രാഹുലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ വന്‍ സുരക്ഷാവീഴ്ച
ചാലിശ്ശേരി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാലിശ്ശേരിയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണ സമ്മേളനത്തില്‍ വന്‍ സുരക്ഷാ പാളിച്ച.
സമ്മേളന വേദിയിലേക്ക് പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വലിയ പരിശോധനകള്‍ ഒന്നും കൂടാതെയാണ് പൊലിസ് പ്രവേശനം നല്‍കിയത്. പ്രവേശന കവാടങ്ങളില്‍ ഒന്നിലും എസ്.പി.ജിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വേദിക്ക് തൊട്ടു മുന്നിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പവലിയന്‍ സജ്ജീകരിച്ചിരുന്നത്. ഇതിന് ഇരുവശത്തുമായി ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള പവലിയനും ഒരുക്കിയിരുന്നു. ഇവിടങ്ങളിലേക്ക് കര്‍ശന പരിശോധനകള്‍ ഒന്നും ഇല്ലാതെയാണ് ആളുകള്‍ എത്തിയത്. മാത്രമല്ല വേദിക്കു സമീപത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ പവലിയനില്‍ ബാഗുകള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുമായി നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇരച്ചു കയറി. ഇക്കാര്യം ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതിന് ശേഷമാണ് എസ്.പി.ജി ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവരുടെ പവലിയനില്‍ എത്തി നാമമാത്ര പരിശോധന നടത്തിയത്. ഇതു തന്നെ ഏതാനും പേരില്‍ ഒതുക്കുകയും ചെയ്തു.
പ്രവേശന കവാടത്തില്‍ തന്നെ വിഡിയോ കാമറകളും ഫോട്ടോ കാമറകളും ഉള്‍പ്പെടെയുള്ള സാധനങ്ങളും ബാഗേജും കര്‍ശന നിരീക്ഷണത്തിന് ശേഷമാണ് ഇത്തരം ചടങ്ങുകളില്‍ മാധ്യമ പ്രവര്‍ത്തകരെ പോലും അനുവദിക്കാറുള്ളത്.
എന്നാല്‍ പൊതുജനങ്ങള്‍ വരെ ബാഗേജുകളുമായാണ് സമ്മേളന നഗരിയില്‍ എത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ പവലിയയനില്‍ തള്ളി കയറി ജനങ്ങള്‍ റിപ്പോര്‍ട്ടിങ്ങിന് തടസം ഉണ്ടാക്കുമ്പോഴും സമീപത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാര്‍ കാഴ്ചക്കാരായി മാറിനില്‍ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന് നേരെ ഒരു യുവ സബ് ഇന്‍സ്‌പെക്ടര്‍ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."