സ്പിരിറ്റ് കടത്ത് സജീവം; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് കടത്ത് സജീവമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് സ്പിരിറ്റും വ്യാജമദ്യവും ഒഴുകാന്‍ സാധ്യതയുണ്ടെന്നും ഇത് മദ്യദുരന്തത്തിനു കാരണമായേക്കുമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെകൂടി പശ്ചാത്തലത്തിലാണ് എല്ലാ ജോയിന്റ് കമ്മിഷനര്‍മാര്‍ക്കും ഡെപ്യൂട്ടി കമ്മിഷനര്‍മാര്‍ക്കും അസിസ്റ്റന്റ് കമ്മിഷനര്‍മാര്‍ക്കും ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ള് ഷാപ്പുകളില്‍ ശുദ്ധമായ കള്ള് മാത്രമേ കച്ചവടം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. അതിനുവേണ്ട പരിശോധന നടത്താനും നിര്‍ദേശമുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂരിലുള്ള ചെത്ത് തോട്ടങ്ങളില്‍ കൃത്യമായ പരിശോധന നടത്തണമെന്നുംക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നത് തടയാന്‍ രാത്രിയും പകലും വാഹന പരിശോധന കര്‍ശനമായി നടത്തണമെന്നും ഋഷിരാജ് സിങ് പ്രത്യേക ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടികൂടുന്നുണ്ടെങ്കിലും അടുത്തിടെയായി സ്പിരിറ്റ് പിടികൂടാന്‍ എക്‌സൈസിന് കഴിയുന്നില്ല. എക്‌സൈസ് വകുപ്പ് സ്പിരിറ്റ് കടത്തില്‍ കാര്യമായി ശ്രദ്ധിക്കാതായതോടെ ഈ മേഖലയുടെ പ്രവര്‍ത്തനം ശക്തമായതായാണ് വിലയിരുത്തല്‍. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഋഷിരാജ് സിങ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."