മോദിക്കെതിരേ ആഞ്ഞടിച്ച് പിണറായി
കൊല്ലം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പേരു പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണെന്ന് മോദി പറഞ്ഞത് പച്ചക്കള്ളമാണെന്നും പിണറായി പറഞ്ഞു.
കൊല്ലം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി പദത്തിന്റെ മാന്യത മോദി കാക്കണം. കേരളത്തില്‍ വന്ന് തീര്‍ഥാടന കേന്ദ്രമെന്നും മറ്റും പറയുകയും തൊട്ടടുത്ത് മംഗലാപുരത്ത് പോയി അയ്യപ്പന്റെ പേരില്‍ നുണ പ്രചരിപ്പിക്കുന്നത് കേരളത്തെ അപമാനിക്കലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശബരിമലയില്‍ നിരോധനാജ്ഞ (144) പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്. എന്നിട്ട് മോദിയുടെ അനുഗ്രഹാശിസുകളോടെ തന്നെ ശബരിമലയില്‍ അക്രമികളെത്തി. അവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ചിലര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അല്ലാതെ അയ്യപ്പന്റെ പേര് പറഞ്ഞതിനല്ല. കേരളത്തിലെത്തിയ മോദി വിശ്വാസം, വിശ്വാസികള്‍ എന്നൊക്കെയാണ് പറഞ്ഞത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ചെന്ന് ശബരിമലയുടെ പേരില്‍ പച്ചക്കള്ളം പറയുകയാണെന്നും പിണറായി ആരോപിച്ചു.
പ്രധാനമന്ത്രി ആദ്യം നോക്കേണ്ടത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെല്ലാം സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് തന്നെ വോട്ട് ചെയ്യുമോ എന്നാണ്. സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് തന്നെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്നാണ് മോദി പറയേണ്ടത്. കഴിഞ്ഞ ദിവസം അമിത്ഷാ വിമര്‍ശിച്ച മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കിയ കഥ കെ.ജി മാരാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോലീബി സഖ്യം ഉണ്ടായതിനെ പറ്റി അന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ആള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ആപത്തില്‍പ്പെടുന്ന കോണ്‍ഗ്രസിന് എല്ലാ കാലത്തും ബി.ജെ.പി വോട്ട് മറിച്ചുകൊടുത്തിട്ടുണ്ട്.
ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി താന്‍ ജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. ഇയാള്‍ ജയിച്ചാല്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്ന് അയാള്‍ക്കു തന്നെ ഉറപ്പില്ലാത്ത സ്ഥിതിയാണ്. 2004ല്‍ 18 സീറ്റ് കിട്ടിയത് പോലെ ഇത്തവണയും ഇടതുപക്ഷത്തിന് മികച്ച നേട്ടമുണ്ടാക്കാനാകും. മന്‍മോഹന്‍ സിങ് മാറി നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ പേരില്‍ മാത്രമാണ് മാറ്റമുണ്ടായതെന്നും ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായിട്ടില്ല. ഇരുകൂട്ടരും നവഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയാണ് നടപ്പിലാക്കിയത്. ഇതില്‍ മാറ്റം വരണമെങ്കില്‍ ബദല്‍ നയങ്ങളുടെ സര്‍ക്കാര്‍ വരണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."