മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ സ്പീക്ക് അപ് കേരള
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സ്പീക്ക് അപ് കേരള എന്ന പേരില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം യു.ഡി.എഫ് നേതാക്കള്‍ സത്യഗ്രഹമിരുന്നു. രാജ്യദ്രോഹപരമായ സ്വര്‍ണക്കള്ളക്കടത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന് കീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യു.ഡി.എഫിന്റെ എം.പിമാരും എം.എല്‍.എമാരും നേതാക്കളും സ്പീക്ക് അപ് കേരള സമരത്തിന്റെ ഭാഗമായത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനപ്രതിനിധികളും നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഓഫിസുകളിലോ വീടുകളിലോ ആണ് സത്യഗ്രഹം നടത്തിയത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ആയിരുന്നു സത്യഗ്രഹം. വിഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ സത്യഗ്രഹങ്ങളെയും ബന്ധിപ്പിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ സത്യഗ്രഹമിരുന്ന് സമരത്തിന് നേതൃത്വം നല്‍കി. സത്യഗ്രഹം ഡല്‍ഹിയില്‍ നിന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി സമരത്തിന്റെ സമാപനം നിര്‍വഹിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലും സത്യഗ്രഹം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."