മെസ്സി മാജിക്കില്‍ യുനൈറ്റഡിനെ മുക്കി ബാഴ്‌സ സെമിയില്‍; അയാക്‌സിനു മുന്നില്‍ കീഴടങ്ങി യുവന്റസ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്
ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണയും യുവന്റസിനെ കീഴ്‌പ്പെടുത്തി അയാക്‌സും സെമിയില്‍. ഇന്നു പുലര്‍ച്ചെ ബാഴ്‌സയുടെ മൈതാനമായ നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ രണ്ടുഗോളുകളുള്‍പ്പെടെ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ഫിലിപ്പെ കുടീഞ്ഞ്യോയാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ അടിച്ചത്.
ഇരുപാദങ്ങളിലുമായി 4- 0 ന്റെ വിജയം നേടിയാണ് ബാഴ്‌സയുടെ സെമിപ്രവേശനം. യുനൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ നടന്ന ആദ്യപാദത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സ വിജയിച്ചിരുന്നു. 2015ന് ശേഷം ബാഴ്‌സ ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടക്കുന്നത്.
10ാം മിനിറ്റില്‍ റാക്കിട്ടിച്ചിനെ ഫ്രെഡ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ യുണൈറ്റഡ് താരങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് റിവ്യൂചെയ്തപ്പോള്‍ റഫറി തീരുമാനം മാറ്റുകയായിരുന്നു. 16ാം മിനിറ്റിലാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍. പന്ത് ക്ലിയര്‍ ചെയ്യാനുള്ള യുനൈറ്റഡ് ഡിഫന്‍സിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് മെസ്സി ഇടംകാലുകൊണ്ട് ഗോള്‍ കീപ്പര്‍ ഡിഹിയയെ നിസ്സഹായനാക്കി വലയിലെത്തിച്ചു, 1- 0.
ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് യുനൈറ്റഡ് ഉണരും മുന്‍പേ വീണ്ടും മെസ്സി പ്രഹരമേല്‍പ്പിച്ചു. 20ാം മിനിറ്റില്‍ യുണൈറ്റഡ് പ്രതിരോധത്തെ വെട്ടിച്ച് മെസ്സി വലംകാലുകൊണ്ട് തൊടുത്ത ഷോട്ട് തടയുന്നതില്‍ ഡിഹിയക്ക് പിഴച്ചു, 2- 0. രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആധിപത്യത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 61ാം മിനിറ്റില്‍ 25 വാര അകലെ നിന്ന് തൊടുത്ത ഒരു ഷോട്ടിലൂടെ കുടീഞ്ഞ്യോ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഡച്ച് ശക്തികളായ അയാക്‌സിനോട് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കു കീഴടങ്ങിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ടീം ലീഗില്‍ നിന്ന് പുറത്തായത്. ആദ്യപാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് പാദങ്ങളിലുമായി 3- 2 ന് വിജയിച്ചാണ് അയാക്‌സ് സെമി പ്രവേശനം നടത്തിയത്. റൊണാള്‍ഡോയിലൂടെ 28ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി യുവന്റസ് കളം നിറഞ്ഞെങ്കിലും 34ാം മിനിറ്റില്‍ വാന്‍ ഡി ബീക്കും 67 ാം മിനിറ്റില്‍ മാത്തിയിസ് ഡി ലിറ്റും നേടിയ ഗോളുകള്‍ അയാക്‌സിനെ സെമിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."