ഓലയില്‍ ജീവിതം മെടഞ്ഞ് ആയിഷ
അബ്ബാസ് മംഗലംഡാം
മംഗലംഡാം: ഓലയില്‍ ജീവിതം മെടഞ്ഞെടുത്ത് ജീവിതലക്ഷ്യം നേടുകയാണ് ആയിഷ. വീട്ടിക്കല്‍ കടവ് പുഴയോരത്ത് തന്റെ മൂത്ത സഹോദരി ജമീല വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തുവന്ന ഓലമടയല്‍ ജോലി ഏകദേശം 20 വര്‍ഷത്തോളമായി ആയിഷയാണ് ചെയ്തുവരുന്നത്. മുന്‍കാലങ്ങളില്‍ ഓലപ്പുരകള്‍ ധാരാളമായി ഉണ്ടായിരുന്നത് കൊണ്ട് ഈ തൊഴിലിന് നല്ല ഡിമാന്റ് ആയിരുന്നു. ഇപ്പോള്‍ കൂടുതലായും കോഴിഫാമുകളിലേക്കും കോണ്‍ക്രീറ്റ് വീടുകളുടെ 'മുകളില്‍ വിരിക്കാനുമാണ് മെടഞ്ഞ ഓലകൊണ്ട് പോകുന്നത്. തെങ്ങിന്‍ തോട്ടങ്ങളില്‍നിന്നു വില കൊടുത്ത് ഉണങ്ങിയ തെങ്ങിന്‍ പട്ടകള്‍ ശേഖരിച്ച് വാഹനത്തില്‍ കയറ്റി പണിസ്ഥലത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം ഈ ഓല വെള്ളത്തിലിട്ട് പാകപ്പെടുത്തി പട്ട രണ്ടായി കീറി രണ്ട് പാളിയായിട്ടാണ് മെടഞ്ഞെടുക്കുക. ഇത്തരം 40 പാളികള്‍ ചേര്‍ന്ന 20 ജോഡിയാണ് ഒരു കെട്ട്. ഇങ്ങിനെയുള്ള ഒരു കെട്ടിന് ഇപ്പോള്‍ കിട്ടുന്ന വില 350 രൂപയാണ്. ഒരു ദിവസം ഒരാള്‍ 10 മണിക്കൂറൊക്കെ പണിയെടുത്താല്‍ പരമാവധി ഒന്നര കെട്ട് ഓല മെടയാന്‍ കഴിയും. കോഴിഫാമിന്റെ ഓര്‍ഡറൊക്കെ വന്നാല്‍ 200 കെട്ടൊക്കെ ഒരുമിച്ച് വേണ്ടി വരും. അപ്പോള്‍ രണ്ടോ മൂന്നോ പേരെ പണിക്ക് കൂട്ടും. അവര്‍ക്കുള്ള കൂലിയും ചെലവുമൊക്കെ കൊടുത്ത് മിച്ചമൊന്നുമില്ലെങ്കിലും പറഞ്ഞ സമയത്ത് സാധനം കൊടുക്കാന്‍ സാധിക്കും. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് പണിയില്ലാത്ത ദിവസങ്ങളില്‍ സഹായത്തിനെത്തും. കഴിഞ്ഞ പ്രളയകാലത്ത് ഇവര്‍ താമസിച്ചിരുന്ന വീട് തകര്‍ന്ന് വീണിരുന്നു. ടാര്‍പോളിന്‍വലിച്ച് കെട്ടി താല്‍ക്കാലിക ഷെഡ് ഉണ്ടാക്കി ആയിഷയും കുടുംബവും അതിലാണ് താമസിച്ച് വരുന്നത്. പഞ്ചായത്തില്‍ നിന്ന് 40,000 രൂപ അനുവദിച്ച് കിട്ടി. അടുത്തഘട്ടത്തില്‍ കൂടുതല്‍ സഹായം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് ഹൃദ്രോഗി കൂടിയായ ആയിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."