വിരുന്നുകാരനായി വൈദ്യുതി: പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില
അഗളി: സ്ഥിരമായി വൈദ്യുതി ലഭിക്കാതെ ദുരിതത്തിലായി മേലെ സാമ്പാര്‍ക്കോട് പ്രദേശവാസികള്‍. അഞ്ചുമിനുറ്റില്‍ കൂടുതല്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കനാകുന്നില്ലെന്നുള്ള പരാതിയുമായി നാട്ടുകാര്‍ അഗളി കെ.എസ്.ഇ.ബി അധികൃതരെ സമീപിച്ചു.
പ്രദേശത്തെ നിരവതിയാളുകള്‍ ഒപ്പിട്ട നിവേദനം അഗളി ഇലക്ട്രിസിറ്റി സബ് എന്‍ജിനിയര്‍ക്ക് കൈമാറി. മോട്ടോര്‍ പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ ശിരുവാണിപ്പുഴയെ ആശ്രയിച്ചു കഴിയുന്ന സാമ്പാര്‍ക്കോട് നിവാസികള്‍ കടുത്ത ജലക്ഷാമത്തിലാണ്. പുഴയില്‍ നിന്ന് വെള്ളം തലചുമടായി കൊണ്ടുവന്നാണ് വീട്ടാവശ്യങ്ങള്‍ക്കും കുടിയ്ക്കുന്നതിനും ഉപയോഗിക്കുന്നത്. കടുത്തവേനലില്‍ നയ്ക്കാനാകാതെ പ്രദേശത്തെ കൃഷിയെല്ലാം ഉണങ്ങി നശിച്ചു.
ചെറുധാന്യഗ്രാമം പദ്ധതി പ്രകാരമുള്ള കൃഷികളും ഉണങ്ങി വരണ്ടു. സര്‍ക്കാരിന്റെ ജലനിധി പദ്ധതിയും വൈദ്യുതി പ്രശ്‌നം കാരണം ഉപയോഗപ്പെടുത്താനാകുന്നില്ല. രാത്രിയില്‍ വെളിച്ചമില്ലാത്തതിനാല്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു. മേലെ സാമ്പാര്‍ക്കോട് പ്രദേശത്തേയ്ക്ക് വൈദ്യുതി എത്തിക്കുന്ന തകരപ്പാടിയിലെ രണ്ടാം നമ്പര്‍ ട്രാന്‍സ്‌ഫോര്‍മറാണ് തകരാറിലായിരിക്കുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള ഒന്നാം നമ്പര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഉപഭോഗ്താക്കള്‍ക്ക് മുടങ്ങാതെ വൈദ്യുതി ലഭിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
രണ്ടു വര്‍ഷത്തിലേറെയായി പ്രദേശത്ത് വൈദ്യുതി പ്രശ്‌നം ഉണ്ട്. ദിവസവും നിരവധി തവണയാണ് അഗളി കെ.എസ്.ഇ.ബി ഓഫീസില്‍ വിളിച്ച് പ്രദേശവാസികള്‍ പരാതിപറയുന്നത്. എന്നാല്‍ ഇവിടെയെത്തുന്ന ജീവനക്കാര്‍ ഫീസ് കെട്ടി തിരിച്ച് പോകുകയാണ് പതിവെന്നും യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നൂറേക്കര്‍, സാമ്പാര്‍ക്കോട് പ്രദേശത്ത് നിരവധി മോട്ടോര്‍ പമ്പ് സെറ്റുകള്‍ക്കും വീടുകള്‍ക്കും കണക്ഷന്‍ നല്‍കിയതുമൂലമുള്ള ഓവര്‍ ലോഡാണ് ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലാകാന്‍ കാരണം. പ്രദേശത്ത് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മേലെ സാമ്പാര്‍ക്കോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."