അസോ. യോഗത്തില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ പ്രതിഷേധം
തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷന് യോഗത്തില്‍ പൊട്ടിത്തെറിച്ച് എ.ഡി.ജി.പി സുദേഷ്കുമാര്‍. പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ തന്റെ മകള്‍ മര്‍ദിച്ചുവെന്ന കേസ് വന്നപ്പോള്‍, തന്നെ സംരക്ഷിക്കാന്‍ ആരുമുണ്ടായില്ലെന്നായിരുന്നു എ.ഡി.ജി.പിയുടെ പരാതി. ആവശ്യഘട്ടത്തില്‍ തന്നെ സംരക്ഷിക്കാനോ തന്റെ വാദം കേള്‍ക്കാനോ തയാറാകാത്ത അസോസിയേഷന്റെ ആവശ്യം ഇനി തനിക്കില്ലെന്നും സുദേഷ്കുമാര്‍ തുറന്നടിച്ചു. അതേസമയം അസോസിയേഷനിലെ നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ചയായില്ല. സെപ്റ്റംബര്‍ 16ന് നടക്കുന്ന പൊതുയോഗത്തില്‍ നേതൃമാറ്റം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
സേനയിലെ ദാസ്യപ്പണി വിവാദമായതിനു പിന്നാലെ പുതിയ നിയമാവലി അംഗീകരിച്ച് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ട് ടോമിന് ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം രംഗത്തെത്തിയിരുന്നു. അസോസിയേഷന് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 41 പേര് സെക്രട്ടറി പി. പ്രകാശിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
ടോമിന് തച്ചങ്കരിയെ പ്രസിഡന്റും ഐ.ജി വിജയ് സാഖറയെ സെക്രട്ടറിയും ആക്കണമെന്നായിരുന്നു വിമത വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ നേതൃമാറ്റം ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തെ വിഷയം അജണ്ടയിലില്ലെന്ന കാരണം പറഞ്ഞ് ഔദ്യോഗിക പക്ഷം പ്രതിരോധിക്കുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."