കലിയടങ്ങാതെ കടല്‍; പെയ്‌തൊഴിയാതെ മഴ
ആലപ്പുഴ: തീരമേഖലയില്‍ കലിയടങ്ങാതെ കടല്‍. കിഴക്കുനിന്നു മലവെള്ളം കൂടി ഒഴുകിയെത്തിയതോടെ അപ്പര്‍ കുട്ടനാട് വെള്ളത്തിനടിയിലായി. തോരാതെ പെയ്യുന്ന മഴയില്‍ പമ്പാനദിയും അച്ചന്‍ കോവില്‍, കുട്ടംപേരൂര്‍ ആറുകളും മറ്റു കൈവഴിതോടുകളും കരകവിഞ്ഞൊഴുകുകയാണ്.
മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല മേഖലയിലെ നാനൂറോളം വീടുകളില്‍ വെള്ളം കയറി. മാന്നാറിന്റെ പടിഞ്ഞാറ് താഴ്ന്ന പ്രദേശങ്ങളായ പാവുക്കര, വൈദ്യന്‍ കോളനി, വാലേല്‍, വള്ളക്കാലി, മേല്‍പ്പാടം, വീയപുരം, മൂര്‍ത്തിട്ട, മുല്ലശ്ശേരികടവ്, ചെന്നിത്തല, കാരിക്കുഴി, ചിത്തിരപുരം, മുണ്ടുവേലിക്കടവ്, കരിയിലത്തറ, തൂമ്പിനാത്ത്, പാമ്പനംചിറ, ഇഞ്ചിക്കത്തറ, പറയങ്കേരി, ചില്ലിത്തുരുത്ത് എന്നിവിടങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, എട്ട് വാര്‍ഡുകളില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ രൂക്ഷമായ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
പമ്പാനദി ഗതിമാറി ഒഴുകുമോ എന്ന ആശങ്കയിലാണു നാട്ടുകാര്‍. ഈ നില തുടര്‍ന്നാല്‍ രണ്ടു പതിറ്റാണ്ടു മുന്‍പുണ്ടായ വെള്ളപ്പൊക്കത്തിനു സമാനമായ പ്രതിസന്ധിയായിരിക്കും നേരിടേണ്ടിവരിക. ചക്കിട്ടയില്‍ വാലേല്‍ റോഡിലെ കുന്നുംപുറം ഭാഗം രൂക്ഷമായ വെള്ളപ്പൊക്കം നേരിടുന്നു.
ഗ്രാമീണ റോഡുകള്‍ പലതും സംരക്ഷണഭിത്തിയുള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. രണ്ടാം വാര്‍ഡില്‍ പമ്പയുടെ ഒരു ഭാഗത്തുള്ള ബണ്ട് ഏതു സമയത്തും പൊട്ടാനിരിക്കുന്ന അവസ്ഥയിലാണുള്ളത്. ഈ ഭാഗം ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ നേരത്തെ സന്ദര്‍ശിച്ചിരുന്നു.
അതിനിടെ, തുറവൂരില്‍ കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് എന്നീ പഞ്ചായത്തുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാതായതോടെയാണു ജനങ്ങള്‍ വീടുവിട്ട് ക്യാംപുകളിലേക്ക് ചേക്കേറിയിരിക്കുന്നത്. ആയിരക്കണക്കിനു കുടുംബങ്ങളാണു വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. നീണ്ടകര സെന്റ് മാര്‍ട്ടിന്‍, കരുമാഞ്ചേരി സെന്റ് ആന്റണീസ്, ചങ്ങരം സ്‌കൂള്‍, പാട്ടം സ്‌കൂള്‍, പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, ടി.ഡി.എല്‍.പി സ്‌കൂള്‍, തുറവൂര്‍ വെസ്റ്റ് യു.പി സ്‌കൂള്‍,ചൂര്‍ണിമംഗലം സ്‌കൂള്‍, വളമംഗലം ഹൈസ്‌കൂള്‍, അഴീക്കല്‍ സെന്റ് ആന്റണീസ് ചര്‍ച്ച് ഹാള്‍, കോനാട്ടുശ്ശേരി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ റവന്യു വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്തുകള്‍ ഒരുക്കിയിട്ടുണ്ട്. അസുഖങ്ങള്‍ പിടിപെടാനള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കല്‍ സംഘവും ക്യാംപുകളിലുണ്ട്.
നിലവില്‍ ഓരോ പുനരധിവാസ ക്യാംപുകളിലും നൂറില്‍പരം ആളുകള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. ഇനിയും ക്യാംപുകള്‍ തുറക്കേണ്ട സ്ഥിതിയാണ് ജില്ലയിലുള്ളത്. അതേസമയം, മിക്ക ക്യാംപുകളിലും ഭക്ഷണം കഴിക്കുന്നതിനുവേണ്ടി മാത്രമാണ് ആളുകള്‍ എത്തുന്നത്. ശേഷിച്ച സമയം തങ്ങളുടെ വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കളെയും ആട്, പശു, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും നോക്കുകയാണു ചെയ്യുന്നത്.
പൊലിസ്, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, വനം വകുപ്പ്, ഹെല്‍ത്ത്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ സേവനം വളരെ വലുതാണെങ്കിലും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഫണ്ട് കുറവാണ്. ഇതിനാല്‍ ജില്ലാ കലക്ടറുടെ അടിയന്തര ഫണ്ട് കൂടി എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."