കളി കഴിഞ്ഞില്ലേ ഇനി ഫ്‌ളക്‌സുകള്‍ ഇവര്‍ക്ക് കൊടുക്കാമോ ...?
കല്‍പ്പറ്റ: ലോക കാല്‍പന്ത് മാമാങ്കത്തിന് തിരശീല വീണില്ലേ. ഇനിയിപ്പോള്‍ ഇഷ്ട ടീമുകള്‍ക്കായി നിങ്ങളുയര്‍ത്തിയ ഫ്‌ളക്‌സുകള്‍ മഴയും വെയിലും കൊണ്ട് വെറുതെ നശിപ്പിക്കണോ.? അത് നമുക്ക് മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന പാവങ്ങള്‍ക്ക് കൊടുത്തു കൂടേ...
വയനാട്ടിലെ വിവിധ ഭാഗങ്ങളിലടക്കമുള്ള നിരവധി കുടുംബങ്ങളുടെ ദുരിത കൂരകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ നിങ്ങളുടെ ഒരു ഫ്‌ളക്‌സിന് സാധിച്ചാല്‍ നിങ്ങള്‍ക്കും സന്തോഷിച്ചു കൂടേ..അങ്ങിനെയെങ്കില്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഇതിനൊരു പദ്ധതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ വൈസ് ചെയര്‍മാന്‍ ഷമീര്‍ ചേനക്കല്‍, കെ.കെ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ ഫ്‌ളക്‌സ് ശേഖരിക്കുന്നത്. നിങ്ങള്‍ക്കും അവരെ ബന്ധപ്പെടാം.വയനാട്ടിലെ നിരവധി ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത് വാസയോഗ്യമല്ലാത്ത കുടിലുകളിലാണ്. പ്ലാസ്റ്റിക് കൊണ്ടും ഓല കൊണ്ടും മറച്ച കുടിലുകളില്‍ മഴക്കാലമാകുന്നതോടെ ചോര്‍ച്ചയാരംഭിക്കും. നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാത്ത കൂരകളില്‍ താമസിക്കുന്നത് നാലും അഞ്ചും പേരാണ്. ആദിവാസി ക്ഷേമം പറഞ്ഞ് സര്‍ക്കാര്‍ നിരവധി പദ്ധതികളിറക്കുന്നുണ്ടെങ്കിലും പലതും ലക്ഷ്യത്തിലെത്തുന്നില്ല. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ചിലര്‍ക്ക് വീടുയര്‍ന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കുടിലുകളിലാണ്. കാലവര്‍ഷം കനത്തതോടെ ദുരിതക്കയത്തിലാണിവര്‍. തിമിര്‍ത്തുപെയ്യുന്ന മഴയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കാനെങ്കിലും ഇവര്‍ക്ക് ലോകകപ്പ് ഫ്‌ളക്‌സുകള്‍ ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."