'യു.എസ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും
വാഷിങ്ടണ്‍: കൊവിഡിനെ തുടര്‍ന്ന് യു.എസ് പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ യാത്രാ ഉപദേശം നല്‍കിയ രാജ്യങ്ങളില്‍ മിക്കതിലേക്കുമുള്ള വിലക്ക് യു.എസ് പിന്‍വലിച്ചു. എന്നാല്‍ ഇന്ത്യയും ചൈനയുമുള്‍പ്പെടെ 50 രാജ്യങ്ങള്‍ പട്ടികയില്‍ തുടരും. മറ്റു രാജ്യങ്ങളില്‍ കൊവിഡ് കാലത്തിനു മുമ്പത്തെ പോലെ യാത്രചെയ്യാം. കോണ്‍സുലര്‍ കാര്യ അസി. സെക്രട്ടറി കാള്‍ റിസ്ചാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 19നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദേശത്ത് കൊവിഡ് ശക്തമായ രാജ്യങ്ങളിലേക്ക് തീരെ യാത്ര ചെയ്യരുതെന്ന ലെവല്‍ 4 ട്രാവല്‍ അഡൈ്വസറി പൗരന്മാര്‍ക്കായി പുറത്തിറക്കിയത്. കൊവിഡ് വ്യാപനം ശക്തമായതിനാല്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് നിര്‍ദേശിക്കുന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവില്‍ ഇന്ത്യയില്‍ അക്രമവും ഭീകരതയും വര്‍ധിച്ചതായും പറയുന്നുണ്ട്. ഇതിനു പുറമെ യു.എസിലെ രോഗനിയന്ത്രണ കേന്ദ്രം (സി.ഡി.സി) ഒഴിച്ചുകൂടാനാവാത്തത് ഒഴികെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന ലെവല്‍ 3 ട്രാവല്‍ ഹെല്‍ത്ത് നോട്ടിസും ഇന്ത്യയുടെ കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാനത്താവളം അടച്ചിട്ടത്, അതിര്‍ത്തികള്‍ അടച്ചത്, യാത്രാ നിരോധനം, വീട്ടില്‍ തന്നെ കഴിയാനുള്ള ഉത്തരവ്, കടകമ്പോളങ്ങള്‍ അടച്ചിട്ട അവസ്ഥ എന്നിവ ഇന്ത്യയില്‍ നേരിടേണ്ടിവരുമെന്ന് നോട്ടിസില്‍ പറയുന്നു. അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള 50 രാജ്യങ്ങളിലേക്കൊഴികെ പോകുന്നവര്‍ക്ക് ലെവല്‍ 3 നോട്ടിസും ബാധകമല്ല.
ഇന്ത്യ, ചൈന എന്നിവയ്ക്കു പുറമെ ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, സിറിയ, സഊദി, റഷ്യ, മെക്‌സിക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും ലെവല്‍ 4 യാത്രാ നിര്‍ദേശം ബാധകമാണ്. എന്നാല്‍ മിക്ക രാജ്യങ്ങളിലേക്കും യു.എസ് പൗരന്മാര്‍ക്ക് പോകാന്‍ ഭരണകൂടം അനുമതി നല്‍കിയെങ്കിലും യു.എസില്‍ കൊവിഡ് വ്യാപനം ശക്തമായതിനാല്‍ അമേരിക്കന്‍ യാത്രികര്‍ക്ക് പല രാജ്യങ്ങളിലും യാത്രാ നിയന്ത്രണമുണ്ട്. യൂറോപ്യന്‍ യൂനിയന്‍ യു.എസില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. ബ്രിട്ടന്‍ യു.എസില്‍ നിന്നു വരുന്നവര്‍ 14 ദിവസം ക്വാരന്റൈനില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍ ഹോകിന്‍സ് കൊവിഡ് റിസോഴ്‌സ് സെന്റര്‍ കണക്കു പ്രകാരം ലോകത്ത് 1.9 കോടി പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 7,13,000 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും യു.എസിലാണ്. അവിടെ 48 ലക്ഷം പേരെ രോഗം ബാധിച്ചിട്ടുണ്ട്. 1,60,000 പേര്‍ മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."