റെയില്‍വേ അവഗണന; ഡിവിഷനല്‍ ഓഫിസിലേക്ക് മുസ്ലിം ലീഗ് മാര്‍ച്ച്
പാലക്കാട്: ജില്ലയോടുള്ള റെയില്‍വേ അധികാരികളുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പാലക്കാട് ഒലവക്കോടുള്ള റെയില്‍വേ ഡിവിഷനല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേക്ക് മികച്ച വരുമാനം നല്കുന്ന ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഈ അവകാശ സമരം വിജയം വരെ തുടരുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ലയിലൂടെ സര്‍വിസ് നടത്തുന്ന 28 വണ്ടികള്‍ക്ക് എവിടെയും സ്റ്റോപ്പില്ല. കേരളത്തിലെ മറ്റു സ്റ്റേഷനുകളുടെ അപേക്ഷിച്ച് ജില്ലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല.
സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്തും സംഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടും എത്രയും വേഗം പരിഹാരം ഉണ്ടാക്കണം. നിലമ്പൂര്‍നഞ്ചന്‍കോട് റെയില്‍പാത കമ്മിഷന് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായി. പി.വി അബ്ദുല്‍വഹാബ് എം.പി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എല്‍.എമാരായ കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, പി.ഉബൈദുല്ല, പി.കെ അബ്ദുറബ്ബ്, സി.മമ്മൂട്ടി, എന്‍.ഷംസുദ്ദീന്, നാലകത്ത് സൂപ്പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ഉമ്മര്‍ അറക്കല്‍ സംസാരിച്ചു. തുടര്‍ന്ന് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷാമിക്ക്നിവേദനം നല്കി. പ്രധാന ട്രെയിനുകള്‍ക്ക് മലപ്പുറത്ത് സ്റ്റോപ്പ് അടക്കമുള്ള കാര്യങ്ങളില്‍ എത്രയും വേഗം തീര്‍പ്പാക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് അയക്കുമെന്ന് മാനേജര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."