ചരിത്ര ഹജ്ജിന് വിളിയാളം കേട്ടവര്‍
വികാര നിര്‍ഭരമായ മനസോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് കടന്നുപോയത്. കൊവിഡ് സാഹചര്യത്തില്‍ ഹറമിന്റെ മുറ്റത്തെത്തിയ ഹാജിമാര്‍ വിങ്ങിപ്പൊട്ടി. ചരിത്രത്തില്‍ ആദ്യമായി രണ്ട് മീറ്റര്‍ അകലം പാലിച്ചായിരുന്നു കര്‍മങ്ങള്‍. ഹറമിനകത്തേക്ക് പ്രവേശിച്ച് കഅ്ബ കണ്ട ഹാജിമാര്‍ക്ക് തേങ്ങലടക്കാനായില്ല. മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോകത്തിനു വേണ്ടിയവര്‍ കേണപേക്ഷിച്ചു. ഏറെ നേരം അവര്‍ നാഥന് മുന്നില്‍ സുജൂദില്‍ കിടന്നു. പിന്നെ ഹൃദയം സൃഷ്ടാവിന് സമര്‍പ്പിച്ച് അവര്‍ കഅ്ബയുടെ മുറ്റത്തേക്കിറങ്ങി. ഈ കൂട്ടത്തിലാണ് രണ്ടു മലയാളികള്‍ ഭാഗ്യ നിധിയെന്നോണം ഇടം നേടിയത്.
റിയാദില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കുറ്റ്യാടി മലേനകണ്ടിയില്‍ അബ്ദുറഹ്മാന്‍- സുബൈദ ദമ്പതികളുടെ മകന്‍ ഹര്‍ഷദ്, ജിദ്ദയില്‍ ജോലി ചെയ്യുന്ന മലപ്പുറം മഞ്ചേരി മേലാക്കം അബ്ദുറസാഖ്- റംല ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഹസീബ് എന്നിവരാണ് ഈ ഭാഗ്യം സിദ്ധിച്ച രണ്ടു മലയാളികള്‍. അപ്രതീക്ഷിതമായാണ് ഇരുവരും ഉള്‍പ്പെട്ടത്. നിനച്ചിരിക്കാതെ ഭാഗ്യം വന്നെത്തിയതോടെ ഇവര്‍ക്ക് പുറമെ കുടുംബങ്ങളും സുഹൃത്തുക്കളും ആഹ്ലാദത്തിന്റെ പരമോന്നതിയിലെത്തി.
സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഈ വര്‍ഷത്തെ ഹജ്ജിനായി വിദേശികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പുറത്തിറക്കിയ ലിങ്ക് വിവരം തന്നെ ഹര്‍ഷദ് അറിയുന്നത് സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ്. ഫെയ്‌സ്ബുക്ക് വഴി ലഭ്യമായ ഈ ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്തു. അവസാന തിയ്യതിയായ ജൂലൈ 12 വരെ കാത്തിരുന്നെങ്കിലും യാതൊരു മറുപടിയും ലഭിക്കാതെ വന്നപ്പോള്‍ ആശ മുറിഞ്ഞു. തൊട്ടടുത്ത ദിവസം അറബിയില്‍ ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നൊരു സന്ദേശമെത്തി. അറബി ശരിയായി വശമില്ലാത്തതിനാല്‍ എന്താണെന്ന് മനസിലായില്ല. ഗൂഗിളില്‍ കയറി തര്‍ജമ ചെയ്തു വായിച്ചപ്പോള്‍ അല്‍ഭുതപരവശനായി, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നു
തുടര്‍ന്ന് വെബ്‌സൈറ്റില്‍ കയറി പരിശോധിച്ചപ്പോള്‍ ദുല്‍ഹിജ്ജ എട്ട് മുതല്‍ 13 വരെ വേണ്ട ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് കാണാനായത്. സാധാരണ നിലയില്‍ ഹജ്ജിനു തെരഞ്ഞെടുക്കപ്പെട്ടവര്‍ അടുത്ത ഘട്ടമെന്നോണം പാക്കേജ് തെരഞ്ഞെടുക്കാനും പണം അടക്കാനുമുള്ള നിര്‍ദേശങ്ങളാണ് വന്നിരുന്നത്. എന്നാല്‍, നേരിട്ട് ഭക്ഷണ മെനു തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കണ്ടപ്പോള്‍ കൗതുകം തോന്നി ആലോചിച്ചിരിക്കുന്നതിനിടെയാണ് മന്ത്രാലയത്തില്‍ നിന്നു നേരിട്ട് ഫോണ്‍ വിളിയെത്തുന്നതെന്നു ഹര്‍ഷദ് പറയുന്നു. പിന്നീട് തുടര്‍ച്ചയായി മൂന്ന് തവണയാണ് വ്യത്യസ്ത കാര്യങ്ങള്‍ വിശദീകരിച്ച് കോളുകള്‍ വന്നെത്തിയത്. