മൂന്നാറില്‍ സി.പി.ഐ ഓഫിസിന്റെ അധികഭൂമി ഏറ്റെടുക്കാന്‍ എട്ടുവര്‍ഷത്തിനു ശേഷവും നടപടിയില്ല
തൊടുപുഴ: മൂന്നാറിലെ കൈയേറ്റത്തിനെതിരേ മുഖംനോക്കാതെ നടപടിയെന്ന് സി.പി.ഐയും റവന്യു മന്ത്രിയും ആവര്‍ത്തിക്കുമ്പോഴും മൂന്നാര്‍ പാര്‍ട്ടി ഓഫിസിന്റെ അധികഭൂമി ഏറ്റെടുക്കാത്തത് സി.പി.ഐ നിലപാടിന് കളങ്കമാകുന്നു. സി.പി.ഐ ഓഫിസിന്റെ പക്കല്‍ അധികമുണ്ടെന്നു കണ്ടെത്തിയ 9.73 സെന്റ് സ്ഥലം വീണ്ടെടുക്കാന്‍ എട്ട് വര്‍ഷത്തിനു ശേഷവും നടപടിയില്ല. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടല്‍ തുടരവെ, വിഷയത്തില്‍ സി.പി.ഐയുടെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുകയാണ്. മൂന്നാര്‍ ടൗണിലെ ഭൂമിവില എറണാകുളം മറൈന്‍ഡ്രൈവിലേതിനേക്കാള്‍ അധികമാണ്.
2008 ജൂണ്‍ ഏഴിനാണു സി.പി.ഐ ഓഫിസ് മന്ദിരഭൂമിയില്‍ അധികസ്ഥലമുണ്ടെന്നു ദേവികുളം തഹസില്‍ദാര്‍ കണ്ടെത്തിയത്. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ആവശ്യപ്രകാരം റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയത്തില്‍പ്പെട്ട സ്ഥലം കഴിച്ചുള്ളതാണ് 9.73 സെന്റ് ഭൂമി. 1937 ലെ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ എട്ടാം നമ്പര്‍ ചെമ്പുപട്ടയപ്രകാരം കല്ലുമല പുത്തന്‍പറമ്പില്‍ കോശിക്കു ലഭിച്ച ഏഴു സെന്റ് സ്ഥലമാണു പിന്നീട് സി.പി.ഐക്കു ലഭിച്ചതെന്നാണു രേഖകള്‍. കെ.ഡി.എച്ച് വില്ലേജ് 6269ല്‍പ്പെടുന്ന ഈ ഭൂമി ഭാര്യ അന്നമ്മയ്ക്കു കോശി ഇഷ്ടദാനം നല്‍കി. 43 ല്‍ ദേവികുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ 115ാം നമ്പര്‍ തീരാധാരപ്രകാരം തിരുവനന്തപുരം വെള്ളയമ്പലത്തെ ലീലാ തങ്കച്ചിക്കും 55 ല്‍ 492 ാം നമ്പര്‍ ആധാരപ്രകാരം പുതുപ്പള്ളി വാഴേപ്പറമ്പില്‍ എബ്രഹാമിനും ലഭിച്ചു. 1959 ലാണു 339 ാം നമ്പര്‍ ആധാരമനുസരിച്ച് സി.പി.ഐ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി എം.എന്‍ ഗോവിന്ദന്‍ നായര്‍ 17,000 രൂപയ്ക്ക് ഈ ഭൂമി വാങ്ങിയതെന്നും രേഖകള്‍ പറയുന്നു.
1999 ഏപ്രില്‍ അഞ്ചിനാണ് 11.5 സെന്റിന് പി.കെ വാസുദേവന്‍ നായരുടെ പേരില്‍ രവീന്ദ്രന്‍ പട്ടയം ലഭിച്ചത്. ചെമ്പുപട്ടയമുള്ള ഏഴു സെന്റ് സ്ഥലം കൂടി ഉള്‍പ്പെടുത്തിയതിനാല്‍ ഈ പട്ടയം റദ്ദാക്കണമെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. ഇതേത്തുടര്‍ന്നു സ്ഥലം പരിശോധിച്ച ദേവികുളം താലൂക്ക് സര്‍വേയര്‍ 16.73 സെന്റ് സ്ഥലം സി.പി.ഐയുടെ കൈവശമുള്ളതായി കണ്ടെത്തി. ചെമ്പുപട്ടയമുള്ളതായി പറയുന്ന ഏഴു സെന്റ് ഒഴിവാക്കിയാലും 9.73 സെന്റ് സ്ഥലം നിയമപ്രകാരം പിടിച്ചെടുക്കേണ്ടതുണ്ട്.
1958 ലെ ഭൂസംരക്ഷണ നിയമപ്രകാരം നിരോധന കരം കെട്ടിയിട്ടില്ലാത്തതിനാല്‍ അധിക ഭൂമിയില്‍ കൈവശാവകാശവും നിലനില്‍ക്കില്ല. ഭൂസംരക്ഷണ നിയമം 7, 8, 9 വകുപ്പനുസരിച്ച് എല്ലാ സര്‍ക്കാര്‍ ഭൂമിയിലെയും അനധികൃത പ്രവേശനം നിരോധിക്കാനും കൈയേറ്റക്കാരുടെ മേല്‍ ശിക്ഷണ നടപടി സ്വീകരിക്കാനും സര്‍ക്കാരിന് അവകാശമുണ്ട്.
ഇവിടെ സ്ഥിരമോ താല്‍ക്കാലികമോ ആയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ ആ ഭാഗം ഒഴിപ്പിക്കേണ്ടതില്ല. കൈയേറ്റത്തിന്റെ സ്വഭാവം, കാലാവധി, വില എന്നിവ തിട്ടപ്പെടുത്തണം. പിഴ, നിരോധന കരം എന്നിവ ഇതിന്‍മേല്‍ ചുമത്താം. ഇങ്ങനെ ചുമത്തപ്പെട്ടാല്‍ മാത്രമാണു കൈവശാവകാശത്തിന്റെ ആനുകൂല്യം ലഭിക്കുക.
കൈയേറ്റം നടന്ന കാലം മുതലുള്ള നികുതിയാണു നിരോധന കരമായി ചുമത്തുക. എല്ലാ വര്‍ഷവും ഈ തുക അടച്ച് നിരോധന കരം പുതുക്കണം. വില്ലേജ് ഓഫിസര്‍ പരിശോധിച്ച് സ്‌കെച്ച് തയാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാരാണു ഭൂസംരക്ഷണക്കേസ് ബുക്ക് ചെയ്യേണ്ടത്. ഇതിന്റെ ഫയല്‍ താലൂക്ക് - വില്ലേജ് ഓഫിസുകളില്‍ സൂക്ഷിച്ചിരിക്കണം. എന്നാല്‍, സി.പി.ഐ ഓഫിസ് സ്ഥിതിചെയ്യുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലോ ദേവികുളം താലൂക്ക് ഓഫിസിലോ ഭൂമിയുമായി ബന്ധപ്പെട്ട യാതൊരു രേഖയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."