യാത്രക്കാരുടെ പേടിസ്വപ്നമായി പാലച്ചിറമാട്
കോട്ടക്കല്‍: പാലച്ചിറമാട് വീണ്ടും യാത്രക്കാര്‍ക്ക് പേടി സ്വപ്നമാകുന്നു. വളവും കുത്തനെയുള്ള ഇറക്കവും നിരവധി പേരുടെ ജീവനുകള്‍ നഷ്ടപ്പെടുത്തിയ പാലച്ചിറമാട് ജില്ലയിലെ ഏറ്റവും വലിയ അപകടമേഖലകളിലൊന്നായി മാറുകയാണ്. ഓരോ അപകടങ്ങളും നടന്നതിനു ശേഷം അധികൃതര്‍ പല നടപടികളും പ്രഖ്യാപിക്കുമെന്നല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. റോഡിന്റെ മിനുസം കാരണം മഴ പെയ്താല്‍ അപകടകള്‍ങ്ങള്‍ വര്‍ധിക്കുന്നു. സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
അപകടങ്ങള്‍ കുറക്കാന്‍ നിര്‍മിച്ച ഹംപുകളാണ് ഇപ്പോഴത്തെ അപകടങ്ങല്‍ക്കുള്ള പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്. മുകള്‍ ഭാഗത്തുള്ള ഹംപുകള്‍ കാണാന്‍ ഒരടയാളവും ഇല്ല. തൊട്ടടുത്ത് എത്തിയാല്‍ മാത്രമേ ഇവ ശ്രദ്ധയില്‍പ്പെടൂ.
ഹംപുകള്‍ ശ്രദ്ധയില്‍പ്പെടുന്നതോടെ ബ്രേയ്ക്ക് ചെയ്യുകയും നിയന്ത്രണം നഷ്ടപ്പെട്ടു വളവോട്ടു കൂടിയുള്ള ഇറക്കത്തില്‍ തലകീഴായി മറിഞ്ഞുമാണ് അപകടങ്ങള്‍ നടക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
2017ല്‍ ഇന്നോവ കാറിന് മുകളിലേക്ക് ട്രയിലര്‍ മറിഞ്ഞ് സഹോദരങ്ങളടക്കം നാലുപേര്‍ മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശികളായ ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അന്ന് ജില്ലാ പൊലിസ് മേധാവിയായിരുന്ന കെ. വിജയന്‍, ആര്‍.ടി.ഒ അജിത് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒന്നും നടന്നില്ല.
പ്രദേശത്ത് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പൊലിസ് മേധാവിയുടെ പ്രഖ്യാപനവും പാഴ് വാക്കായി.
എടരിക്കോട് മുതല്‍ മേലെ കോഴിച്ചെന വരെയുള്ള ഭാഗമാണ് യാത്രക്കാരുടെ പേടിസ്വപ്നമാകുന്നത്. നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ചുക്ക് കാപ്പിയും ബിസ്‌ക്കറ്റും നല്‍കി ബോധവല്‍ക്കരണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."