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് മെഡിക്കല്‍ പരിശോധനകളും കൊവിഡ് ടെസ്റ്റും നടത്തണമെന്നറിയിച്ചും ഫോണ്‍ വിളിയെത്തി. പരിശാധനക്ക് ശേഷം 'തത്വമന്‍' ബ്രെസ്‌ലെറ്റ് ധരിപ്പിക്കുകയും മൊബൈല്‍ ജി.പി.എസുമായി ബന്ധിപ്പിക്കുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിയുമ്പോള്‍ നിശ്ചിത പരിധി വിടുന്നത് തടയാനാണ് ഇത്. നിശ്ചിത അകലം വിട്ടു കടന്നാല്‍ സന്ദേശം അധികൃതര്‍ക്ക് ലഭ്യമാകുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ലംഘനം നടത്തുന്നവര്‍ക്ക് പതിനായിരം റിയാല്‍ വരെയാണ് പിഴ ഈടാക്കുകയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
രാജകീയ സ്വീകരണം
പിന്നീട് റിയാദ് വിമാനത്താവളത്തിലേക്ക് എത്താനുള്ള സന്ദേശമാണ് ലഭിച്ചത്. അവിടെ ചെന്ന് ഇഖാമ നല്‍കിയപ്പോള്‍ തന്നെ വിമാന ടിക്കറ്റും ലഭിച്ചു. ജിദ്ദ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയപ്പോള്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. വര്‍ഷാവര്‍ഷവും ലക്ഷോപലക്ഷം വിദേശ ഹാജിമാരെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുന്ന ജിദ്ദ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഈ വര്‍ഷത്തെ വിരലിലെണ്ണാവുന്ന ഹാജിമാരെ രാജകീയ ഭാവത്തില്‍ അല്ലെങ്കില്‍ എങ്ങനെ സ്വീകരിക്കാനാണ്. തുടര്‍ന്നങ്ങോട്ട് ഹജ്ജ് കഴിയുന്നത് വരെയും ഇതേ രാജകീയ പ്രൗഢിയോടെയായിരുന്നു തീര്‍ഥാടകരെ സഊദി ഭരണകൂടം സ്വീകരിച്ചിരുന്നതെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. സപ്ത നക്ഷത്ര സൗകര്യങ്ങളാണ് ഇത്തവണ ഹാജിമാര്‍ക്ക് താമസകാര്യങ്ങളിലുള്‍പ്പെടെ ഒരുക്കിയിരുന്നത്. ഹാജിമാര്‍ക്ക് ഉടുക്കാനുള്ള വസ്ത്രം മുതല്‍ എല്ലാ ഉപകരണങ്ങളും ഹജ്ജ് സര്‍വിസ് കമ്പനി സൗജന്യമായി നല്‍കുകയായിരുന്നു.
മക്കയിലും
പുണ്യ സ്ഥലങ്ങളിലും
മക്കയിലെത്തിച്ച തീര്‍ഥാടകരെ ഇവിടെയുള്ള സപ്ത നക്ഷത്ര ഹോട്ടലുകളിലാണ് താമസിപ്പിച്ചിരുന്നത്. ദുല്‍ഹിജ്ജ നാല് മുതല്‍ എട്ടു വരെ ഇവിടെയും ക്വാറന്റൈനില്‍ തന്നെയായിരുന്നു. ഹജ്ജ് തുടങ്ങുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തി. ഹാജിമാരില്‍ ഓരോരുത്തരും കൊവിഡ് മുക്തരായിരിക്കണമെന്ന സഊദിയുടെ നിര്‍ബന്ധ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്.
