കിട്ടാത്ത ഉത്തരവുംകാത്ത് എം.എസ്.പി;പൊലിസ് സേനക്ക് വര്‍ധിപ്പിച്ച ശമ്പളം നല്‍കിയില്ല
മലപ്പുറം: കിട്ടാത്ത ഉത്തരവുംകാത്ത് പൊലിസ് സേനക്ക് വര്‍ധിപ്പിച്ച ശമ്പളം നല്‍കാതെ എം.എസ്.പി. മലപ്പുറം എം.എസ്.പിയിലെ 250 പൊലിസുകാര്‍ക്കാണ് 10ാം ശമ്പള കമ്മിഷന്‍ വര്‍ധിപ്പിച്ച ശമ്പളം മുടങ്ങിക്കിടക്കുന്നത്. 2015 സെപ്റ്റംബര്‍, ഒക്ടോബര്‍ ബാച്ചുകളിലായി 250 പേരാണ് പരിശീലനത്തിനുണ്ടായിരുന്നത്. പരിശീലന കാലയളവില്‍ അന്നത്തെ അടിസ്ഥാന ശമ്പളമമായ 10480 രൂപ മാത്രമാണ് ലഭിക്കുക. എന്നാല്‍ 2016 ഫെബ്രുവരി മുതലുള്ള ശമ്പളം വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
അടിസ്ഥാന ശമ്പളം 22,200 രൂപയായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും വര്‍ധിപ്പിച്ച ശമ്പളം ഫെബ്രുവരി മുതല്‍ നല്‍കിയെങ്കിലും പരിശീലനത്തിലുള്ള 250 പൊലിസുകാരെ അവഗണിക്കുകയായിരുന്നു.
ശമ്പളം വര്‍ധിപ്പിച്ചിട്ടും പഴയ അടിസ്ഥാന ശമ്പളം മാത്രമാണ് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിച്ചത്. ഇത് വാര്‍ത്തയായതോടെ മെയ് മുതലുള്ള ശമ്പളം നല്‍കാന്‍ അധികൃതര്‍ തായാറായി. എന്നാല്‍ മുടങ്ങിയ മൂന്ന് മാസത്തെ ശമ്പളം ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഇതുവരേയും നല്‍കിയിട്ടില്ല.
പൊലിസുകാരെല്ലാം പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും ശമ്പളകാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഒരു പൊലിസുകാരന് മാത്രം മൂന്ന് മാസത്തെ കുടിശ്ശിക 35,160 രൂപയാണ്. ഇത്തരത്തില്‍ 250 പേര്‍ക്കുമായി 8,790,000 രൂപയാണ് കുടിശ്ശികയുള്ളത്.
ഇത് നല്‍കണമെന്നാവശ്യപ്പെട്ട് എം.എസ്.പി കമാന്‍ഡന്റിനെ സമീപിച്ചെങ്കിലും പൊലിസ് ആസ്ഥാനത്തുനിന്ന് ഉത്തരവ് ലഭിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ തിരുവനന്തപുരത്തെ പൊലിസ് ആസ്ഥാനത്ത് അന്വേഷിച്ചപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാമുള്ള ഒരു ഉത്തരവ് മാത്രമേയുള്ളൂവെന്നും പുതിയ ഉത്തരവ് നല്‍കാനാകില്ലെന്നും അറിയിക്കുകയായിരുന്നു.
ഈ വിവരം കമാന്‍ഡന്റിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എം.എസ്.പി ആസ്ഥാനത്തുനിന്ന് പൊലിസ് ആസ്ഥാനത്തേക്ക് കത്തയച്ചെങ്കിലും മറുപടി നല്‍കിയില്ലെന്നും പഴയ ഉത്തരവില്‍ വര്‍ധിപ്പിച്ച ശമ്പളം നല്‍കാമെന്നുമാണ് അറിയിപ്പുണ്ടായത്.
ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കമാന്‍ഡന്റാണെന്ന് പൊലിസ് ആസ്ഥാനത്തുനിന്ന് അറിയിച്ചിട്ടും അധികൃതര്‍ പൊലിസ് സേനയെ വട്ടംകറക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."