യമനിലെ യു.എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കുന്ന ബില്ല് ട്രംപ് വീറ്റോ ചെയ്തു
വാഷിങ്ടണ്‍: യമനില്‍ സഊദി സഖ്യത്തിന് അമേരിക്ക സൈനികസഹായം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്ല് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തു. പ്രസിഡന്റിനോടു വിയോജിച്ച് വിദേശത്തെ സംഘര്‍ഷത്തില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കുന്നതിന് അനുകൂലമായി കോണ്‍ഗ്രസ് വോട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
ഈ തീരുമാനം അനാവശ്യവും തന്റെ ഭരണഘടനാപരമായ അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള അപകടകരമായ നീക്കവുമാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരുടെ ജീവന് അപകടമുണ്ടാക്കുന്നതാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. യമനില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കാനുള്ള തീരുമാനത്തിന് ഈ മാസമാദ്യം 175നെതിരേ 247 വോട്ടിനാണ് ജനപ്രതിനിധിസഭ അംഗീകാരം നല്‍കിയത്. 46നെതിരേ 54 വോട്ടിന് യു.എസ് സെനറ്റും ഇതിനെ അനുകൂലിച്ചു. അതേസമയം, പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കാന്‍ കോണ്‍ഗ്രസിലെ ചില ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ തന്നെ ശ്രമിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ഭരണകൂടം ആദ്യം തന്നെ യു.എസ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങാതെ ലോകത്തിന്റെ പല ഭാഗത്തും അവസാനമില്ലാത്ത യുദ്ധങ്ങളില്‍ സേനയെ പങ്കെടുപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ വീറ്റോയെ മറികടക്കാന്‍ കോണ്‍ഗ്രസിനു കഴിയുമോ എന്നു പറയാറായിട്ടില്ല.
യമനിലെ ഹൂതി വിമതരെ ലക്ഷ്യംവച്ച് അമേരിക്കന്‍ പിന്തുണയോടെ സഊദി-യു.എ.ഇ സഖ്യം ഇതുവരെ 19,000 വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
60,000ത്തിലേറെ സാധാരണക്കാര്‍ ഇതില്‍ കൊല്ലപ്പെടുകയും ചെയ്തതായി സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നു. പട്ടിണിമൂലം യമനില്‍ 85,000ത്തോളം കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
മധ്യേഷ്യയില്‍ മുഖ്യ ശത്രുവായ ഇറാനെ ഒറ്റപ്പെടുത്തുന്നതിന് സഊദിയെയും യു.എ.ഇയെയും പിന്തുണക്കുന്ന നയമാണ് ട്രംപ് ഭരണകൂടം തുടര്‍ന്നുവരുന്നത്. യു.എസ് സേന പിന്മാറുന്നതിനുള്ള ബില്ല് വീറ്റോ ചെയ്ത ട്രംപിന്റെ തീരുമാനത്തെ യു.എ.ഇ സ്വാഗതം ചെയ്തു.
യമനിലെ ഹൂതി വിമതരെ ആക്രമിക്കാന്‍ കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക നല്‍കിവരുന്നത്. '
സഊദിയുടെ വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയതിനെ ട്രംപ് അപലപിക്കാതിരുന്നത് യു.എസ് കോണ്‍ഗ്രസിലെ നിരവധി അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."