നെന്മേനി കോളനിയിലെ മൊണ്ണത്തി എവിടെ...?
മുട്ടില്‍: കൊളവയലിന് സമീപത്തെ നെന്മേനി നാലു സെന്റ് കോളനിയിലെ മൊണ്ണത്തിയെന്ന വയോധികയെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം കഴിയുകയാണ്.
ജില്ലയില്‍ മഴ ശക്തമായ ദിവസത്തിലാണ് മൊണ്ണത്തിയെ കാണാതായത്. കാണാതായ അന്ന് വൈകിട്ട് കോളനി വാസികളും നാട്ടുകാരും വിവരം മീനങ്ങാടി പൊലിസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ മൊണ്ണത്തി പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. എന്നാല്‍ ശക്തമായ മഴയില്‍ പ്രദേശത്തെ വയലുകളെല്ലാം വെള്ളത്തിനടിയിലായത് പൊലിസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. എങ്കിലും പിന്നീടുള്ള ദിവസങ്ങളിലെല്ലാം പൊലിസ് സംഘവും നാട്ടുകാരും കോളനി വാസികള്‍ക്കൊപ്പം ചേര്‍ന്ന് പലയിടങ്ങളിലും മൊണ്ണത്തിക്കായി തിരച്ചില്‍ നടത്തി. നിരാശയായിരുന്നു ഫലം. കാണാതാവുന്ന അന്ന് സമീപത്തെ ഒരു വീട്ടില്‍ മൊണ്ണത്തി എത്തിയിരുന്നു. തീര്‍ത്തും അവശയായിരുന്ന അവര്‍ അവിടെ നിന്നും ചൂടുവെള്ളം വാങ്ങിക്കുടിച്ച് പോയതാണ്. തൊട്ടടുത്ത കടയുടെ വരാന്തയില്‍ ഏറെ നേരം ഇരിക്കുകയും ചെയ്തു. അവിടെ നിന്നും തോടിന് അപ്പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കൂണ്‍ പറിക്കാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വെള്ളം കയറിക്കിടക്കുന്നതിനാല്‍ ആ ഭാഗത്തേക്കൊന്നും പോകരുതെന്ന് കടയുടമ താക്കീത് ചെയ്തു. പിന്നീട് കടയുടമ അകത്ത് പോയി അല്‍പ നേരത്തിന് ശേഷമാണ് തിരിച്ചെത്തിയത്. തിരിച്ചെത്തിയപ്പോള്‍ മൊണ്ണത്തിയെ അവിടെയൊന്നും കണ്ടില്ല. കോളനിയിലേക്ക് പോയതായിരിക്കുമെന്ന് കടയുടമയും കരുതി. എന്നാല്‍ വൈകിട്ടോടെയാണ് മൊണ്ണത്തിയെ കാണാതായതാണെന്ന് മനസിലാകുന്നത്. ഇന്നലെ പ്രദേശത്ത് നിന്ന് വെള്ളം ഇറങ്ങിയതോടെ അവസാന പ്രതീക്ഷയെന്ന നിലക്ക് പൊലിസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഫൈബര്‍ ബോട്ടില്‍ പുഴയിലൂടെ ഒരു കിലോമീറ്ററിലധികം തിരച്ചില്‍ നടത്തി. കരയിലൂടെ പൊലിസും നാട്ടുകാരും ഇവര്‍ക്കൊപ്പം തന്നെ തിരച്ചില്‍ നടത്തി. അവിടെയും ഫലം നിരാശയായിരുന്നു. വെള്ളത്തില്‍ വീണതാകമെന്ന നിഗമനത്തിലാണ് പൊലിസുള്ളത്. ഇന്നലെ വൈകിട്ട് വരെ തിരച്ചില്‍ നടത്തിയ പൊലിസ് സംഘം ഇന്നും തിരച്ചില്‍ തുടരുമെന്നാണ് പറയുന്നത്. എട്ട് ദിവസമായിട്ടും എണ്‍പതുകാരിയായ മൊണ്ണത്തിയെ കണ്ടെത്താനാവാത്തത് പൊലിസിനൊപ്പം നാട്ടുകാരെയും കുഴക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."