തൊട്ടടുത്ത ദിവസം ഹജ്ജിനായി പുറപ്പെടാനുള്ള സന്ദേശമെത്തി. റൂമില്‍ നിന്ന് തന്നെ കുളി കഴിഞ്ഞു വസ്ത്രം ധരിച്ച് നേരെ മീഖാത്തിലേക്ക്. ബസില്‍ വച്ച് തന്നെയാണ് ഇഹ്‌റാം ചെയ്തത്. തുടര്‍ന്നായിരുന്നു മിനായിലെ അബ്‌റാജ് മിനായില്‍ എത്തിച്ചത്. വര്‍ഷംതോറും ലക്ഷക്കണക്കിന് ഹാജിമാരെ സ്വീകരിച്ചിരുന്ന മിനയിലെ ടെന്റുകള്‍ക്ക് പകരം മിനാ മലമുകളിലെ ബഹുനില ടവറുകളാണ് പരിമിതമായ തീര്‍ഥാടകരുമായി നടക്കുന്ന ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഉപയോഗിച്ചത്. ജംറ പാലത്തിനു സമീപമുള്ള മലമുകളില്‍ നേരത്തെ നിര്‍മിച്ചിരിക്കുന്ന പന്ത്രണ്ടു നിലകള്‍ വീതമുള്ള ആറു റെസിഡന്‍ഷ്യല്‍ ടവറുകളിലായി നിരവധി പേര്‍ക്ക് താമസിക്കാനാവുന്ന കെട്ടിടം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇവിടെ പതിനാറ് പേര്‍ക്ക് താമസിക്കാവുന്ന മുറികളില്‍ ഇപ്രാവശ്യം നാലു പേരെ മാത്രമാണ് താമസിപ്പിച്ചത്.
കല്ലുകള്‍ വരെ
അണുവിമുക്തം
ശേഷം പരമപ്രധാനമായ അറഫാ സംഗമത്തിലും ഇതേ രാജകീയ സൗകര്യം തന്നെയാണ് ലഭ്യമായിരുന്നത്. സാധാരണ ഗതിയില്‍ സൂചി കുത്താനിടമില്ലാത്ത അറഫാത്തിലും മസ്ജിദുന്നമിറയിലും ഇന്ന് വരെ കാണാത്ത രീതിയിലുള്ള സൗകര്യങ്ങള്‍. മൂന്ന് ലക്ഷം ആളുകള്‍ക്ക് ഒരുമിച്ച് പ്രാര്‍ഥന നടത്താന്‍ സൗകര്യമുള്ള ഈ പള്ളിയില്‍ സമ്മേളിച്ചത് വെറും ആയിരത്തിലധികം തീര്‍ഥാടകര്‍ മാത്രം. പൂര്‍ണമായും കൊവിഡ് പ്രട്ടോക്കോള്‍ പ്രകാരമുള്ള സജ്ജീകരണങ്ങള്‍. ഇവിടെ നിന്നു കാരുണ്യത്തിന്റെ മലയെന്നറിയപ്പെടുന്ന ജബലുറഹ്മയുടെ ചാരത്തുള്ള പ്രത്യേക കേന്ദ്രത്തില്‍ വിശ്രമിച്ച് ജബലുറഹ്മയില്‍ കയറിയ ശേഷമാണു മുസ്ദലിഫയിലേക്ക് നീങ്ങിയത്. തൊട്ടടുത്ത ദിവസം ജംറയില്‍ എറിയാനുള്ള കല്ലുകള്‍ പ്രത്യേകം അണുവിമുക്തമാക്കി സജ്ജീകരിച്ചിരുന്നു.
