ഹാജിമാരെ സഊദി യാത്രയാക്കിയത് സമ്മാനങ്ങളുമായി
റിയാദ്: വിവിധ പ്രത്യേകതകള്‍ നിറഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ ഹാജിമാരുമായി നടന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത ഹാജിമാരെ യാത്രയാക്കിയത് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി. ഹജ്ജ് കഴിഞ്ഞു സ്വദേശങ്ങളിലേക്ക് യാത്ര തിരിക്കുമ്പോഴാണ് സന്തോഷ സൂചകമായി ഹാജിമാര്‍ക്ക് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം ഉയര്‍ന്ന മൂല്യമുള്ള വാച്ചുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമടക്കമുള്ള സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കിയത്. പതിവിന് വിപരീതമായി ഈ വര്‍ഷം ഹാജിമാര്‍ക്ക് മുഴുവന്‍ സേവനങ്ങളും സൗജന്യമായിരുന്നു. സാധാരണ നിലയില്‍ ഹാജിമാര്‍ക്ക് തസ്‌രീഹ് (അനുമതിപത്രം) ലഭ്യമാകണമെങ്കില്‍ നിശ്ചിത ഫീസ് അടക്കേണ്ടിയിരുന്നു.
എല്ലാ തീര്‍ഥാടകരുടെയും ചലനങ്ങള്‍ നിരീക്ഷിക്കാനും യഥാസമയം സുരക്ഷ ഉറപ്പുവരുത്താനും ഹജ്ജ് മോണിറ്ററിങ് കേന്ദ്രത്തെ കാമറകളുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന ജമറാത്ത് പാലം നിരീക്ഷിക്കുന്ന ചുമതലയുള്ള കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍ ഖഹ്താനി പറഞ്ഞു. 6250 സി.സി.ടി.വി കാമറകള്‍ വഴിയാണ് ഓരോ തീര്‍ഥാടകരെയും നിരീക്ഷിച്ചിരുന്നത്.
അതിനിടെ, അനധികൃത തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച് പിടിയിലായ ഏഴു പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് സീസണ്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റികള്‍ ശിക്ഷിച്ചു. തടവും പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ ലഭിച്ചത്. കുറ്റക്കാരായ രണ്ടു വിദേശികളെ നാടുകടത്താനും വിധിയുണ്ട്. ഇവര്‍ക്ക് തൊഴില്‍ വിസയില്‍ സഊദിയലേക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."