മദ്യശാലകള്‍ പൂട്ടിയതോടെ കഞ്ചാവ് മാഫിയക്ക് കൊയ്ത്തുകാലം കൊയിലാണ്ടി ലഹരി വില്‍പ്പനക്കാര്‍ കൈയടക്കുന്നു
കൊയിലാണ്ടി: നഗരത്തിലും പരിസരങ്ങളിലും ലഹരിവില്‍പ്പന മാഫിയ വീണ്ടും തലപൊക്കുന്നു. ഇടക്കാലത്ത് പൊലിസ്, എക്‌സൈസ് വിഭാഗങ്ങള്‍ നടത്തിയ കര്‍ശനമായ പരിശോധനകള്‍ കാരണം ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപഭോഗവും ഒരു പരിധിവരെ നിയന്ത്രിതമായിരുന്നെങ്കിലും സമീപകാലത്ത് മദ്യശാലകള്‍ പൂട്ടിയതോടെയാണ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഒളിഞ്ഞും തെളിഞ്ഞും ലഹരിമാഫിയ സജീവമായത്.
നഗരത്തിലെ ആളൊഴിഞ്ഞ ഇടങ്ങളും ഇടവഴികളുമാണ് ലഹരിവില്‍പനക്കാരുടെ വിഹാരകേന്ദ്രങ്ങളാകുന്നത്. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ലഹരി ഗുളികകള്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്കു പുറമെ മയക്കുമരുന്നുകളുടെ കൈമാറ്റവും കുത്തിവയ്പ്പും സജീവമായിട്ടുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്തരം ലഹരി വസ്തുക്കള്‍ ഇടനിലക്കാര്‍ വഴി നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളുടെ പരിസരങ്ങളും കാടു മൂടിയ പുറമ്പോക്ക് സ്ഥലങ്ങളുമാണ് വില്‍പ്പനക്കും ഉപയോഗത്തിനുമായി തിരഞ്ഞെടുക്കുന്നത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുതന്നെ ഇതിന് അനുയോജ്യമായ കേന്ദ്രങ്ങളുണ്ട്.
പ്രധാനമായും രാത്രി കാലങ്ങളിലാണ് ലഹരിവില്‍പ്പന തകൃതിയായി നടക്കുന്നത്. നഗരം കേന്ദ്രീകരിച്ചുള്ള മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ നാട്ടിന്‍ പുറങ്ങളിലേക്കും ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകമാകുന്നുവെന്നാണ് വിവരം.
ഈയിടെ നടന്ന ലഹരിവേട്ടയില്‍ പിടിക്കപ്പെട്ടവരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടത് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലഹരിവില്‍പ്പനക്കും കടത്തിനും മാഫിയ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ബൈക്കുകളും സ്മാര്‍ട്‌ഫോണുകളും നല്‍കിയാണ് കുട്ടികളെ വശീകരിക്കുന്നതെന്നാണറിയുന്നത്.
ട്രെയിന്‍ മാര്‍ഗമാണ് ലഹരിവസ്തുക്കള്‍ കൊയിലാണ്ടിയിലെത്തുന്നത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പൊലിസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."