സാമൂഹിക അകലം
തുടര്‍ന്നുള്ള കല്ലേറ് കര്‍മ്മവും ത്വവാഫും അടക്കം മുഴുവന്‍ കര്‍മ്മങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ പാതയിലൂടെ സാമൂഹിക അകലം പാലിച്ചായിരുന്നുവെന്നത് എടുത്ത് പറയേണ്ടതാണ്. 20 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും പ്രത്യേകം നമ്പരുകള്‍ അടയാളമായി ഉണ്ടായിരുന്നു. ഈ നമ്പറുകളാണ് പിന്നീട് ഹജ്ജ് കഴിയും വരെ ഉപയോഗിച്ചത്. ത്വവാഫിനും ഹറമില്‍ നില്‍ക്കുന്നതിനും വിശ്രമിക്കുന്നതിനുമടക്കം എല്ലാം ഈ നമ്പറുകള്‍ അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമായിരുന്നു അനുമതി. സൂചി കുത്താനിടമില്ലാത്ത വിധം തിങ്ങി നീങ്ങാറുള്ള ഹറമിന്റെ മുറ്റത്ത് അകലം പാലിച്ച് വലയം പൂര്‍ത്തിയാക്കി. കഅ്ബക്കരികില്‍ വേലി തീര്‍ത്തായിരുന്നു ഇത്തവണ ത്വവാഫ്. സഫാ മര്‍വാ പ്രയാണവും ഹാജിമാര്‍ അകലം പാലിച്ച് പൂര്‍ത്തിയാക്കി.
കഅ്ബയൊന്ന് തൊടാനും ഹജറുല്‍ അസ്‌വദിനെ മുത്താനും അവര്‍ കൊതിച്ചിരുന്നു. ഇത്തവണ പക്ഷേ, ഈ കാഴ്ച പോലും ലോകം പ്രതീക്ഷിച്ചതല്ല. അതിനാലവര്‍ നാഥനോടും എല്ലാം സൗജന്യമായിരൊക്കിയ ഭരണകൂടത്തോടും നന്ദി അറിയിച്ചാണ് മക്കയോട് വിട പറഞ്ഞത്. ചരിത്രത്തിന്റെ ഭാഗമായി ഹജ്ജിനെത്തി മടങ്ങിയ ഇവരെ മറക്കാനാവാത്ത വിലയേറിയ സമ്മാനങ്ങളുമായാണ് സഊദി ഭരണകൂടം വീടുകളിലേക്ക് യാത്രയാക്കിയത്.
ഹര്‍ഷദും ഹസീബും
പന്ത്രണ്ടു വര്‍ഷമായി സഊദിയിലുള്ള ഹര്‍ഷദ് ഇപ്പോള്‍ റിയാദ് വിമാനത്താവളത്തില്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് ജോലി ചെയ്യുന്നത്. സമീദയാണ് ഭാര്യ. നഹാന്‍ ഹര്‍ഷദ്, റോഹ ഖദീജ എന്നിവര്‍ മക്കളാണ്. കുടുംബ സമേതം ഉണ്ടായിരുന്നുവെങ്കിലും ലീവിന് നാട്ടില്‍ പോയ കുടുംബം കൊവിഡ് കാരണം നാട്ടില്‍ കുടുങ്ങി.
അബ്ദുല്‍ ഹസീബിന് മറ്റൊരാള്‍ പിന്‍വലിഞ്ഞതിനെ തുടര്‍ന്നാണ് അവസാന നിമിഷം അനുമതി ലഭിച്ചത്. ഒരു സീറ്റ് ലഭ്യമാണെന്നും ഉണ്ടെങ്കില്‍ ഇപ്പോള്‍ അറിയിക്കണമെന്നുമുള്ള സന്ദേശമാണ് മന്ത്രാലയത്തില്‍ നിന്നെത്തിയത്. ഉടന്‍ തന്നെ തയ്യാറാണെന്ന് പറഞ്ഞു. അവസാന ഘട്ടത്തിലായതിനാല്‍ നേരെ മിനയിലേക്കാണ് എത്തിച്ചത്.
കഴിഞ്ഞ റമദാന്‍ സമയത്ത് കൊവിഡ് സ്ഥിരീകരിച്ച തനിക്ക് ഹജ്ജിന് അനുമതി ലഭിച്ചത് അദ്ഭുതമായാണ് തോന്നുന്നതെന്ന് ഹസീബ് പങ്കുവച്ചു. സുഹൃത്തുക്കള്‍ക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്കും പോസിറ്റീവായത്. പന്ത്രണ്ടു വര്‍ഷമായി ജിദ്ദയില്‍ ഒരു ഷിപ്പിങ് കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് ഹസീബ്. ഭാര്യ ഇശ്‌റത്ത് പര്‍വീനും ഐറ, ഐസിന്‍ എന്നീ രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."