അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മുക്കത്തെ റോഡുകള്‍
മുക്കം: മലയോര മേഖലയുടെ സിരാകേന്ദ്രമെന്നറിയപ്പെടുന്ന മുക്കത്ത് ഗതാഗത സൗകര്യങ്ങളുടെ പരിമിതികളില്‍ വലഞ്ഞ് ജനങ്ങള്‍. വീതിയില്ലാത്ത റോഡുകളും വാഹനങ്ങളുടെ അമിത പെരുപ്പവും അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും മുക്കത്തെ റോഡുകളെ അസൗകര്യങ്ങളുടെ നടുവിലാക്കി.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ നിന്ന് പി.സി ജങ്ഷനിലൂടെ ബസ്സ്റ്റാന്‍ഡിലേക്കുള്ള ആലിന്‍ ചുവട് റോഡും കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കിന്റെ മുന്നില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്കുള്ള റോഡും അരീക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിടുന്ന പുതിയ ബസ്സ്റ്റാന്‍ഡിലേക്കുള്ള റോഡുകളും ഓര്‍ഫനേജ് റോഡുമെല്ലാം വീതിയില്ലായ്മ മൂലം കഷ്ടപ്പെടുകയാണ്.
മുക്കം അങ്ങാടിയിലെ ഭൂരിഭാഗം കടകളും റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ളതിനാല്‍ പാതയുടെ വീതി വര്‍ധിപ്പിക്കുക സാധ്യമല്ല. ബസ്സ്റ്റാന്‍ഡിലേക്കുള്ള റോഡുകളില്‍ ഒരു ബസിന് കടന്നു പോകാനുള്ള വീതി മാത്രമേ ഉള്ളു.
അതിനാല്‍ ബ്ലോക്കുകള്‍ അങ്ങാടിയില്‍ പതിവാണ്. മാത്രമല്ല വഴിയോര കച്ചവടക്കാര്‍ പാതയോരത്ത് നിലയുറപ്പിക്കുന്നതും അതിന് ചുറ്റും ജനങ്ങള്‍ കൂടി നില്‍ക്കുന്നതും മറ്റൊരു പ്രശ്‌നമാണ്.
അനധികൃതമായി കടകളുടെ മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വീതി തീരേയില്ലാത്ത മുക്കം ഓര്‍ഫനേജ് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യ കാഴ്ചയാണ്.
മുക്കം കൂടരഞ്ഞി റോഡില്‍ പണി നടക്കുന്നതിനാല്‍ മുക്കത്ത് നിന്നും കൂടരഞ്ഞിയിലേക്കും തിരുവമ്പാടിയിലേക്കുമുള്ള വാഹനങ്ങള്‍ ഇപ്പോള്‍ ഈ റോഡിലൂടെയാണ് പോകുന്നത്. ഇത് പാതയിലെ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു.
മുക്കത്തെ ഗതാഗത കുരുക്ക് പരിഹരിക്കുവാനായയി കഴിഞ്ഞ നവംബര്‍ മാസത്തില്‍ മുക്കം പൊലിസുമായി ചേര്‍ന്ന് നഗരസഭ നടത്തിയ പരിഷ്‌കരണങ്ങള്‍ ഇപ്പോള്‍ പാളിയിരിക്കുകയാണ്.
വീതിയില്ലാത്ത മുക്കത്തെ റോഡുകളില്‍ പലതും വണ്‍വേ ആക്കിയും ബസുകളുടെ സഞ്ചാരപഥം ഏകീകരിച്ചും അനധികൃത പാര്‍ക്കിങിന് നിയന്ത്രണമേര്‍പ്പെടുത്തിയുമൊക്കെ ഫലപ്രദമായി ഗതാഗത പരിഷ്‌കരണത്തിന് മുതിര്‍ന്ന നഗരസഭ പിന്നീടതില്‍ താല്‍പര്യം കാണിക്കാതായതോടെ എല്ലാം വീണ്ടും പഴയപടി തന്നെ ആവുകയായിരുന്നു.
റോഡിനോട് ചേര്‍ന്നുള്ള കച്ചവട സ്ഥാപനങ്ങള്‍ അന്ന് പൊളിച്ചു മാറ്റാന്‍ നഗരസഭ ശ്രമിച്ചെങ്കിലും വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
ഇപ്പോഴും റോഡുകളില്‍ വണ്‍വേ എന്ന ബോര്‍ഡ് കാണാമെങ്കിലും ആരും തന്നെ അതനുസരിക്കാറില്ല.
ട്രാഫിക് പരിഷ്‌കാരങ്ങള്‍ ശക്തമായി നടപ്പിലാക്കേണ്ട പൊലിസ് അതില്‍ വീഴ്ച കാണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. മുക്കം പൊലിസിന് കീഴില്‍ ട്രാഫിക് യൂനിറ്റില്ലാത്തതും കവലകളില്‍ ട്രാഫിക് സിഗ്‌നലുകളില്ലാത്തതും പോരായ്മയാണ്. മുക്കം പി.സി ജങ്ഷനിലും അഗസ്ത്യന്‍മുഴി അങ്ങാടിയിലും മുക്കം കടവ് പാലം ജങ്ഷനിലും സിഗ്‌നലുകളുടെ അഭാവം പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാലും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."