വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്; 12 ടണ്‍ പിടിച്ചെടുത്തു
നിരോധനം നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ പ്ലാസ്റ്റിക് ശേഖരം പിടികൂടുന്നത്.
തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും, നോണ്‍ വോവന്‍ പ്രൊപ്പലിന്‍ ബാഗുകളും നിരോധിച്ചതിനെ തുടര്‍ന്നുള്ള പരിശോധന അധികൃതര്‍ ശക്തമാക്കി. ഇന്നലെ കിഴക്കേക്കോട്ടയിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. പഴവങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ രാമചന്ദ്രന്‍ ടെക്‌സ്റ്റെല്‍സ് ഉള്‍പ്പെടെ ഇരുപതില്‍പരം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 12 ടണ്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു.
നിരോധനം നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ പ്ലാസ്റ്റിക് ശേഖരം പിടികൂടുന്നത്. ഈ കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതലാണ് പ്ലാസ്റ്റിക്-നോണ്‍ വോവന്‍ പോളി പ്രൊപ്പലിന്‍ ക്യാരി ബാഗുകള്‍ക്ക് നഗരസഭ നിരോധനമേര്‍പ്പെടുത്തിയത്. വ്യാപാരികളുടെ കൈവശം സ്റ്റോക്കുള്ള ക്യാരിബാഗുകള്‍ ഒഴിവാക്കുന്നതിന് അവസരം കൊടുക്കുകയും, ബദല്‍ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി.
എങ്കിലും നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ പോലും ഇപ്പോഴും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. 32 അംഗങ്ങള്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പി. അജയകുമാര്‍, പി. ധര്‍മ്മപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, 20 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നഗരസഭാ തൊഴിലാളികളും പങ്കെടുത്തു.
പ്ലാസ്റ്റിക് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള നിലപാടുകളാണ് നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇത് അനുവദിക്കില്ലെന്നും സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും, നിരോധനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതുള്‍ പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."