നിന്നാണ് അജ്മലിന്റെ കുട കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും അജ്മലിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട കിട്ടിയ സ്ഥിതിക്ക് അജ്മല്‍ തോട്ടില്‍ അകപ്പെട്ടിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മൂന്ന് ദിവസമായി നടത്തുന്ന തിരച്ചിലില്‍ നാട്ടുകാരുടെയും സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണമാണുണ്ടായത്.
വരയാല്‍ പാറത്തോട്ടം സെന്റ് മേരീസ് പള്ളി ഇടവകക്കാരാണ് തിരച്ചില്‍ നടത്തിയവര്‍ക്കുള്ള മൂന്നാം ദിവസത്തെ മുഴുവന്‍ ഭക്ഷണണങ്ങളും പാകം ചെയ്ത് നല്‍കിയത്. തിരച്ചില്‍ ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."