സഊദിയിൽ സന്ദർശക വിസയിലെത്തിയ മുൻ കേരള സർക്കാർ അണ്ടർ സെക്രട്ടറി കേശവൻ നറുക്കര ദമാമിൽ നിര്യാതനായി
ദമാം: കേരള സർക്കാർ അണ്ടർ സെക്രട്ടറിയായി വിരമിച്ച നിലമ്പുർ നറുക്കര സ്വദേശി കേശവൻ (73) ദമാമിൽ മരണപ്പെട്ടു. കൊവിഡ് വൈറസ് ബാധയേറ്റാണ് മരണം. കിഴക്കൻ സഊദിയിലെ മകൻ ശ്രീജിത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഭാര്യ ജയശ്രീക്കൊപ്പം മാസങ്ങൾക്ക് മുമ്പ് എത്തിയ കേശവനെ രണ്ട് ദിവസം മുമ്പാണ് കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെ വിവിധ മന്ത്രിമാരുടെ അഡീഷണൽ സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിലമ്പുർ സ്വദേശിയാണങ്കിലും ദീർഘകാലമായി തിരുവനന്തപുരം വഴുതക്കാട് ഈശ്വരവിലാസം റോഡിലായിരുന്നു താമസം. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കഴിവ് ബോധ്യപെട്ട് അഡീഷണൽ സെക്രട്ടറിയായി ഉയർത്തുകയായിരുന്നു. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുത വകുപ്പ് മന്ത്രിയായപ്പോഴും, എം.എം. ഹസൻ നോർക്ക വകുപ്പ് മന്ത്രിയായപ്പോഴും കേശവൻ കൂടെ ഉണ്ടായിരുന്നു.
ദമാമിൽ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മറ്റൊരു മകൻ ശ്രീകേഷ് അമേരിക്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."