പൊന്‍കതിരണിഞ്ഞ് അയ്യൂബിന്റെ വിയറ്റ്‌നാം മോഡല്‍ കുരുമുളക് കൃഷി
പടിഞ്ഞാറത്തറ: പൊന്‍കതിരണിഞ്ഞ് അയ്യൂബിന്റെ വിയറ്റ്‌നാം മോഡല്‍ കുരുമുളക് കൃഷിക്ക് നൂറില്‍ നൂറ്.
കൃഷിയിടങ്ങളില്‍ വേറിട്ട രീതികള്‍ അവലംബിച്ച് വിജയം കൊയ്യുന്ന തോട്ടോളി അയ്യൂബിന്റെ കൃഷിയിടത്തിലാണ് രണ്ട് വര്‍ഷം മുമ്പ് നട്ടു പിടിപ്പിച്ച കുരുമുളക് തൈകളില്‍ കതിരുകള്‍ തളിരിട്ടു തുടങ്ങിയത്. തുടക്കത്തില്‍ വലിയ മുതല്‍ മുടക്ക് വന്നപ്പോള്‍ അന്ധാളിച്ചെങ്കിലും അതിനെല്ലാം ആശ്വാസമായിരിക്കുകയാണ് നിലവിലെ ഈ പുതുനാമ്പുകളുടെ കതിരുകള്‍. മുരിക്ക്, കമുക്, ശീമക്കൊന്ന തുടങ്ങിയവയില്‍ കൃഷി ചെയ്തിരുന്ന കുരുമുളക് കൃഷിക്ക് മാറ്റം വരുത്തി സിമന്റ് തൂണുകളില്‍ പുതിയ രീതി പരീക്ഷിച്ചാണ് അയ്യൂബിന്റെ ഈ തേരോട്ടം. ഇത്തരം വൃക്ഷങ്ങളില്‍ കൃഷി ചെയ്താല്‍ അവ കാലാവസ്ഥാ വ്യതിയാനത്താലും മറ്റും കേട് വരുന്നതിനാലാണ് ഈ പുതിയ രീതിയില്‍ കൃഷി ചെയ്യാന്‍ അയ്യൂബിനെ പ്രേരിപ്പിച്ചത്. വിയറ്റ്‌നാം മാതൃകയില്‍ കോണ്‍ക്രീറ്റ് കാലുകളില്‍ പടര്‍ത്തിയ വള്ളികളിലാണ് രണ്ടാം വര്‍ഷം തന്നെ കുരുമുളക് തളിരുകള്‍ നാമ്പെടുത്തത്. പതിനഞ്ച് അടി നീളവും നാല് ഇഞ്ച് കനവുമുള്ള കോണ്‍ക്രീറ്റിന്റെ ചതുര തൂണുകളാണ് അയ്യൂബ് തെരഞ്ഞെടുത്തത്.
തന്റെ കൃഷിയിടമായ എടവക സഫ അഗ്രി ഫാമിലെ പതിനഞ്ച് സെന്റ് ഭൂമിയില്‍ നൂറ്റമ്പത് കോണ്‍ക്രീറ്റ് കാലുകളിലായിട്ടാണ് കൃഷിയുടെ ആരംഭം. പന്നിയൂര്‍ വണ്‍, തേവം, മലബാര്‍ തുടങ്ങിയ തൈകള്‍ 2016 ജൂണില്‍ അയ്യൂബ് നട്ടു. തൂണിന്റെ വടക്കുഭാഗത്തു മാത്രമായി ഒരടി സമചതുര കുഴിയെടുത്ത് അതില്‍ ട്രൈക്കോഡര്‍മ കൊണ്ട് സമ്പുഷ്ടീകരിച്ച ചാണകവും മേല്‍മണ്ണും കൊണ്ട് നിറച്ച് ഒരാഴ്ചകഴിഞ്ഞ് ഒരു കുഴിയില്‍ മൂന്നു വീതംതൈകള്‍ നട്ടു. വേനലില്‍ ജലസേചനത്തിന് ഡ്രിപ്പ് ഇറിഗേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. കോണ്‍ക്രീറ്റ് കാലുകള്‍ ചൂടാവുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വള്ളി പറ്റിപ്പിടിച്ചു കയറാന്‍ സൗകര്യത്തിന് തൂണില്‍ ഷെയ്ഡ് നെറ്റ് കൊണ്ട് പൊതിഞ്ഞതല്ലാതെ മറ്റൊന്നും ചെയ്തില്ല.ആദ്യ വര്‍ഷം തന്നെ ഒന്നു രണ്ട് ചെടികള്‍ തിരിയിട്ടിരുന്നുവെങ്കിലും രണ്ടാം വര്‍ഷമാവുമ്പോഴേക്കും ഭൂരിഭാഗം ചെടികളും തിരിയിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."