HOME
DETAILS
MAL
തദ്ദേശ സ്ഥാപനങ്ങളില്‍ മാറ്റങ്ങളില്ലാതെ തെരഞ്ഞെടുപ്പ് കാല്‍നൂറ്റാണ്ടിന് ശേഷം ആദ്യം
backup
August 03 2020 | 03:08 AM
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന് കാല്‍നൂറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഡുകളുടേയും വിഭജനങ്ങളില്ലാതെ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നു. കൊവിഡ് മഹാമാരി മൂലം തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ 2015 ലുളള രീതിയില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
1995 ല്‍ സംസ്ഥാനത്ത് പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്നതിനു ശേഷം നാലു തദ്ദേശ തെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതില്‍ നാലു തവണയും പഞ്ചായത്തുകള്‍ നഗരസഭകളോടും കോര്‍പറേഷനുകളോടും ചേര്‍ത്തു വാര്‍ഡ് വിഭജിച്ചാണ് തെരഞ്ഞെടുപ്പിന് നേരിട്ടത്. ഈ വര്‍ഷം വാര്‍ഡ് വിഭജനത്തിന്റെ നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതിനിടയിലാണ് കൊവിഡില്‍ കുരുങ്ങി നടപടികള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
1995-ല്‍ 990 ഗ്രാമ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 55 നഗരസഭകളും മൂന്ന് കോര്‍പറേഷനുമാണ് സംസ്ഥാനുണ്ടായിരുന്നത്. ഇതില്‍ ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അതിര്‍ത്തി പുനര്‍നിര്‍ണയമല്ലാതെ എണ്ണം ഇക്കാലമത്രയും വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ 2000 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 പഞ്ചായത്തുകള്‍ നഗരസഭകളില്‍ ലയിപ്പിച്ചും വലിയ പഞ്ചായത്തുകള്‍ വിഭജിച്ച് 20 പഞ്ചായത്തുകള്‍ പുതുതായി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 991 ആയി. നഗരസഭകള്‍ കൂട്ടിച്ചേര്‍ത്ത് രണ്ട് കോര്‍പറേഷന്‍ രൂപീകരിക്കുകയും ചെയ്തു. ഇതോടെ നഗരസഭകള്‍ രണ്ടെണ്ണം കുറഞ്ഞ് 53 ആയി. 2005ല്‍ എട്ട് ഗ്രാമപഞ്ചായത്തുകളാണ് പുതുതായി രൂപീകരിച്ചത്. ഇതോടെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 999 ആയി ഉയര്‍ന്നു.
2010-ല്‍ ഏഴ് നഗരസഭകള്‍ പുതുതായി രൂപീകരിച്ചതോടെ നഗരസഭകള്‍ 60 ആയി. ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 978 ആയി കുറഞ്ഞു. 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ 70 ഗ്രാമപഞ്ചായത്തുകളും 28 നഗരസഭകളും ഒരു കോര്‍പറേഷനും പുതുതായി രൂപീകരിക്കാന്‍ തുനിഞ്ഞെങ്കിലും ഇടതുപക്ഷം എതിര്‍ത്തു. ഇതോടെ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ത്ത് 28 നഗരസഭകളും ഒരു കോര്‍പറേഷനും രൂപീകരിച്ച് ഗ്രാമപഞ്ചായത്ത് വിഭജനം ഒഴിവാക്കുകയായിരുന്നു. നിലവില്‍ ആറ് കോര്‍പറേഷന്‍, 88 നഗരസഭ, 978 ഗ്രാമപഞ്ചായത്ത്, 153 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകളുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."