കൊല്ലത്ത് 'വോട്ടിനു നോട്ട് ' ആരോപണവുമായി യു.ഡി.എഫ്
കൊല്ലം: സി.പി.എമ്മും ആര്‍.എസ്.പിയും നേരിട്ട് ഏറ്റുമുട്ടുന്ന കൊല്ലത്ത് 'വോട്ടിനു നോട്ട് ' ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. എന്നാല്‍ യു.ഡി.എഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും എല്‍.ഡി.എഫും വ്യക്തമാക്കി.
പണം കൊടുത്തും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും ഇതിന്റെ ഭാഗമായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഉപയോഗിച്ച് പണം വോട്ടര്‍മാരിലെത്തിക്കാനാണ് നീക്കമെന്നും യു.ഡി.എഫ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ് ഖാനും കണ്‍വീനര്‍ ഫിലിപ്പ് കെ. തോമസും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് അഴിമതി നടത്തുന്നതിനുള്ള പണം കണ്ടെത്തുന്നതിന് മണ്ഡലത്തിലെത്തുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ ഉള്‍പെടെ പരിശോധിക്കണം. വോട്ടുകച്ചവടത്തിനു സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കി മണ്ഡലത്തിലെ അയ്യായിരത്തോളം കുടുംബങ്ങളില്‍ പണമെത്തിക്കുകയാണ് നീക്കം. ഇക്കാര്യത്തില്‍ അന്വേഷണം അനിവാര്യമാണ്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. പുറത്തുനിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരെപ്പോലും ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. മണ്ഡലത്തില്‍ നൂറുകണക്കിന് വാഹനങ്ങള്‍ പെര്‍മിറ്റില്ലാതെ ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്നു. ചട്ടപ്രകാരം പണം ചെലവിടുന്നത് അന്വേഷിക്കാന്‍ നിലവിലെ തെരഞ്ഞെടുപ്പ് സംവിധാനം പര്യാപ്തമല്ല. ഇടതു സര്‍വിസ് സംഘടനകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികളുടെ തലപ്പത്ത് നിയോഗിച്ച് സുതാര്യമായ പ്രവര്‍ത്തനം അട്ടിമറിക്കാനാണ് ശ്രമം. കൊല്ലം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് വാഹനങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നത്. മന്ത്രിമാരുടെ വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്‍മന്ത്രി ഷിബു ബേബിജോണും എല്‍.ഡി.എഫിനെതിരേ ഇതേ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പരിശോധിക്കുന്നതില്‍ തടസമില്ലെന്നും ഏതുസമയത്തും പരിശോധിക്കാമെന്നും മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം കൊടുക്കാന്‍ നീക്കമെന്ന കൊല്ലത്തെ യു.ഡി.എഫ് നേതാക്കളുടെ ആരോപണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ആരോപണം ഉന്നയിച്ചവര്‍ തെളിവ് ഹാജരാക്കണമെന്നും ഇടതുമുന്നണി പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ. വരദരാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."