മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക്; ജനം വലഞ്ഞു
വടകര: ദേശീയപാതയില്‍ മൂരാട് പാലത്തില്‍ ഇന്നലെ രാവിലെയുണ്ടായ ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു. ഒരു മണിക്കൂറോളമാണ് വാഹനങ്ങള്‍ നിശ്ചലമായത്. രാവിലെ ഓഫിസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിപ്പെടേണ്ടവര്‍ പെരുവഴിയിലായി.
വീതി കുറഞ്ഞ പാലത്തിലേക്ക് ഇരുഭാഗത്തു നിന്നും ഓരോ ലോറികള്‍ പ്രവേശിച്ചതാണ് ഗതാഗത കുരുക്കിനു വഴിവെച്ചത്. തൊട്ടുപിന്നാലെ മറ്റു വാഹനങ്ങളും എത്തിയതോടെ ഒരു ഭാഗത്തേക്കും പോകാനാവാതെ പാലവും റോഡും വാഹനങ്ങളാല്‍ നിറഞ്ഞു. സ്ഥലത്തെത്തിയ ഹൈവേ പട്രോള്‍ സംഘം ഏറെ പണിപ്പെട്ടാണ് തടസം നീക്കിയത്.
പാലത്തിന്റെ ഇരു ഭാഗത്തും പൊലിസ് സാന്നിധ്യം പതിവാണെങ്കിലും രാവിലെ കനത്ത മഴയത്താണ് ലോറികള്‍ പാലത്തിലേക്കു കയറിയതും കുരുക്കിലകപ്പെട്ടതും. റോഡിലെ കുഴികളും വില്ലനായി. മൂരാട് പാലം ദേശീയപാതയില്‍ ദുരിതം വിതക്കുന്നത് പതിവായിട്ട് കാലമേറെയായി. ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ളതും വീതി കുറഞ്ഞതുമായ പാലം പുതുക്കി പണിയണമെന്ന ആവശ്യം ജലരേഖയായി തുടരുകയാണ്. ഇക്കാര്യത്തില്‍ ദേശീയപാത വിഭാഗം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."