കര്‍ക്കിടകത്തെ വരവേറ്റ് വിഭവങ്ങളും കളരിപ്പയറ്റുമായി വിദ്യാര്‍ഥികള്‍
കോഴിക്കോട്: കര്‍ക്കിടക മാസത്തെ വരവേല്‍ക്കാന്‍ വിവിധയിനം ഭക്ഷ്യവിഭവങ്ങളും കളരിപ്പയറ്റുമായി മാനാഞ്ചിറ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നു പാകംചെയ്തു കൊണ്ടുവന്ന വ്യത്യസ്ത തരം ഭക്ഷ്യവിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ പരസ്പരം പങ്കുവച്ചു. പരമ്പരാഗത രീതിയിലുണ്ടാക്കിയ വിവിധതരം ഔഷധക്കഞ്ഞികള്‍, മുതിര, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ കൊണ്ടുള്ള പായസങ്ങള്‍, ഇലയട, പാളയട, കുമ്പിളപ്പം, അരിയുണ്ട, ശര്‍ക്കരയുണ്ട, കൊഴുക്കട്ട, തുടങ്ങിയവ വിഭവങ്ങളുമായാണ് വിദ്യാര്‍ഥികളെത്തിയത്.
കളരിപ്പയറ്റില്‍ സംസ്ഥാന ചാംപ്യനും ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ തെന്നിന്ത്യന്‍ സിനിമാനടന്‍ ഡോ. എസ്.കെ രാജേഷ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള ഭാര്‍ഗവ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് ദിനാചരണത്തിന്റെ മാറ്റുകൂട്ടി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടന്‍പാട്ട് അവതരിപ്പിച്ചു. ഡി.ഇ.ഒ മിനി ചുക്ക് കാപ്പി കുടിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സി. ജയരാജ് അധ്യക്ഷനായി. ബി.ഇ.എം.എച്ച്.എസ് പ്രിന്‍സിപ്പല്‍ സിസിലി ജോണ്‍, റവ. ഡോ. ടി.ഐ ജെയിംസ്, പി.ടി.എ വൈസ് പ്രസിഡന്റ് എം. മുകുന്ദന്‍, എം.പി.ടി.എ പ്രസിഡന്റ് കെ. ഷീബ, സ്റ്റാഫ് സെക്രട്ടറി ബീന ഡേവിഡ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."