റാഷിദിന്റെ ആകസ്മിക മരണത്തില്‍ ഞെട്ടല്‍ മാറാതെ ജന്മനാട്
കുറ്റ്യാടി: വേനലവധി ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച വേളം ശാന്തിനഗറില്‍ പൈക്കാട്ട് റാഷിദിന്റെ ആകസ്മിക വിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് നാട്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്ത റാഷിദ് മരിച്ചെന്ന വാര്‍ത്ത വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു റാഷിദ് ഉള്‍പ്പെട്ട സുഹൃദ്‌സംഘം ബൈക്കില്‍ ചവറംമുഴി മീന്‍തുള്ളിപ്പാറ പുഴയില്‍ കുളിക്കാനെത്തിയത്. ജീവിതത്തില്‍ കൗമാരത്തിന്റെ കുസൃതിക്കിടയില്‍ മതിമറന്ന് കുളിക്കുന്നതിനിടെ റാഷിദ് അടിയൊഴുക്കില്‍പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ പരിഭ്രാന്തരായ കൂട്ടുകര്‍ നിലവിളിക്കുകയും ഇതിനെതുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ ഉടന്‍തന്നെ പുഴയിലിറങ്ങി റാഷിദിനെ കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം ശാന്തപുരം ഇസ്‌ലാമിയ കോളജില്‍ രണ്ടാം വര്‍ഷ ബി.എ അറബിക് വിദ്യാര്‍ഥിയായ റാഷിദ് കഴിഞ്ഞ ദിവസമാണ് വേനലവധിക്കായി വീട്ടിലെത്തിയത്.
എല്ലാവരോടും നല്ലനിലയില്‍ പെരുമാറുന്ന പ്രകൃതമായതിനാല്‍ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. രണ്ടു സഹോദരിമാര്‍ക്കൊപ്പം വീട്ടിലെ ഏക ആണ്‍തരി കൂടിയാണ് റാഷിദ്. പുഴയുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമായ ധാരണക്കുറവാണ് അപകടകാരണമായി നാട്ടുകാര്‍ പറയുന്നത്. വലിയ കുഴിയും ശക്തമായ അടിയൊഴുക്കമുള്ള പുഴയെ നന്നായി അറിയുന്നതിനാല്‍ കുളിക്കാനെത്തുന്നവരെ നാട്ടുകാര്‍ തിരിച്ചയക്കലാണ് പതിവ്. ഇതിനിടെ പലരും നാട്ടുകാരുടെ കണ്ണുവെട്ടിച്ചെത്താറുമുണ്ട്. പിതാവ് കുഞ്ഞമ്മദ് ഒമാനിലെ സലാലയിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ പിതാവ് ഇന്ന് നാട്ടിലെത്തും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇന്ന് ശാന്തിനഗര്‍ എളവനച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."