മുനമ്പത്ത് അപകട ഭീഷണിയില്‍ ജലയാത്ര
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം ഫെറിയില്‍ അപകട ഭീഷണിയില്‍ ജലയാത്ര. വെള്ളിയാഴ്ച്ച സാങ്കേതിക തകരാറിനെ തുടര്‍ന്ന് സര്‍വിസ് തടസപ്പെട്ട യാത്രാബോട്ടിലെ സവാരി അപകടകരമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അഴീക്കോട് മുനമ്പം ഫെറിയില്‍ അറ്റകുറ്റപ്പണിക്കായി ജങ്കാര്‍ സര്‍വിസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ആരംഭിച്ച താല്‍ക്കാലിക ബോട്ട് സര്‍വിസാണ് ദുരന്ത ഭീഷണിയുയര്‍ത്തുന്നത്.
കാലപ്പഴക്കംകൊണ്ട് ദ്രവിച്ച ബോട്ട് ഒരു ചെറുവള്ളം വന്നിടിച്ചാല്‍ പോലും തകരാവുന്ന അവസ്ഥയിലുള്ളതാണ്. അമ്പതോളം യാത്രക്കാരുമായി കടല്‍ വായിലൂടെ ആഴമുള്ള ജലപാത താണ്ടി ഇരുകരകളിലേക്കും യാത്ര ചെയ്യുന്ന ബോട്ട് ഒട്ടും തന്നെ സുരക്ഷിതമല്ലെന്ന് യാത്രക്കാര്‍ തന്നെ സാഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം പ്രൊപ്പല്ലറില്‍ മത്സ്യബന്ധന വല കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന്‍ തകരാറിലായ ബോട്ട് അറ്റകുറ്റപ്പണിക്കായി യാര്‍ഡില്‍ കയറ്റിയിരിക്കുകയാണ്. യാത്രക്കിടയില്‍ ബോട്ടില്‍ വെള്ളം കയറിയെന്നും പരാതിയുണ്ട്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ബോട്ട് സര്‍വ്വീസ് നടത്തുന്നത് ഗുരുതരമായ വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ക്കായി ജങ്കാര്‍ കൊണ്ടുപോയതിനെ തുടര്‍ന്ന് ഇരുപത്തിയഞ്ച് ദിവസം നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ് അഴീക്കോട് മുനമ്പം ഫെറിയില്‍ താത്ക്കാലിക ബോട്ട് സര്‍വിസ് ആരംഭിച്ചത്.
എന്നാല്‍ സര്‍വിസ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ അത് തടസ്സപ്പെടുകയും സുരക്ഷയെകുറിച്ച് പരാതി ഉയരുകയും ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."