ഓണക്കാലം ലക്ഷ്യമിട്ട് ലഹരി വസ്തുക്കളുടെ വരവ് വര്‍ധിച്ചതായി സൂചന
കൊട്ടാരക്കര: ഓണക്കാലം ലക്ഷ്യമിട്ട് കിഴക്കന്‍ മേഖലയില്‍ ലഹരി വസ്തുക്കളുടെ വരവ് വര്‍ധിച്ചതായി സൂചന. കഞ്ചാവ്, വ്യാജ മദ്യം, സ്പിരിറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഒഴുകിക്കെണ്ടിരിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ തമിഴ്‌നാട് വഴിയുള്ള ലഹരി വസ്തുക്കളാണ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.
റോഡ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും ഇവ എത്തിച്ചേരുന്നുണ്ട്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ കര്‍ക്കശ പരിശോധനകളില്ലാത്തത് കടത്തുകാര്‍ക്ക് ഗുണകരമായിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചേരുന്നത്. പുകയില ഉല്‍പന്നങ്ങളും കഞ്ചാവും കടത്തുന്നത് പച്ചക്കറി വാഹനങ്ങള്‍ വഴിയാണ്. പുലര്‍ച്ചെക്ക് ചെക്ക് പോസ്റ്റിലെത്തുന്ന വാഹനങ്ങളെ അധിക സമയം നിര്‍ത്തിയിട്ട് പരിശോധിക്കാറില്ല . ലഹരി വസ്തുക്കള്‍ അടിത്തട്ടില്‍ നിരത്തിയ ശേഷം മുകളില്‍ പച്ചക്കറി കയറ്റിയാണ് ഇത്തരം വാഹനങ്ങള്‍ വരുന്നത്. പച്ചക്കറി വ്യാപാരത്തേക്കാള്‍ ലാഭകരമായതിനാല്‍ പലരും ഇപ്പോള്‍ ലഹരി കത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. കൊല്ലം ചെങ്കോട്ട ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത് ലഹരി കടത്തുകാര്‍ക്കു അനുഗ്രഹമായിട്ടുണ്ട്.
രാത്രി കാല സര്‍വിസുകള്‍ കൂടി ആരംഭിച്ചതോടെ ഗുണം ഇരട്ടിയായി. എല്ലാ വിധ ലഹരി വസ്തുക്കളും എളുപ്പത്തില്‍ കടത്താന്‍ കഴിയുന്നുണ്ട്. പുനലൂര്‍ മുതല്‍ കൊല്ലം വരെയുള്ള ചെറിയ സ്റ്റേഷനുകളില്‍ രാത്രി കാലത്ത് കയറാനും ഇറങ്ങാനും അധികമാളുണ്ടാകാറില്ല.സ്റ്റേഷന്റെ പ്രവര്‍ത്തനവും പരിമിതമായിരിക്കും.സ്റ്റേഷനുകളില്‍ വെളിച്ച വിതാനവും പരിമിതമാണ്. സ്റ്റേഷനു പുറത്തുള്ള ബോഡികളില്‍ നിന്നും എളുപ്പത്തില്‍ ഇരുളിലേക്ക് മറയാനും കഴിയും. റെയില്‍വേ പ്രെട്ടക്ഷന്‍ ഫോഴ്‌സിന്റെ സാന്നിധ്യമോ പരിശോധനകളോ ട്രെയിനിലോ സ്റ്റേഷനുകളിലോ ഉണ്ടാകാറുമില്ല. തമിഴ്‌നാട്ടില്‍ നിര്‍മ്മിക്കുന്ന വ്യാജ വിദേശ മദ്യവും സ്പിരിറ്റു മൊക്കെ കടത്തുന്നതിന് രാത്രി കാല ട്രെയിനുകളാണ്.കള്ളു ഷാപ്പുകളില്‍ ലഹരിക്കുള്ള നിര്‍മാണത്തിനു വേണ്ടിയാണ് സ്പിരിറ്റ് സംഭരിച്ചു വരുന്നത്. ബാറുകള്‍ കേന്ദ്രീകരിച്ച് സെക്കന്റ്‌സ് മദ്യം വില്‍ക്കുന്നതിനും ഇത് ശേഖരിച്ചു വരുന്നു. ജില്ലയില്‍ ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളതെങ്കിലും എല്ലാ ബാറുകള്‍ കേന്ദ്രീകരിച്ചും കുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള പ്രത്രേക കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവിടങ്ങളില്‍ ഓണക്കാലത്ത് വന്‍ വില്‍പ്പനയാണ് നടത്തിപ്പുകാര്‍ പ്രതീക്ഷിക്കുന്നത്. സ്പിരിറ്റ് സംഭരിക്കുന്നതും ഇതിനു വേണ്ടിയാണ്. വ്യാജ മദ്യ വില്‍പ്പനക്കാരാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ വിദേശമദ്യം സംഭരിച്ചു വരുന്നത്.
മുന്തിയ തരം വിദേശ മദ്യങ്ങളുടെ കുപ്പിയും ലേബലുമായിരിക്കും ഈ വ്യാജന്. സ്പിരിറ്റിന്റെ മണത്തിനും രുചിക്കുമുള്ള രാസവസ്തുക്കള്‍ ചേര്‍ത്താണ് വ്യാജന്‍ തയ്യാറാകുന്നത്. തമിഴ് ഗ്രാമങ്ങളില്‍ മിക്കയിടത്തും ഇതിന്റെ നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ ഓണക്കാലമാണ് ഇവരുടെ പ്രതീക്ഷ. ഓണക്കാലം ലക്ഷ്യമിട്ട് വനമേഖലകളില്‍ വന്‍തോതില്‍ വ്യാജവാറ്റാരംഭിച്ചതായും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം സൂചന നല്‍കുന്നു. നിലച്ചിരുന്ന വ്യാജവാറ്റ് നാട്ടിന്‍ പുറങ്ങളിലും പുനരാരംഭിച്ചിട്ടുണ്ട്. ഓണക്കാലമടുക്കുമ്പോള്‍ പൊലിസ് എക്‌സൈസ് പരിശോധനകള്‍ കര്‍ക്കശമാക്കുമെന്ന് ലഹരി കടത്തുകാര്‍ക്കറിയാം. അതിനാല്‍ മുന്‍ക്കുട്ടി തന്നെ ഇവ സംഭരിക്കാനുള്ള തത്രപ്പാടിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."