പെരുമ്പാവൂര്‍ മേഖലയില്‍ വന്‍ നാശനഷ്ടം
പെരുമ്പാവൂര്‍: കനത്ത മഴയില്‍ മേഖലയില്‍ വന്‍ നാശനഷ്ടമുണ്ടായി. കൃഷിയിടങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. വീടുകളിലും വെള്ളം കയറി. റോഡില്‍ വെള്ളക്കെട്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. വേങ്ങൂരില്‍ പാലത്തില്‍ നിന്നു കാര്‍ താഴേക്കു മറിഞ്ഞെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. പെട്ടമലയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലാണ്. റോഡുകള്‍ വെള്ളത്തിനടിയില്‍ കുറുപ്പംപടി പാണംകുഴി റോഡില്‍ കടവുങ്കല്‍ തോട് കരകവിഞ്ഞതോടെ റോഡ് വെള്ളത്തിനടിയിലായി.
മുട്ടോളം വെള്ളമായതോടെ കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും പോകാന്‍ കഴിയാതെയായി. എ.എം റോഡില്‍ നെടുന്തോടിനു സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. കീഴില്ലം കുറിച്ചിലക്കോട് റോഡില്‍ നെല്ലിമോളത്തിനു സമീപം കരിപ്പേലിപ്പടിക്കു സമീപം വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതം തിരിച്ചു വിട്ടു. കുറിച്ചിലക്കോട് പെരിയാര്‍വാലി കനാല്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് 10 വീടുകള്‍ വെള്ളത്തിനടിയിലായി.
കുറുപ്പംപടി പുലിമലയില്‍ വയോധികയുടെ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു വീട് അപകടാവസ്ഥയിലായി. മടലക്കുടി കറുമ്പി(90)യുടെ വീടിന്റെ മുറ്റത്തോടു ചേര്‍ന്നുള്ള മണ്ണു ഭിത്തിയാണ് ഇടിഞ്ഞത്. കറുമ്പി ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. കൃഷികള്‍ വെള്ളത്തില്‍ ചേരാനല്ലൂര്‍ ബ്ലായിപ്പാടം അടക്കമുള്ള പ്രദേശത്തെ 100 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി വെള്ളത്തിലായി. പെരിയാറിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്. കീഴില്ലം നവജീവന്‍ കവലയോടു ചേര്‍ന്നുള്ള പാടശേഖരവും വെള്ളത്തിലായി.
വേങ്ങൂര്‍, കൂവപ്പടി, രായമംഗലം, വാഴക്കുളം, വെങ്ങോല, ഒക്കല്‍, മുടക്കുഴ പഞ്ചായത്തുകളിലെ വാഴ, കപ്പ, ജാതി കൃഷികള്‍ വെള്ളത്തിലാണ്. വെള്ളം ഒഴുകിപ്പോകാത്തതിനാല്‍ കൃഷികള്‍ ചീഞ്ഞു പോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഒക്കല്‍ തുരുത്തിലേക്കുള്ള വഴിയടഞ്ഞു പെരിയാറില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഒക്കല്‍ തുരുത്തിലേക്കുള്ള പാലം മുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."